ഖത്തറില്‍ നികുതി വെട്ടിപ്പ് നടത്തിയ രണ്ട് കമ്പനികള്‍ക്കെതിരെ കനത്ത പിഴ ചുമത്തി ജനറല്‍ ടാക്സ് അതോറിറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഒരു കൂട്ടം വ്യക്തികളുടെയും കമ്പനികളുടെയും നികുതി വെട്ടിപ്പ് കേസുകള്‍ അതിന്റെ റവന്യൂ പ്രൊട്ടക്ഷന്‍ ടീം തിരിച്ചറിഞ്ഞതായി ജനറല്‍ ടാക്സ് അതോറിറ്റി (ജിടിഎ) അറിയിച്ചു. കരാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തതായി ജിടിഎയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ കമ്പനികളെ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തുകൊണ്ട് ജനറല്‍ ടാക്സ് അതോറിറ്റി ആവശ്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്, കൂടാതെ ബാധകമായ നിയമങ്ങള്‍ അനുശാസിക്കുന്ന പിഴകള്‍ക്കു പുറമെ, മൊത്തം 24 ദശലക്ഷം ഖത്തറി റിയാല്‍ തിരിച്ചുപിടിക്കാനും നിയമനടപടികള്‍ ആരംഭിച്ചതായി ജനറല്‍ ടാക്സ് അതോറിറ്റി അറിയിച്ചു.
നികുതിവെട്ടിപ്പിനെതിരെ ജനറല്‍ ടാക്സ് അതോറിറ്റി ശക്തമായ മുന്നറിയിപ്പ് നല്‍കുകയും വീഴ്ചവരുത്തുന്നവരെ നിയമനടപടികള്‍ക്ക് വിധേയമാക്കുമെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.
ഖത്തറില്‍ വിദേശി പങ്കാളിത്തമുള്ള കമ്പനികള്‍ക്ക് വിദേശി പങ്കാളിത്തത്തിന്റെ ലാഭവിഹിതത്തിന്റെ പത്ത് ശതമാനം ടാക്സ് കൊടുക്കണമെന്നാണ് വ്യവസ്ഥ.