ഫിഫ 2022 ജേതാക്കളായ അര്‍ജന്റീന ടീമിനെ കിരീടമണിയിച്ച് ഖത്തര്‍ അമീര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകമെമ്പാടുമുള്ള കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ഫിഫ 2022 ഖത്തര്‍ ലോകകപ്പിന്റെ ആവേശോജ്വലമായ ഫൈനല്‍ മല്‍സരത്തില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റിയില്‍ 4-2ന് വിജയിച്ച അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി 2022 ഫിഫ ലോകകപ്പ് ഖത്തര്‍ കിരീടമണിയിച്ചു.
അമീറും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ചേര്‍ന്ന് അര്‍ജന്റീനിയന്‍ ദേശീയ ടീമിലെ കളിക്കാര്‍ക്ക് സ്വര്‍ണമെഡലുകള്‍ കൈമാറി.
ചാമ്പ്യന്‍ഷിപ്പിലെ റണ്ണേഴ്സ് അപ്പായ ഫ്രഞ്ച് ദേശീയ ടീമിലെ കളിക്കാര്‍ക്ക് അമീറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും, ഇന്‍ഫാന്റിനോയും വെള്ളി മെഡലുകള്‍ കൈമാറി.
കൂടാതെ, ലോകകപ്പിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡ് അര്‍ജന്റീനയുടെ ലയണല്‍ മെസ്സിക്ക് അമീര്‍ സമ്മാനിച്ചു.
ഫൈനല്‍ മത്സരത്തിലും കിരീടധാരണ ചടങ്ങിലും അമീറിന്റെ പേഴ്‌സണല്‍ റെപ്രസന്റേറ്റീവ് ശൈഖ് ജാസിം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു.
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി വിശിഷ്ട വ്യക്തികളും, രാഷ്ട്രത്തലവന്മാരും, സഹോദര-സൗഹൃദ രാജ്യങ്ങളിലെ പ്രതിനിധി സംഘത്തലവന്മാരും, ശൈഖുമാര്‍, മന്ത്രിമാര്‍, ഒളിമ്പിക് കമ്മിറ്റികളുടെയും ഫെഡറേഷനുകളുടെയും തലവന്മാര്‍, രാജ്യത്തെ നയതന്ത്ര പ്രതിനിധികള്‍, ഫുട്‌ബോള്‍ ആരാധകര്‍ തുടങ്ങി പ്രമുഖരുടെ ധന്യമായ സാന്നിധ്യത്തിലാണ് സമ്മാനദാന ചടങ്ങ് നടന്നത്.