ലോകകപ്പ് കിരീടം നേടി അര്‍ജന്റീന
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ വാശിയേറിയ ഫൈനല്‍ മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന ഫിഫ സ്വര്‍ണ ട്രോഫിയില്‍ മുത്തമിട്ടു.
കളിയുടെ ഇരുപത്തി മൂന്നാം മിനിറ്റില്‍ അര്‍ജന്റീനയുടെ ജനപ്രിയ ക്യാപ്റ്റന്‍ ലയണല്‍ മെസ്സി പെനാല്‍ട്ടിയിലൂടെ നേടിയ ഗോളിലൂടെയാണ് അര്‍ജന്റീന ആധിപത്യം തുടങ്ങിയത് . ഡി മരിയ രണ്ടാമതൊരു ഗോള്‍ കൂടി നേടിയതോടെ ഫ്രാന്‍സ് അക്ഷരാര്‍ഥത്തില്‍ പതറി . അര്‍ജന്റീനയുടെ ശക്തമായ പ്രതിരോധവും മുന്നേറ്റവും കളിയാവേശം വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ കളിയുടെ എണ്‍പതാം മിനിറ്റില്‍ എംബാപ്പെ പെനാല്‍ട്ടിയിലൂടെ അര്‍ജന്റീനയുടെ വല കുലുക്കിയതോടെ കളിയുടെ ഗതി മാറി. എണ്‍പത്തി രണ്ടാമത്തെ മിനിറ്റില്‍ മറ്റൊരു ഗോള്‍ കൂടു നേടി എംബാപ്പെ അര്‍ജന്റീനയെ സമ നിലയില്‍ തളച്ചു.
ഇരു ടീമുകളും പൊരുതികളിച്ചതോടെ തീപാറിയ പോരാട്ടത്തിനാണ് ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എക്‌സ്ട്രാ ടൈമില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടിയതോടെ കളി വീണ്ടും സമനിലയിലെത്തിയതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 4-2 നാണ് ഫ്രാന്‍സിനെ തകര്‍ത്ത് അര്‍ജന്റീന
കിരീടം സ്വന്തമാക്കിയത്.