Breaking News

ഇന്തോ ഖത്തര്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി അടുത്ത വര്‍ഷം

അമാനുല്ല വടക്കാങ്ങര

ദോഹ. ഇന്തോ ഖത്തര്‍ ഉഭയ കക്ഷി ബന്ധം കൂടുതല്‍ ഊഷ്മളമായാണ് മുന്നോട്ടുപോകുന്നതെന്നും 2023 ല്‍ നയതന്ത്ര ബന്ധത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കുമെന്നും ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അഭിപ്രായപ്പെട്ടു. ഖത്തറിലെ വെസ്റ്റ് ബേയിലെ ഡിപ്ലോമാറ്റിക് എന്‍ക്ലേവില്‍ ഇന്ത്യന്‍ എംബസി കെട്ടിട സമുച്ഛയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ ഏഴര ലക്ഷത്തോളം വരുന്ന ഇന്ത്യക്കാര്‍ ചെയ്യുന്ന സേവനങ്ങള്‍ അഭിമാനകരമാണെന്നും ഖത്തറിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അമൂല്യമായ സംഭാവനകളര്‍പ്പിച്ച ഇന്ത്യന്‍ സമൂഹം രാജ്യത്തിന്റെ അന്തസ്സ് ഉയര്‍ത്തിയെന്നും ഡോ. ജയശങ്കര്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസി കെട്ടിട സമുച്ഛയത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍താനിയുടെ സാന്നിധ്യം ഖത്തറിലെ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ്. ഇന്ത്യ-ഖത്തര്‍ പങ്കാളിത്തത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ശക്തിയും പരസ്പര വിശ്വാസവും ഇത് പ്രതിഫലിപ്പിക്കുന്നു. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് അവര്‍ നല്‍കുന്ന തുടര്‍ച്ചയായ പിന്തുണക്ക് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയോടും ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയോടും രാജ്യം എന്നും കടപ്പെട്ടിരിക്കും.

5,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇന്ത്യന്‍ എംബസി കെട്ടിട സമുച്ഛയത്തില്‍ ഒരു അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം, ഒരു കമ്മ്യൂണിറ്റി ഹാള്‍, ഒരു ഓഡിറ്റോറിയം എന്നിവക്ക് പുറമേ
കൂടാതെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് സാംസ്‌കാരികവും മറ്റുമായ പരിപാടികളും നടത്താനും സൗകര്യമുണ്ടാകും.

വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കാനാണുള്ള എല്ലാ നടപടികളും വിദേശകാര്യ മന്ത്രാലയം നടപ്പാക്കുമെന്ന് അദ്ദേഹം ഇന്ത്യക്കാര്‍ക്ക് ഉറപ്പ് നല്‍കി. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിംഗ്‌സ്, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് എന്നിവ പ്രവാസി സമൂഹത്തെ സഹായിക്കാനുള്ളതാണ് . മുഴുസമയവും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനുകള്‍; പ്രവാസി ഭാരതീയ സഹായ കേന്ദ്രങ്ങള്‍; മദാദ് പോര്‍ട്ടല്‍ എന്നിവയും പ്രവാസികളെ പിന്തുണക്കുന്നവയാണ് .

‘ഞങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പ്രവാസി റിഷ്ത പോര്‍ട്ടലിലൂടെയും നിങ്ങളുമായി നേരിട്ട് ലിങ്ക് ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. എമിഗ്രേഷന്‍ പ്രക്രിയ വേഗത്തിലും സുതാര്യവുമാക്കുന്നതിനായി ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ പൂര്‍ണ്ണമായും സംയോജിത ഓണ്‍ലൈന്‍ പോര്‍ട്ടലായി പരിണമിച്ചിരിക്കുന്നു.എംബസികള്‍ വഴി വേഗത്തിലുള്ളതും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!