സംഗീത ലോകത്ത് തരംഗമായി ഖത്തര്‍ മലയാളിയുടെ കാല്‍പന്ത് പാട്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട് നിരവധി ഗാനങ്ങളാണ് മലയാളികളുടേതായി പുറത്തുവന്നതെങ്കിലും പ്രവാസി മലയാളിയായ ശാഫി മണ്ടോട്ടില്‍ രചിച്ച It is a beautiful game എന്ന ഗാനം ഖത്തറില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും തരംഗം സൃഷ്ടിക്കുകയാണ് . കാല്‍പന്തുകളിലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന് ഖത്തര്‍ ആതിഥ്യമരുളുന്നതുമായി ബന്ധപ്പെട്ട ഗാനം ലോകകപ്പ് ആരംഭിച്ച ശേഷമാണ് പുറത്തിറങ്ങിയതെങ്കിലും ലോകകപ്പിന് ശേഷവും യുവതലമുറയുടെ നാവുകളില്‍ തത്തികളിക്കുന്ന മനോഹരമായൊരു സംഗീതാര്‍ച്ചനയാണിത്.
ഇംഗ്ലീഷ് അറബിക് ഭാഷകളിലായി രചിച്ച ഗാനം ഇതിനോടകം തന്നെ വിവിധ രാജ്യക്കാരും ദേശക്കാരും ഏറ്റെടുത്ത് കഴിഞ്ഞു. ഫാന്‍ സോണുകളിലടക്കം പ്രദര്‍ശനം നടത്തിയ ഗാനം വിവിധ രാജ്യക്കാരുടെ വാട്സപ്പ് ഗ്രൂപ്പുകളിലും സാമൂഹ്യമാധ്യമങ്ങളിലും തരംഗമാവുകയാണ്. മൂന്ന് വീഡിയോകളിലായി അരക്കോടിയിലേറെ ആളുകള്‍ ഇതിനകം ഈ ഗാനം കണ്ടു കഴിഞ്ഞു.
തുറന്ന മനസ്സോടെ ലോകത്തെ മുഴുവന്‍ ഖത്തറിലേക്ക് സ്വാഗതമോതുന്ന അഹ് ലന്‍ എവരി ബഡി, മര്‍ഹബന്‍ എവരി വണ്‍ എന്ന് തുടങ്ങുന്ന ഗാനം ഫുട്‌ബോളിന്റെ സന്ദേശവുംപ്രമേയവും അടയാളപ്പെടുത്തുന്നതോടൊപ്പം സ്‌നേഹ സൗഹൃദങ്ങളുടെ വിശാലമായ ലോകം പണിയാനും ആഹ്വാനം ചെയ്യുന്നു. വിവിധ ചിന്തകളും ആശയങ്ങളും മാനവരാശിയെ വിഭജിക്കാനും ഭിന്നിപ്പിക്കാനും ശ്രമിക്കുമ്പോള്‍ കാല്‍പന്തുകളി മനുഷ്യരെ ഒന്നിപ്പിക്കുന്ന വിസ്മയകരമായ സാമൂഹ്യ പരിസരമൊരുക്കുമ്പോള്‍ എല്ലാവരേയും സ്വാഗതം ചെയ്ത് കളി മനോഹരമാക്കാമെന്നാണ് ഗാനം പറയുന്നത്. അക്ഷരാര്‍ഥത്തില്‍ കാല്‍പന്തുകളി മനോഹരമായ ഒരു ഗെയിമാണെന്ന് വരച്ചുകാണിക്കുന്നതാണ് ഈ ഗാനം.
വെറുപ്പിന്റേയും വിദ്വോഷത്തിന്റേയും സങ്കുചിതമായ അതിര്‍പരമ്പുകള്‍ ഭേദിച്ച് മാനവ സ്‌നേഹത്തിന്റേയും സൗഹൃദത്തിന്റേയും വിശാലമായ മേച്ചില്‍പുറങ്ങളിലാണ് പന്തുരുളുന്നതെന്നും ലോകം മുഴവന്‍ ഒരു പന്തിന് പിന്നാലെ പായുമ്പോള്‍ മാനവികവും സാമൂഹികവുമായ നിരവധി ആശയങ്ങളാണ് ശക്തമാകുന്നതെന്നും ഗാനം ഓര്‍മിപ്പിക്കുന്നു.
