ഖത്തറില്‍ ഫിഫ ലോകകപ്പ് ടിക്കറ്റുകള്‍ അനധികൃതമായി പുനര്‍വില്‍പ്പന നടത്തിയതിന് മൂന്ന് പേര്‍ അറസ്റ്റില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള ടിക്കറ്റുകള്‍ അനൗദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ പുനര്‍വില്‍പ്പന നടത്തിയതിന് വിവിധ രാജ്യക്കാരായ മൂന്ന് പേരെ ഖത്തര്‍ അധികൃതര്‍ പിടികൂടി. ഫിഫയും ആതിഥേയ രാജ്യവും അംഗീകരിച്ചിട്ടുള്ള നിര്‍ദ്ദിഷ്ട ഔട്ട്ലെറ്റുകള്‍ വഴി മാത്രമേ ലോകകപ്പ് ടിക്കറ്റുകളുടെ വില്‍പ്പനയും പുനര്‍വില്‍പ്പനയും പാടുള്ളൂവെന്നാണ് നിയമം.
ഇത് 2021 ലെ നിയമ നമ്പര്‍ (10) ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ (19) ന്റെ ലംഘനമാണ്. നിയമമനുസരിച്ച് ടിക്കറ്റുകള്‍ നല്‍കാനും വിതരണം ചെയ്യാനും വില്‍ക്കാനും ഫിഫയ്ക്ക് ഏകവും പ്രത്യേകവുമായ അവകാശമുണ്ടെന്നും അത് മറ്റുള്ളവര്‍ ഇഷ്യൂ ചെയ്യാനും വില്‍ക്കാനും അനുവദനീയമല്ലെന്നും പ്രസ്താവിക്കുന്നു. ഫിഫയില്‍ നിന്നോ അതിന്റെ അംഗീകൃത പ്രതിനിധിയില്‍ നിന്നോ ലൈസന്‍സ് ഇല്ലാതെ ടിക്കറ്റുകള്‍ വീണ്ടും വില്‍ക്കുക, പുനര്‍വിതരണം ചെയ്യുക അല്ലെങ്കില്‍ കൈമാറ്റം ചെയ്യുക എന്നിവ ഗുരുതരമായ കുറ്റമാണ് .
അതേ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (38) / ഖണ്ഡിക (2) ല്‍ നല്‍കിയിരിക്കുന്ന പിഴകള്‍ ഒഴിവാക്കുന്നതിന്, ടിക്കറ്റുകള്‍ പുനര്‍വില്‍പ്പന പ്രക്രിയ നിയന്ത്രിക്കുന്ന ഫിഫ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഈ നിയമത്തിലെ ആര്‍ട്ടിക്കിള്‍ (19) / രണ്ടാം ഖണ്ഡികയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ആര്‍ക്കും രണ്ടര ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടപ്പിലാക്കുന്നതിന് നിയമലംഘകരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് റഫര്‍ ചെയ്തിട്ടുണ്ട്.