Uncategorized

ഹയ്യാകും ഫീ ഖത്തര്‍’; യൂത്ത് ഫോറം വെല്‍കം പരേഡ് ശ്രദ്ധേയമായി

റഷാദ് മുബാറക്

ദോഹ: ഒരേ നിറങ്ങളാല്‍ ഫാന്‍സുകാരുടെ ആവേശങ്ങള്‍ക്ക് സാക്ഷിയാവുന്ന ലുസൈല്‍ ബൊളിവാഡിന്റെ തെരുവ് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചത് തികച്ചും വ്യത്യസ്തമായ ആഘോഷത്തിനായിരുന്നു.
ലോകമെങ്ങും ലോകകപ്പ് ആവേശവുമായി ഖത്തറിലേക്കെത്തുമ്പോള്‍ ലോകകപ്പിന് സ്വാഗതം പറഞ്ഞും ആതിഥേയരായ ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിച്ച പരേഡാണ് ബോളിവാഡില്‍ സ്ഥിരമായി നടക്കുന്ന ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശ്രദ്ധപിടിച്ചു പറ്റിയത്.

സംഘാടനത്തിലും ഉള്ളടക്കത്തിലും വ്യതിരിക്തത പുലര്‍ത്തിയ ആഘോഷത്തില്‍, കാല്‍പന്തുകളിയുടെ വിശ്വമേളയില്‍ പങ്കെടുക്കുന്ന മുപ്പത്തിരണ്ട് രാജ്യങ്ങളുടെയും ഫാന്‍സ് ടീമുകള്‍ അണിനിരന്നു. ടീമുകളുടെ പതാകകളും ചിഹ്നങ്ങളും ജേഴ്‌സികളുമണിഞ്ഞാണ് ലുസൈല്‍ ബോളിവാഡിനെ ആവേശം കൊള്ളിച്ചുകൊണ്ട് യൂത്ത് ഫോറം ‘ഹയ്യാകും ഫീ ഖത്തര്‍’ അഥവാ ‘ഖത്തറിലേക്ക് സ്വാഗതം’ എന്ന പേരില്‍ വെല്‍കം പരേഡ് നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് പേരാണ് ലുസൈല്‍ ബോളിവാഡിലേക്ക് പരേഡില്‍ പങ്കെടുക്കാനായി ഒഴുകിയെത്തിയത്. കൊച്ചു കുട്ടികളുടെ ദഫ്മുട്ട്, അറബിക് നൃത്തം, ഫ്‌ലാഷ്‌മോബ് തുടങ്ങിയവയോടൊപ്പം കോല്‍ക്കളി, ബാന്റ് മേളം, ശിങ്കാരിമേളം തുടങ്ങിയവയും ഇഷ്ടതാരങ്ങളുടെ കട്ടൗട്ടുകളും പരേഡിനെ വര്‍ണാഭമാക്കി.

ഇഷ്ട ടീമുകള്‍ക്ക് വേണ്ടി നടക്കുന്ന ഫാന്‍സ് ഫെസ്റ്റുകള്‍ക്കപ്പുറം ലോകകപ്പിന് വേദിയൊരുക്കുന്ന ഖത്തറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും മുഴുവന്‍ ടീമുകള്‍ക്കും ഫുട്ബാള്‍ പ്രേമികള്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്യുക എന്നതാണ് വെല്‍കംപരേഡ് കൊണ്ട് ലക്ഷ്യമിട്ടതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ പറഞ്ഞു. യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്തഫ, ജനറല്‍ സെക്രട്ടറി അബ്സല്‍, വൈസ് പ്രസിഡന്റുമാരായ അസ്ലം ഈരാറ്റുപേട്ട, എം.ഐ അസ്ലം തൗഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!