ഫുട്ബോളിന്റെ ആവേശവും മനോഹാരിതയും പ്രമേയമാവുന്ന ഗാനം ലോകത്തെ ഏകോപിപ്പിക്കുന്നതിനുള്ള ഫുട്‌ബോളിന്റെ ശക്തി അയയാളപ്പെടുത്തുന്നതോടൊപ്പം ഖത്തര്‍ എന്ന രാജ്യത്തോടുള്ള ഇന്ത്യക്കാരുടെ സ്‌നേഹാദരവും പ്രതിബദ്ധതയും വിവരക്കുന്നുണ്ട്. സൗത്ത് ആഫ്രിക്കാരായ ഹറോള്‍ഡ് ഷെങ്കും ലിയോണ്‍ ആല്‍ബെര്‍ട് ഊസ്തിസെനും സംവിധാനവും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ഇന്ത്യ, സൗത്ത് ആഫ്രിക്ക , ബ്രിട്ടണ്‍, ബെല്‍ജിയം, വെനീസ്വല , ഖസാഖിസ്ഥാന്‍ , ശ്രീലങ്ക എന്നീ 7 രാജ്യങ്ങളില്‍ നിന്നുള്ള 16 ഗായകര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഖത്തര്‍ യൂത്ത് ക്വയറംഗങ്ങളും ഖത്തര്‍ മ്യൂസിക് ആക്കാദമിയിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് പാടിയ ഗാനം ഡെസേര്‍ട്ട് വോയിസസ് എന്ന പേരില്‍ യു ട്യൂബില്‍ വൈറലായിരുന്നു.
ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ച മുഹമ്മദ് ഷാഫി മണ്ടോട്ടില്‍ മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശിയാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ധേഹം മലയാളം, അറബിക്, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലായി പത്തോളം പാട്ടുകള്‍ രചിച്ച് പുറത്തിറക്കിയിട്ടുണ്ട്.
ഒന്നര പതിറ്റാണ്ടോളം സൗദി അറേബ്യയിലായിരുന്ന ഷാഫി സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് സഊദികളും ഇന്ത്യക്കാരും തമ്മിലുള്ള അഗാധമായ ആത്മബന്ധം പ്രമേയമാക്കി രചിച്ച ഹാദല്‍ ബലദു റൂഹി – ഈ രാജ്യമാണെന്‍ ജീവന്‍ എന്ന ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു.
ചെമ്മാട് ദാറുല്‍ ഹുദ യൂണിവേഴ്സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശാഫി ഇപ്പോള്‍ ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. പരേതനായ മണ്ടോട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍ ചെറുമേലേത്ത് നഫീസ ദമ്പതികളുടെ ആറാമത്തെ മകനായ ശാഫി മണ്ടോട്ടില്‍ ഇപ്പോള്‍ കുട്ടിമനസ്സുകളെ സ്വാധീനിക്കുന്ന പഠനാര്‍ഹമായ കുട്ടിപ്പാട്ട് പരമ്പരകള്‍ ആനിമേഷനായി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി കുരുന്നു മനസ്സുകളിലും ജീവിത മൂല്യങ്ങളും സന്ദേശങ്ങളും വളര്‍ത്തുകയാണ് തന്റെ ഈ സപര്യയുടെ ലക്ഷ്യമെന്ന് ഷാഫി വിശദീകരിച്ചു.
കലയും സാഹിത്യവും സംഗീതവുമെല്ലാം കേവലം വിനോദമെന്നതിലുപരി മാനവരാശിയുടെ സാംസ്‌കാരികവും ധാര്‍മികവുമായ വളര്‍ച്ചയും വികാസവും സാധ്യമാക്കുന്നതോടൊപ്പം സമൂഹത്തില്‍ നന്മയുടെ വികാരങ്ങള്‍ വളര്‍ത്താനും പ്രയോജനപ്പെടണം. ഈ രംഗത്തെ സോദ്ദേശ്യ ശ്രമങ്ങള്‍ക്ക് സമൂഹത്തില്‍ വിശിഷ്യാ വളര്‍ന്നുവരുന്ന തലമുറയില്‍ വലിയ സ്വാധീനം ചെലുത്താനാകും.
t is a beatiful game എന്ന ഗാനത്തിന് പുറമേ ഹാദല്‍ ബലദു റൂഹി ,മുഹബ്ബത് കി ദൗലത്ത് ഹമാര ഹിന്ദുസ്ഥാന്‍ ,കോവിഡ് : പ്രവാസികള്‍ക്ക് പറയാനുള്ളത് ,ഗള്‍ഫ് 2030,പ്രിയരോടൊത്ത് മദീനത്ത് ,കണ്ണീര്‍ വചനം,എന്റെ ഓത്ത്പള്ളി ,സൈനുല്‍ ഉലമ എന്നിവയാണ് ഇതിനോടകം പുറത്തിറങ്ങിയ ശാഫിയുടെ ഗാനങ്ങള്‍.