റെക്കോര്‍ഡ് ഭേദിച്ച് ഉരീദൂ ദോഹ മാരത്തണ്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഉരീദൂ ദോഹ മാരത്തണ്‍ 2023 എണ്ണായിരത്തിലധികം ഓട്ടക്കാരുമായി റെക്കോര്‍ഡ് ഭേദിച്ചു. ദോഹ മാരത്തണിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടിയ പങ്കാളിത്തത്തോടെ ഇന്നലെ നടന്ന പതിമൂന്നാമത് പതിപ്പ് കായിക കുതിപ്പിന്റെ ആവേശവും ആരോഗ്യ സംരക്ഷണത്തിലെ ശ്രദ്ധയും അടയാളപ്പെടുത്തി.
പുരുഷന്മാരുടെ മാരത്തണില്‍ മൊറോക്കോയുടെ മൊഹ്സിന്‍ ഔട്ടാല്‍ഹ 2:06:49 സമയത്തില്‍ ഫിനിഷിംഗ് ലൈന്‍ മറികടന്ന് ഒന്നാമനായപ്പോള്‍ കെനിയന്‍ ഗെവിന്‍ കെറിച്ച് 2:06:52 ല്‍ ഓട്ടം പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തെത്തി.
കെനിയന്‍ വിക്ടര്‍ കിപ്ചിര്‍ചിര്‍, എത്യോപ്യന്‍ അദനെ കെബെഡെ എന്നിവര്‍ 2:06:54 സമയത്തില്‍ മൂന്നാം സ്ഥാനം പങ്കുവെച്ചു.
വനിതകളുടെ മാരത്തണില്‍ എത്യോപ്യക്കാരിയായ മെസെറെറ്റ് ബെലെറ്റ് 2:20:45 സമയത്തില്‍ ഒന്നാം സ്ഥാനത്തെത്തി. ബ്രൂണോയുടെ ദേസി ജിസ മെക്കോണിന്‍ 2:20:47 ല്‍ രണ്ടാം സ്ഥാനവും കെനിയന്‍ താരം ബിയാട്രിസ് ചെപ്റ്റൂ 2:22:28 സമയത്തില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ത്തെത്തി.
ഓപ്പണ്‍ മാരത്തണ്‍ വിഭാഗത്തില്‍, പുരുഷന്മാരുടെ ഓട്ടം 2:23:02 സമയത്തില്‍ ബ്രിട്ടന്റെ മൈക്കല്‍ കാലെന്‍ബെര്‍ഗര്‍ വിജയിച്ചു. യുഎസിലെ അബിഗെയ്ല്‍ സെംബര്‍ (3:04:00 ) ആയിരുന്നു വനിതകളുടെ ഓട്ടത്തിലെ വിജയി.
ഖത്തറി ഓട്ടക്കാര്‍ക്ക് ഇത്തവണയും അല്‍അദാം വിഭാഗത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. പുരുഷന്മാരുടെ മാരത്തണില്‍ 2:48:21 സമയത്തില്‍ അബ്ദുല്ല ഫഹദ് അല്‍ സറ ജേതാവായപ്പോള്‍, വനിതകളുടെ മാരത്തണില്‍ റബാഹ് അല്‍ മുസ്ലെ 3:50:55 സമയത്തില്‍ ഒന്നാമതെത്തി.
പുരുഷന്മാരുടെ ഹാഫ് മാരത്തണില്‍ മൊറോക്കോയുടെ അനൗവര്‍ എല്‍ ഗൗസ് 1:03:23 സമയത്തില്‍ വിജയിച്ചു, വനിതകളുടെ ഹാഫ് മാരത്തണില്‍ ഉക്രേനിയന്‍ ടെറ്റിയാന പിഡോയ്ന 1:08:53 മിനിറ്റില്‍ വിജയിച്ചു.
വിവിധ ഭാഗങ്ങളില്‍ നിരവധി മലയാളികളും ദോഹ മാരത്തണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. പലരും കഴിഞ്ഞ വര്‍ഷത്തെ സ്വന്തം റെക്കോര്‍ഡുകള്‍ മറി കടന്ന സന്തോഷം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
എലൈറ്റ് വിഭാഗത്തില്‍ ശൈഖ് അലി ബിന്‍ ജബോര്‍ അല്‍താനി സ്റ്റാര്‍ട്ടിംഗ് ഗണ്‍ ജ്വലിപ്പിക്കുകയും വിജയികളെ അവരുടെ മെഡലുകള്‍ നല്‍കി ആദരിക്കുകയും ചെയ്തു. മറ്റ് വിഭാഗങ്ങളിലെ വിജയികള്‍ക്ക് ക്യുഎഎഫ് പ്രസിഡന്റ് മുഹമ്മദ് ഇസ അല്‍ ഫദാലയുമായി ചേര്‍ന്ന് ഊറിദൂവിലെ പിആര്‍ ഡയറക്ടര്‍ സബാഹ് റാബിയ അല്‍-കുവാരി വിതരണം ചെയ്തു