Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

ഹിബ ഷംന, പ്രവാസ ലോകത്തെ സംഗീത നൃത്ത പ്രതിഭ

ഡോ. അമാനുല്ല വടക്കങ്ങര

ഖത്തറിലെ ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ പത്താം തരം വിദ്യാര്‍ഥിനി ഹിബ ഷംന, പ്രവാസ ലോകത്ത് ശ്രദ്ധേയയായ സംഗീത നൃത്ത പ്രതിഭയാണ്. ഗള്‍ഫ് മേഖലാടിസ്ഥാനത്തില്‍ നടന്ന പല മല്‍സരങ്ങളിലും മാറ്റുരച്ച ഹിബ കീ ഫ്രെയിംസ് ഇന്റര്‍നാഷണല്‍ നടത്തിയ ഓണ്‍ ലൈന്‍ റിയാലിറ്റി ഷോയില്‍ ഖത്തറില്‍ നിന്നും വിജയിച്ച് ദുബൈയില്‍ നടന്ന ഫൈനല്‍ റൗണ്ടില്‍ പങ്കെടുത്തതോടെ ജി.സിസി തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ പാട്ടിലും നൃത്തത്തിലും മികവ് തെളിയിച്ച ഹിബ ഖത്തറിലെ ചെറുതും വലുതുമായ നിരവധി വേദികളില്‍ പാടിയും ആടിയും പ്രൊഫഷണല്‍ തികവുള്ള കലാപ്രതിഭയായി മാറി. ഓരോ അവസരങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തിയാണ് ഹിബ തന്റെ ജൈത്രയാത്ര തുടരുന്നത്. സംഗീതവും നൃത്തവും ദൈവം തനിക്ക് കനിഞ്ഞരുളിയ സിദ്ധികളാണെന്നും അവ സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തമെന്നുമാണ് ഈ കൊച്ചുകലാകാരി ആഗ്രഹിക്കുന്നത്. സംഗീത മാധുര്യംകൊണ്ടും നൃത്ത വിസ്മയം കൊണ്ടും സഹൃദയരുടെ മനം കവര്‍ന്നാണ് ഈ പ്രതിഭ വേദികളില്‍ നിന്നും വേദികളിലേക്ക് പാറി നടക്കുന്നത്. കോവിഡ് പ്രതിസന്ധി വേദികളും പരിപാടികളും പരിമിതപ്പെടുത്തിയപ്പോള്‍ ഓണ്‍ ലൈന്‍ പരിപാടികളും റേഡിയോ പരിപാടികളും ആല്‍ബങ്ങളുമൊക്കെയായി ഹിബ തിരക്കിലായിരുന്നു. ഖത്തറിലെ പ്രമുഖ മലയാളം എഫ്.എം. സ്റ്റേഷനുകളായ റേഡിയോ മലയാളത്തിലും റേഡിയോ സുനോയിലും ഹിബ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

ചാവക്കാട് സ്വദേശികളായ സി.എം. ബദ്റുദ്ധീന്‍, റംഷീദ ദമ്പതികളുടെ സീമന്ത പുത്രിയാണ് ഹിബ. ഖത്തറിലെ അറിയപ്പെടുന്ന കലാകാരനും സംഗീതാസ്വാദകനുമാണ് ബദറുദ്ധീന്‍. ഷജീര്‍ പപ്പയുടെ അലാറം എന്ന ഷോര്‍ട്ട് ഫിലിമില്‍ മികച്ച വേഷം ചെയ്ത ബദ്റുദ്ദീന്‍ വിവിധ ഹ്രസ്വ ചിത്രങ്ങളിലും ക്യൂ മലയാളത്തിന്റെ പരിപാടികളിലുമൊക്കെ സജീവമായ കലാകാരനാണ്. അതുകൊണ്ട് തന്നെ ഹിബയുടെ മുഖ്യ പ്രചോദകനും വഴി കാട്ടിയും ബദറുദ്ധീന്‍ തന്നെയായിരുന്നു. ദോഹയില്‍ ബട്ടര്‍ഫ്ളൈസ് എന്ന ഒപ്പന ട്രൂപ്പ് നടത്തുന്ന ഹിബയുടെ മാതാവ് റംഷിദയും ഹിബയെ ഏറെ പ്രോല്‍സാഹിപ്പിച്ചു.

