
വൈവിധ്യങ്ങളും പുതുമകളുമായി മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ജനുവരി 19 മുതല്‍ 28 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. വൈവിധ്യങ്ങളും പുതുമകളുമായി മൂന്നാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍ ജനുവരി 19 മുതല്‍ 28 വരെ ഓള്‍ഡ് ദോഹ തുറമുഖത്തെ ഒരു പുതിയ വേദിയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
10 ദിവസത്തെ ഫെസ്റ്റിവലില്‍ സംഗീതവും തത്സമയ പ്രകടനങ്ങളും ഉണ്ടാകും. കൂറ്റന്‍ പട്ടങ്ങളുടെ പ്രദര്‍ശനം ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് മാറ്റുകൂട്ടും.
2023 പതിപ്പിന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്ന് വ്യത്യസ്ത സവിശേഷതകളുണ്ടെന്ന് ഇന്നലെ മിന ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തോടനുബന്ധിച്ച് ഫെസ്റ്റിവലിന്റെ സംഘാടകനായ സേഫ് ഫ്‌ലൈറ്റ് സൊല്യൂഷന്‍സ് സിഇഒ ഹസന്‍ അല്‍ മൗസാവി പറഞ്ഞു: പഴയ ദോഹയിലെ പുതിയ സ്ഥലം. തുറമുഖത്ത്, ഹോട്ട് എയര്‍ ബലൂണുകളുടെ പങ്കാളിത്തം 50 ആയി എന്നിവയാണവ. കഴിഞ്ഞ രണ്ട് പതിപ്പുകളില്‍ യഥാക്രമം 30 ഉം 40 ഉം ആണ് ഉണ്ടായിരുന്നത്. കൂടാതെ ഈ വര്‍ഷം ഉച്ചയ്ക്കും രാത്രിയിലും പ്രദര്‍ശനം കൂട്ടിച്ചേര്‍ക്കുന്നു.
രാത്രിയില്‍ പറത്തുന്ന പട്ടങ്ങള്‍ ‘പ്രകാശമുള്ളതായിരിക്കുമെന്നും അത് കാണാന്‍ വളരെ മനോഹരവും രസകരവുമാകുമെന്നും’ സിഇഒ വിശദീകരിച്ചു. 10 ദിവസത്തെ ഉത്സവത്തില്‍ പ്രതിദിനം 4,000 മുതല്‍ 5,000 വരെ ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.