
ഖത്തറില്‍ പ്രാദേശിക സസ്യ പരിസ്ഥിതിയെ ചവിട്ടിമെതിച്ചതിന് നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
അമാനുല്ല വടക്കാങ്ങര
ദോഹ:ഖത്തറില്‍ പ്രാദേശിക സസ്യ പരിസ്ഥിതിയെ ചവിട്ടിമെതിച്ചതിന് നിരവധി നിയമ ലംഘകര്‍ക്കെതിരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ നാച്ചുറല്‍ റിസര്‍വ് വകുപ്പ് നടപടിയെടുക്കുകയും നിരവധി വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
നാച്ചുറല്‍ റിസര്‍വ് വകുപ്പിന്റെ സംരക്ഷണത്തിലാണെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്ന അല്‍-റൗദ് മേഖലയിലേക്ക് വാഹനങ്ങള്‍ ഓടിച്ച വ്യക്തികള്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.
ഖത്തറിലെ പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കുന്നതിനായി വാഹനങ്ങള്‍ ശരിയായ റോഡുകള്‍ ഉപയോഗിക്കണം. ബൊട്ടാണിക്കല്‍ പരിസ്ഥിതിയിലേക്കും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലേക്കും വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വാഹന ഡ്രൈവര്‍മാരോടും സന്ദര്‍ശകരോടും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
അടുത്തിടെ പുല്‍മേടുകള്‍ക്കിടയിലൂടെ വാഹനമോടിച്ച് പ്രകൃതിയെ നശിപ്പിക്കുന്ന നാല് ട്രക്കുകള്‍ പിടികൂടിയിരുന്നു. ക്യാമ്പിംഗ് ഏരിയകള്‍ സന്ദര്‍ശിക്കുന്ന ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോടും ക്യാമ്പര്‍മാരോടും അവരുടെ വാഹനങ്ങള്‍ പുല്‍മേടുകളിലേക്കും പച്ചക്കറി കൃഷികളിലേക്കും ഓടിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.