
മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത് എയര്‍ ഷോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ മാനത്ത് വര്‍ണവിസ്മയം തീര്‍ത്ത എയര്‍ ഷോ ഫിഫ ലോകകപ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന ഖത്തറിലെ ജനങ്ങള്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി. ഖത്തര്‍, യുകെ, സൗദി ജെറ്റ് വിമാനങ്ങളാണ് ദോഹ ആകാശത്ത് ഗംഭീരമായ പ്രദര്‍ശനം നടത്തി ഖത്തര്‍ കോര്‍ണിഷില്‍ തടിച്ചുകൂടിയ ജനങ്ങളെ വിസ്മയിപ്പിച്ചത്.
2022 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സംയുക്ത എയര്‍ ഷോയില്‍ ഖത്തര്‍, യുകെ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എയര്‍ഫോഴ്സ് ജെറ്റുകള്‍ ദോഹ കോര്‍ണിഷിനു മുകളിലൂടെ ആകര്‍ഷകമായ രൂപങ്ങളോടെ കുതിച്ചപ്പോള്‍ അതിശയകരമായ പുക പാതകള്‍ ഖത്തര്‍ നിവാസികളെ ആവേശത്തിലാക്കി.
ദോഹ കോര്‍ണിഷിലും വെസ്റ്റ് ബേ ഏരിയകളിലും നടന്ന എയര്‍ ഷോയില്‍ ഖത്തരി അമീരി എയര്‍ഫോഴ്സും അല്‍-സഈം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍-അത്തിയ എയര്‍ കോളേജും റോയല്‍ സൗദി എയര്‍ഫോഴ്സും ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സും ചേര്‍ന്നാണ് മനോഹരമായ കാഴ്ചയൊരുക്കിയത്.
ഖത്തര്‍ അമീരി എയര്‍ഫോഴ്സ് ടൈഫൂണ്‍സ് (തരിയാട്ട്), അല്‍-സയിം മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍-അത്തിയ എയര്‍ കോളേജിന്റെ പിസി 21 വിമാനങ്ങള്‍ ഹോക്ക് എയര്‍ക്രാഫ്റ്റ്, റോയല്‍ സൗദി എയര്‍ഫോഴ്സിന്റെ ഫാല്‍ക്കണുകള്‍, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ (ജോയിന്റ് സ്‌ക്വാഡ്രണ്‍ നമ്പര്‍ 12) ടൈഫൂണുകള്‍, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ ഹോക്ക് എയര്‍ക്രാഫ്റ്റ് (റെഡ് ആരോസ്) എന്നിവയാണ് മാനത്ത് മാന്ത്രിക പ്രകടനങ്ങള്‍ കാഴ്ചവെച്ചത്.
ഖത്തറും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ ആഘോഷത്തോടനുബന്ധിച്ചാണ് സംയുക്ത എയര്‍ ഷോ നടത്തിയത്. സൗദി ഫാല്‍ക്കണ്‍സ് ടീമിന്റെ പങ്കാളിത്തം ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും ആഴം പ്രതിഫലിപ്പിക്കുന്നു.