കളിക്കിടയിലും കാര്യം കൈവിടാതെ കയ്യടി നേടി ഖത്തര്‍ ,ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ.കളിക്കിടയിലും കാര്യം കൈവിടാതെ കയ്യടി നേടി ഖത്തര്‍ ,ഫിഫ 2022 ലോകകപ്പ് ഉദ്ഘാടന ചടങ്ങ് ഏറ്റെടുത്ത് സാമൂഹ്യ മാധ്യമങ്ങള്‍കാല്‍പന്തുകളിലോകത്തെ ഏറ്റവും വലിയ മഹാമേളയായ ലോകകപ്പ് വേദിയെ സന്ദേശപ്രധാനമാക്കിയാണ് ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് 24 മമണിക്കൂര്‍ പിന്നീടുമ്പോഴും ചൂടുള്ള ചര്‍ച്ചാവിഷയമാക്കുന്നത്.
അറബ് ഇസ് ലാമിക സംസ്‌കാരത്തെയും ആ സംസ്‌കാരം നിലനിര്‍ത്തുന്ന ഒരു നാടിനെയും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുക എന്നൊരു വെല്ലുവിളി ക്രിയാത്മകമായി ഏറ്റെടുത്താണ് വംശ വര്‍ഗ വെറിയുടെ കെട്ടകാലത്തെ വിമര്‍ശനങ്ങള്‍ക്ക് ഖത്തര്‍ മറുപടി പറഞ്ഞത്.
ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്നതിനുള്ള നറുക്ക് വീണതുമുതല്‍ ഇതുവരെയും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശന ശരങ്ങളെറിഞ്ഞ മാധ്യമങ്ങള്‍ക്കും രാജ്യങ്ങള്‍ക്കുമൊക്കെ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വിശാലമായ വിതാനത്തിലിരുന്നാണ് നിലപാടുകളുള്ള ഖത്തര്‍ മറുപടി നല്‍കിയത്. ജനനം ആരെയും മഹത്വവല്‍ക്കരിക്കുന്നില്ലെന്നും കര്‍മങ്ങളും നയനിലപാടുകളുമാണ് പ്രധാനമെന്നും ഓര്‍മപ്പെടുത്തിയ ഖുര്‍ആനിക വചനവും സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും വികാരങ്ങളാണ് നാം ജീവിക്കുന്ന ലോകത്തിനാവശ്യമെന്നും ഏറെ വശ്യ സുന്ദരമായാണ് ഉദ്ഘാടന ചടങ്ങ് അടയാളപ്പെടുത്തിയത്.
കപ്പ് ആരെടുത്താലും ഖല്‍ബെടുത്തത് ഖത്തറാണ്. വെറുപ്പും വിദ്വേഷവും അസഹിഷ്ണുതയും ആളിപ്പടരുന്ന ലോകത്തിനുമുന്നില്‍ ഇത്രമേല്‍ ഭംഗിയായി സൗഹൃദസന്ദേശം നല്‍കുക എന്ന പുണ്യമാണ് ഖത്തര്‍ നിര്‍വഹിച്ചത്.
ഖത്തറിന്റെയും അറബികളുടെയും ഇസ് ലാമിന്റെയും സാംസ്‌കാരിക തനിമയും ചരിത്രവും വിളിച്ചോതിയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. ഹോളിവുഡ് ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമാനും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും തമ്മിലുള്ള ഹൃദ്യമായ സംഭാഷണം ലോകവും സമൂഹമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു.
പൊലിമയും നിറവൈവിധ്യങ്ങളും അറബ് സാംസ്‌കാരികതയും നിറഞ്ഞുനിന്ന കലാവിരുന്നിനിടെയാണ് മോര്‍ഗന്‍ ഫ്രീമാന് വേദിയിലേക്ക് വന്നത്. എതിര്‍ ഭാഗത്തൂടെ ഫിഫ ഗുഡ്വില്‍ അംബാസഡറും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത യുവാവുമായ ഗാനിം അല്‍ മുഫ്തയും. വിവേചന ബുദ്ധിയാലും വെറുപ്പിനാലും ലോകമാകെ പടര്‍ന്ന കറുത്ത നിഴല്‍ മായ്ക്കാന്‍ എന്താണൊരു വഴിയെന്ന് ഫ്രീമാന്‍. ഉടന്‍ ഗാനിം ഖുര്‍ആനിലെ ചില ശകലങ്ങള്‍ പാരായണം ചെയ്തു. തീര്‍ച്ചയായും മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്പരം അറിയാനും പഠിക്കാനും അതുവഴി ഒന്നാകാനുമാണെന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒറ്റക്കൂരയാണിതെന്ന് അല്‍ മുഫ്ത അല്‍ ബൈത്തിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അതെ ഖത്തര്‍ മാതൃകയാവുകയാണ്. സംഘാടന മികവിലും ലോകോത്തര സൗകര്യങ്ങളിലുമെന്ന പോലെ നിലപാടുകളില്‍ മായം ചേര്‍ക്കാതെ ഐക്യത്തിന്റേയും സൗഹൃദത്തിന്റേയും വാടാമലരുകള്‍ വിരിയിച്ചുകൊണ്ട്. സ്‌നേഹ സൗഹൃദങ്ങള്‍ പരിമളം പരത്തുന്ന ഊഷ്മളമായൊരു ലോകമാണ് നമുക്കാവശ്യമെന്ന് എല്ലാവരേയും ഓര്‍മപ്പെടുത്തികൊണ്ടാണ് ലോകകാല്‍പന്തുമേളയുടെ ഉദ്ഘാടന വേദി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുക.