ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ 49 ശതമാനവും റീസൈക്കിള്‍ ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഏറ്റവും സുസ്ഥിരവും കാര്‍ബണ്‍ ന്യൂട്രലുമായ ലോകകപ്പ് സംഘടിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ 49 ശതമാനവും റീസൈക്കിള്‍ ചെയ്തതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ റേഡിയേഷന്‍, കെമിക്കല്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ നിന്നുള്ള സമീറ മുഹമ്മദ് അല്‍ ദോസരി ഖത്തര്‍ റേഡിയോയോട് സംസാരിക്കവെ വ്യക്തമാക്കി.
കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവ ഉള്‍പ്പെടുന്ന മാലിന്യങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയം നടത്തുന്ന റീസൈക്ലിംഗ് ഫാക്ടറികളിലേക്ക് അയക്കുന്നുണ്ടെന്ന് അല്‍ ദോസരി പറഞ്ഞു. ഈ മാലിന്യങ്ങളുടെ ഒരു ഭാഗം പരിസ്ഥിതി സൗഹൃദമായ ശുദ്ധ ഊര്‍ജമാക്കി മാറ്റുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
റീസൈക്ലിംഗ് പ്രക്രിയ വര്‍ദ്ധിപ്പിക്കുന്നതിനായി, മുനിസിപ്പാലിറ്റി മന്ത്രാലയം ലോകകപ്പിന് മുന്നോടിയായി നിരവധി മൊബൈല്‍ മാലിന്യ കൈമാറ്റ സ്റ്റേഷനുകള്‍ വിന്യസിക്കുകയും അതിന്റെ ക്ലീനിംഗ് ഫ്‌ലീറ്റിലേക്ക് കൂടുതല്‍ വാഹനങ്ങള്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.
ലോകകപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങള്‍ക്കായി സജ്ജമാക്കിയ ദോഹ സൗത്ത് ട്രാന്‍സ്ഫര്‍ സ്റ്റേഷന് പ്രതിദിനം 1,300 ടണ്‍ ശേഷിയുണ്ട്. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ പ്രാഥമിക തരംതിരിക്കല്‍ സംവിധാനത്തിലൂടെ പുനരുപയോഗ പ്ലാന്റുകളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
3 മുതല്‍ 7 ടണ്‍ വരെ ഭാരമുള്ള ചെറിയ ട്രക്കുകളില്‍ പൊതു ശുചീകരണ വകുപ്പില്‍ നിന്നുള്ള മാലിന്യങ്ങള്‍ ട്രാന്‍സ്ഫര്‍ സ്റ്റേഷനുകളിലേക്ക് മാറ്റുന്നു. ഈ സ്റ്റേഷനുകള്‍ മാലിന്യങ്ങള്‍ കംപ്രസ് ചെയ്ത് 22 ടണ്‍ കപ്പാസിറ്റിയുള്ള വലിയ വാഹനങ്ങളിലേക്ക് മാറ്റുന്നു, അതിനുശേഷം ഈ വാഹനങ്ങള്‍ കംപ്രസ് ചെയ്ത മാലിന്യം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നു.
അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന 110 പുതിയ വാഹനങ്ങള്‍ ഉപയോഗിച്ച് മന്ത്രാലയം അടുത്തിടെ ക്ലീനിംഗ് ഫ്‌ലീറ്റിനെ ശക്തിപ്പെടുത്തി. 2021-ലെ ഫിഫ അറബ് കപ്പില്‍ ലഭിച്ച മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്തതിന്റെ അനുഭവം 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിലെ റീസൈക്ലിംഗ് പരിശീലനത്തിന് വലിയ സഹായമായി മാറുകയാണ്.