5 വയസ്സിലേ കലാഭവന്‍ ഖത്തറില്‍ ഡാന്‍സ് പഠിക്കാന്‍ തുടങ്ങി. വീട്ടിലെ ആദ്യത്തെക്കുട്ടിയെന്ന നിലക്കുള്ള എല്ലാ സ്‌നേഹവായ്പുകളും ഓമനത്തവും ഹിബയുടെ കഴിവുകള്‍ കൂടുതല്‍ തിരിച്ചറിയുവാനും ശ്രദ്ധിക്കാനും അവസരമൊരുക്കി. രണ്ടാം ക്ളാസില്‍ പഠിക്കുമ്പോള്‍ മദ്രസ ഫെസ്റ്റില്‍ മാപ്പിളപ്പാട്ടില്‍ സമ്മാനം കിട്ടിയതാണ് പാടാന്‍ കഴിവുണ്ടെന്ന കാര്യം ബോധ്യപ്പെടുത്തിയത്. അഭിലാഷ് കലാഭവനില്‍ നിന്നാണ് ഇപ്പോഴും പാട്ടു പഠിച്ചുകൊണ്ടിരിക്കുന്നത്.

ഏഴ് വയസ്സിലേ പാടാനും വരക്കാനും തുടങ്ങിയതോടെ വീട്ടിലെ ഒരു സകല കലാ വല്ലഭയായി ഹിബ മാറുകയായിരുന്നു. കര്‍ണാടിക് മ്യൂസിക്കും പഠിക്കാന്‍ സമയം കണ്ടെത്തിയാണ് ഹിബ സംഗീത രംഗത്ത് കൂടുതല്‍ സജീവമായത്.

സ്‌ക്കൂളിലെ വിവിധ വേദികള്‍ക്ക് പുറമേ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍, സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍, ക്യൂ മലയാളം, ഐ.സി.ആര്‍.സി ആര്‍ട് വിംഗ, മാപ്പിള കലാ അക്കാദമി എന്നിവിടങ്ങളിലൊക്കെ ഹിബ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. ഒപ്പന, മാപ്പിളപ്പാട്ട്, ലളിതഗാനം, ക്ളാസിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ ഇനങ്ങളിലൊക്കെ മികവ് തെളിയിച്ച ഹിബ നിരവധി ആല്‍ബങ്ങളിലും ഇതിനകം പാടിയിട്ടുണ്ട്. 2018 ല്‍ ഗുരുവായൂരില്‍ വെച്ചാണ് ഹിബ് ക്ളാസിക്കല്‍ നൃത്തത്തിന്റെ അരങ്ങേറ്റം കുറിച്ചത്.

പ്രശസ്ത മാപ്പിളപ്പാട്ടു ഗായകരായ സലീം കോടത്തൂര്‍, ഷാഫി കൊല്ലം, എം.എ. ഗഫൂര്‍, ആബിദ് കണ്ണൂര്‍, റേഡിയോ അവതാരകനായ റെജി മണ്ണേല്‍, സംഗീത സംവിധായകന്‍ അന്‍ഷാദ് തൃശൂര്‍ തുടങ്ങിവരോടൊപ്പമൊക്കെ പാടിയ ഹിബ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. വി.വി. ഹംസയോടൊപ്പം അഹ്‌ലന്‍ റമദാന്‍, ശവ്വാല്‍ നിലാവ് എന്നീ ആല്‍ബങ്ങളില്‍ പാടിയിരുന്നു.


ഖത്തറിലെ ശ്രദ്ധേയനായ സംഗീത സംവിധാകനും ഗായകനുമായ അന്‍ഷാദ് തൃശൂരിന്റെ കൈഫ് ഹാലക് എന്നതായിരുന്നു ഹിബയുടെ ആദ്യ ആല്‍ബം. പിന്നീടങ്ങോട്ട് ഓണപ്പാട്ട് ( ശ്രാവണസംഗീതം), ക്രിസ്തുമസ് ഗാനം തുടങ്ങി വ്യത്യസ്തമായ നിരവധി ആല്‍ബങ്ങളില്‍ പാടി. മാപ്പിള കലാ അക്കാദമിയുടെ അമരക്കാന്‍ മുഹ്സിന്‍ തളിക്കുളത്തിന്റെ സംവിധാനത്തില്‍ ഖത്തറിലെ 10 ഗായകര്‍ ചേര്‍ന്ന് പാടിയ മര്‍ഹബ മാവേലി എന്ന ആല്‍ബത്തിന്റെ രണ്ടു ഭാഗങ്ങളിലും പാടാന്‍ ഹിബക്ക് അവസരം ലഭിച്ചു.

ഗസല്‍ രംഗത്തും കഴിവ് പരീക്ഷിച്ച ഹിബ ക്യൂമലയാളം പരിപാടിയില്‍ സ്വന്തമായി ഗസല്‍ സന്ധ്യയൊരുക്കി സഹൃദയരെ വിസ്മയിപ്പിച്ചു.

ഹിബയുടെ കൊച്ചനുജന്‍ ആറാം തരം വിദ്യാര്‍ഥിയായ ഹിഷാം മുഹമ്മദ് ഫോട്ടോഗ്രാഫിയില്‍ കഴിവ് തെളിയിക്കാനുളള പരിശ്രമങ്ങളിലാണ് .

Related Articles

Check Also
Close
Back to top button