ഖത്തറില്‍ പഴയ ടയറുകള്‍ പൂര്‍ണമായും സംസ്‌കരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കാലഹരണപ്പെട്ടതും വലിച്ചെറിയപ്പെട്ടതുമായ ടയറുകളുടെ മുഴുവന്‍ സ്റ്റോക്കും പൂര്‍ണമായും സംസ്‌കരിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ പൊതു സേവന മേഖലയിലെ മാലിന്യ സംസ്‌കരണ, പുനരുപയോഗ വകുപ്പ് അറിയിച്ചു. പഴയ ടയറുകള്‍ നീക്കം ചെയ്യുന്നതിനുള്ള വിപുലമായ കാമ്പയിനിന്റെ ഭാഗമായാണിത്. മേഖലയിലെ ഇത്തരത്തിലുള്ള മികച്ച നേട്ടമാണിത്.
വേസ്റ്റ് മാനേജ്മെന്റ് ആന്‍ഡ് റീസൈക്ലിംഗ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഹമദ് ജാസിം അല്‍ ബഹറിന്റെയും ബന്ധപ്പെട്ട ഫാക്ടറികളുടെ ഉടമകളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ മന്ത്രാലയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ദശലക്ഷക്കണക്കിന് കേടായതും വലിച്ചെറിയപ്പെട്ടതുമായ ടയറുകള്‍ നീക്കം ചെയ്യുന്നത് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ തന്ത്രപരമായ ലക്ഷ്യമായിരുന്നു.
സ്വകാര്യ മേഖലയുമായി സഹകരിച്ച് ബന്ധപ്പെട്ട എല്ലാ സൈറ്റുകളിലും അനുയോജ്യമായ പുനരുപയോഗ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് സമഗ്രമായ ഒരു പദ്ധതി സ്വീകരിച്ചാണ് മന്ത്രാലയം കാമ്പയിന്‍ വിജയിപ്പിച്ചത്.
56,000 ടണ്‍ പഴയ ടയറുകള്‍ പൊടിച്ച് രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന മൂന്ന് കമ്പനികളില്‍ നിന്നും സാങ്കേതിക ടെന്‍ഡര്‍ നേടിയതിന് ശേഷം സ്വകാര്യ മേഖലയുമായി സഹകരിച്ച് 2020 ഏപ്രിലില്‍ ഉമ്മുല്‍-അഫായി ലാന്‍ഡ്ഫില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
കൂടാതെ, 13,000 ടണ്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും വരാനിരിക്കുന്ന പ്രധാന പദ്ധതികള്‍ക്കായി ഉപയോഗിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി സൈറ്റുകള്‍ വൃത്തിയാക്കുകയും ചെയ്തു.
പ്രതിമാസം 2,000 ടണ്‍ എന്ന നിരക്കില്‍ പഴയ ടയറുകള്‍ സ്വീകരിക്കാന്‍ അനുവദിച്ച റൗദത്ത് റാഷിദ് ലാന്‍ഡ്ഫില്ലില്‍, അവ കീറുന്ന പ്രക്രിയക്ക് ആക്കം കൂട്ടുന്നതിനായി ഷ്രെഡിംഗ് വര്‍ക്ക് ഷോപ്പുകളുടെ എണ്ണം ഈ വര്‍ഷം 23 ആയി മന്ത്രാലയം വര്‍ദ്ധിപ്പിച്ചു. കൂടാതെ റീസൈക്ലിംഗ് ഫാക്ടറികളുമായും ടയര്‍ ഷ്രെഡിംഗ് വര്‍ക്ക്‌ഷോപ്പുകളുമായും 2022 ജൂണില്‍ ഒരു കരാര്‍ ഒപ്പുവച്ചു, റീസൈക്കിള്‍ ചെയ്യുന്ന ഓരോ ടണ്‍ ടയറുകള്‍ക്കും 250 റിയാല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.2022-ന്റെ രണ്ടാം പകുതിയില്‍ റീസൈക്ലിംഗ് നിരക്ക് 600% വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം നടപടികള്‍ സഹായിച്ചു.
ഈ വര്‍ഷം ജനുവരി അവസാനത്തോടെ, റൗദത്ത് റഷീദിലെ ഏകദേശം 120,000 ടണ്‍ പഴയ ടയറുകള്‍ സുരക്ഷിതമായി സംസ്്കരിക്കുകയും പുനരുപയോഗം ചെയ്യുകയും ചെയ്തു.
മിസഈദ് ഏരിയയിലെ പുതിയ സൈറ്റില്‍ ലഭിക്കുന്ന കേടായതും ഉപേക്ഷിച്ചതുമായ ടയറുകള്‍ ദിവസേന റീസൈക്കിള്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.