ലോകകപ്പ് സന്ദര്‍ശകരെ അഭിവാദ്യം ചെയ്യുന്നതിനായി മൂന്ന് കൂറ്റന്‍ പൂച്ചെണ്ടുകളുമായി അല്‍ വക്ര മുനിസിപ്പാലിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന് രാജ്യത്തെത്തുന്ന സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നതിനായി അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ സേവനകാര്യ വകുപ്പ് പ്രകൃതിദത്ത പുഷ്പങ്ങള്‍കൊണ്ടുള്ള മൂന്ന് കൂറ്റന്‍ പൂച്ചെണ്ടുകള്‍ തയ്യാറാക്കി. ഫുട്‌ബോള്‍ ആരാധകരെ സ്വാഗതം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായതാണ് പൂച്ചെണ്ടുകളെന്നും അവയുടെ സൗന്ദര്യവും സൗരഭ്യവും ആതിഥ്യത്തിന് മാറ്റുകൂട്ടുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. കള്‍ച്ചറല്‍ വില്ലേജ് കത്താറ, അല്‍ ജനൂബ് സ്റ്റേഡിയം, അല്‍ വക്ര ഓള്‍ഡ് സൂഖ് എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളിലായാണ് പൂച്ചെണ്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏകദേശം 2,900 മണിക്കൂര്‍ സമയമാണ് ചിലവഴിച്ചത്. പൊയിന്‍സെറ്റിയ, കലഞ്ചോ പുഷ്പ ചെടികള്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച പൂച്ചെണ്ടുകള്‍ക്ക് ആറ് മീറ്റര്‍ ഉയരവും ആറ് മീറ്റര്‍ വ്യാസവുമുണ്ട്.
ഖത്തറിലെ എല്ലാ അതിഥികള്‍ക്കും സ്വാഗത സന്ദേശമായി വര്‍ത്തിക്കുന്നതിനായി അല്‍-വക്ര മുനിസിപ്പാലിറ്റിയുടെ സാങ്കേതിക സംഘമാണ് കലാസൃഷ്ടികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത്. ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര കായികമേളയില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഖത്തറി ജനതയുടെ സ്‌നേഹത്തിന്റെ പ്രകടനമാണിത്.