സംസ്‌കൃതി – സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഡിസംബര്‍ 30-ന്
അമാനുല്ല വടക്കാങ്ങര
ദോഹ. യശ:ശരീരനായ സാഹിത്യകാരന്‍ സി.വി ശ്രീരാമന്റെ സ്മരണാര്‍ത്ഥം ഖത്തര്‍ സംസ്‌കൃതി എല്ലാവര്‍ഷവും പ്രവാസി മലയാളി എഴുത്തുകാര്‍ക്കായി സംഘടിപ്പിക്കാറുള്ള സംസ്‌കൃതി-സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരത്തിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് സമര്‍പ്പണം ഡിസംബര്‍ 30 വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ഐ.സി.സി അശോക ഹാളില്‍ നടക്കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
അമേരിക്കന്‍ പ്രവാസി മലയാളിയായ പ്രിയ ജോസഫ് രചിച്ച ”മാണീം ഇന്ദിരാഗാന്ധീം’ എന്ന കഥയാണ് ഈ വര്‍ഷം പുരസ്‌കാരത്തിന് അര്‍ഹമായത്. മികച്ച മലയാള ചെറുകഥയ്ക്ക് നല്‍കുന്ന നിലവിലെ ഏറ്റവും വിലയേറിയ പ്രവാസി ചെറുകഥാപുരസ്‌കാരമാണ് 50,000 രൂപയും പ്രശസ്തിഫലകവും ഉള്‍പ്പെടുന്ന സംസ്‌കൃതി- സി.വി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം. സാഹിത്യകാരനും നിരൂപകനുമായ ഡോ. ഇ.പി രാജഗോപാലന്‍ ചെയര്‍മാനും, സാഹിത്യകാരന്മാരായ അഷ്ടമൂര്‍ത്തി, ഷിനിലാല്‍ എന്നവര്‍ അംഗങ്ങളുമായ സമിതിയാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിനു അര്‍ഹമായ ചെറുകഥ തെരെഞ്ഞെടുത്തത്.
2014 മുതല്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ താമസിക്കുന്ന പ്രവാസി മലയാളികള്‍ക്ക് മാത്രമായി സംഘടിപ്പിച്ചിരുന്ന ഈ പുരസ്‌കാരം 2022 മുതല്‍ ലോകമെമ്പാടുമുള്ള പ്രവാസികളിലേക്ക് വ്യാപിപ്പിക്കുകയും ജപ്പാന്‍, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നടക്കമുള്ള നിരവധി കഥകളില്‍ നിന്നും പ്രിയ ജോസഫ് രചിച്ച ”മാണീം ഇന്ദിരാഗാന്ധീം’ എന്ന കഥ പുരസ്‌കാരത്തിന് അര്‍ഹമാവുകയും ചെയ്തു.
സാംസ്‌കാരിക പരിപാടികളും, ഡോ. ഇ. പി. രാജഗോപാലന്റെ പ്രഭാഷണവും, മറ്റു കലാ പരിപാടികളും ചടങ്ങിന്റെ ഭാഗമായി ഉണ്ടാകും. പ്രിയ ജോസഫിനു 50,000 രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്‌കാരം ആ വേദിയില്‍ സമര്‍പ്പിക്കും.