ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിന്റെ പേരില്‍ ഖത്തര്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിന്റെ പേരില്‍ ഖത്തര്‍ അഭൂതപൂര്‍വമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതായി ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനി അഭിപ്രായപ്പെട്ടു. 2010-ല്‍ ഇവന്റ് ഹോസ്റ്റുചെയ്യാനുള്ള ബിഡ് സമര്‍പ്പിച്ചതുമുതല്‍ തുടങ്ങിയ അടിസ്ഥാന രഹിതമായ ആരോപണങ്ങളും വിമര്‍ശനങ്ങളും ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് , ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇക്കാര്യങ്ങള്‍ തുറന്നടിച്ചത്.
‘ചില മാധ്യമങ്ങളുടെ ഖത്തറിനോടുള്ള സമീപനവും പെരുമാറ്റവും ഞങ്ങളുടെ കാഴ്ചപ്പാടില്‍ തികച്ചും നിഷേധാത്മകവും നിരാശാജനകവുമായിരുന്നു. ഖത്തറിനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അവര്‍ പ്രചരിപ്പിച്ചത്.
ലോകത്തെ എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിച്ചാണ് ഖത്തര്‍ ലോകകപ്പൊരുക്കിയത്. ഒരു ദിവസം തന്നെ 4 മല്‍സരങ്ങള്‍ വരെ കാണാന്‍ സൗകര്യമൊരുക്കിയ ഖത്തര്‍ ഫുട്‌ബോളിന്റെ ലോകമാമാങ്കത്തെ എല്ലാവര്‍ക്കും പ്രാപ്യമാക്കാനാണ് ശ്രമിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫുട്‌ബോള്‍ ആരാധകര്‍ വളരെ സന്തോഷത്തോടെയാണ് ലോകകപ്പ് ആഘോഷിക്കുന്നത്. അറബ് രാജ്യങ്ങളിലും മധ്യ പൗരസ്ത്യ ദേശത്തും , യുദ്ധങ്ങളും സംഘട്ടനങ്ങളും മാത്രമല്ല, ഈ മനോഹരമായ കളിയുടെ ആഘോഷവും കൂടിയാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ഖത്തര്‍ . അറേബ്യന്‍ സംസ്‌കാരവും ആതിഥ്യവും ആഘോഷിക്കുന്ന സാമൂഹ്യ മാധ്യമങ്ങള്‍ ലോകത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു