ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് സ്വപ്‌നവുമായി ഷക്കീര്‍ ചീരായി ഇന്ന് പുലര്‍ച്ചെ ഓടിത്തുടങ്ങും
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ, ഏകദേശം 192 കിലോമീറ്റര്‍ നില്‍ക്കാതെ ഓടി ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് സ്വന്തമാക്കാനുള്ള ഷക്കീര്‍ ചീരായി എന്ന മലയാളി യുവാവിന്റെ ശ്രമം ഇന്ന് പുലര്‍ച്ചെയാരംഭിക്കും.രാവിലെ 6 മണിക്ക് ഖത്തര്‍ സൗദി ബോര്‍ഡറായ അബൂ സംറയില്‍ നിന്നും ആരംഭിച്ച് ഖത്തറിന്റെ വടക്കെ അറ്റമായ അല്‍ റുവൈസ് വരെ ഓടുകയെന്നതാണ് ഷക്കീര്‍ ചീരായിയെന്ന മലയാളി യുവാവ് ഏറ്റെടുത്ത ദൗത്യം. 28 മണിക്കൂറുകള്‍കൊണ്ട് ലക്ഷ്യസ്ഥാനത്തെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഷക്കീര്‍ ഇന്റര്‍നാഷണല്‍ മലയാളിയോട് പറഞ്ഞു.
ശാരീരികവും മാനസികവുമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായും ഈ ശ്രമത്തിനുള്ള പൊതുജന പിന്തുണ ഏറെ ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ വെല്‍നസ് ചലഞ്ചേഴ്‌സ് എന്ന കൂട്ടായ്മയുടെ പിന്തുണയും സഹകരണവുമാണ് ഈ ശ്രമം സാധ്യമാക്കിയത്. വെല്‍നസ് ഹാപ്പിനസ് റണ്‍ എന്ന് പേരിട്ടിരിക്കുന്ന ഈ അള്‍ട്രാ മാരത്തണിലൂടെ സ്വന്തമായ റിക്കോര്‍ഡ് സ്ഥാപിക്കാനാകുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് ടുണീഷ്യന്‍ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂറും 19 മിനിറ്റും എന്നതാണ് നിലവിലെ റെക്കോര്‍ഡ്.