ഖത്തറില്‍ ചില പച്ചക്കറികളുടെ ഉല്‍പ്പാദനം ഉപഭോഗ നിരക്കിനേക്കാള്‍ കൂടുതല്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ചില പച്ചക്കറികളുടെ ഉല്‍പ്പാദനം ഉപഭോഗ നിരക്കിനേക്കാള്‍ കൂടുതലാണെന്ന് ഹസാദ് ഫുഡ് ബിസിനസ് റിലേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുബാറക് അല്‍ സാഹൂതി പറഞ്ഞു.
മുന്‍ സീസണിനെ അപേക്ഷിച്ച് ഈ സീസണില്‍ പ്രാദേശിക കര്‍ഷകരില്‍ നിന്ന് ലഭിക്കുന്ന പച്ചക്കറികളുടെ അളവ് 20% വര്‍ദ്ധിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് (ക്യുഎന്‍എ) നല്‍കിയ അഭിമുഖത്തില്‍ അല്‍ സഹൂതി പറഞ്ഞു.
പ്രാദേശിക വിപണിയില്‍ പ്രതിമാസം 2,000 ടണ്‍ കുക്കുമ്പറും 5,000 മുതല്‍ 6,000 ടണ്‍ തക്കാളിയും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഷിക സീസണുകളില്‍ ഖത്തറി ഫാമുകള്‍ വഴിയാണ് ഈ ആവശ്യങ്ങള്‍ ഉറപ്പാക്കുന്നത്. ഹസാദിന്റെ അനുബന്ധ സ്ഥാപനമായ മഹാസീല്‍ ഫോര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ സര്‍വീസസ് വില്‍പ്പന കേന്ദ്രങ്ങളിലേക്ക് നിലവില്‍ വിതരണം ചെയ്യുന്ന അളവ് ഈ നിരക്കുകളേക്കാള്‍ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അളവുകള്‍ മഹാസീല്‍ വഴിയാണ് വില്‍ക്കുന്നത്, അവയില്‍ 90% പ്രാദേശികമായി ഉപയോഗിക്കുന്നു.
ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതില്‍ വെല്ലുവിളികള്‍ നേരിടുന്ന പ്രാദേശിക കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് , മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ഏകോപിപ്പിച്ച് 2018-ല്‍ വിപണന, കാര്‍ഷിക സേവനങ്ങള്‍ക്കായി മഹാസീല്‍ കമ്പനി സ്ഥാപിച്ചത്.
ഔട്ട്ലെറ്റുകളും കടകളും പൂര്‍ണമായും പ്രാദേശിക ഉല്‍പന്നങ്ങളെ ആശ്രയിക്കുന്നതിനാല്‍ പ്രാദേശിക പച്ചക്കറികള്‍ക്ക് പ്രത്യേകിച്ച് ശൈത്യകാലത്ത് ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു,
ഉയര്‍ന്ന നിലവാരവും പുതുമയും ഉള്ള പ്രാദേശിക ഉല്‍പന്നങ്ങളുടെ സമൃദ്ധി കാരണം, ഈ കാലയളവില്‍ ഇറക്കുമതിയില്‍ പ്രകടമായ ഇടിവുണ്ടായതായി അല്‍ സഹൂതി പരാമര്‍ശിച്ചു.
പ്രാദേശിക വിപണിയുടെ ആവശ്യങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനും കാര്‍ഷിക വിള വര്‍ദ്ധിപ്പിക്കുന്നതിനും സംഭാവന നല്‍കുകയെന്ന ലക്ഷ്യത്തോടെയുള്ള ഹസാദിന്റെ നിക്ഷേപ തന്ത്രത്തിന് അനുസൃതമായാണ് മഹാസീലിന്റെ മുന്നോട്ടുപോകുന്നതെന്ന്് അദ്ദേഹം വിശദീകരിച്ചു.