ഖത്തറില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5.5 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ തുറന്നുവിട്ടു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ജലാശയത്തിലെ തന്ത്രപ്രധാനമായ മത്സ്യ ശേഖരം വര്‍ധിപ്പിക്കുന്നതിനായി റാസ് മത്ബാഖിലെ ജല ഗവേഷണ കേന്ദ്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 5.5 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കടലില്‍ തുറന്നുവിട്ടു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്രം ഖത്തറിലെ വെള്ളത്തില്‍ വിടുന്നതിനും മത്സ്യ ഫാമുകള്‍ക്ക് കൊഴുപ്പ് കൂട്ടുന്നതിനുമായി നാടന്‍ മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നു.
15 ഗ്രാം മുതല്‍ 20 ഗ്രാം വരെ ഭാരമുള്ള ഹമൂര്‍, ഷാം മത്സ്യങ്ങളുടെ കുഞ്ഞുങ്ങളെയാണ് രാജ്യത്തിന്റെ തീരപ്രദേശത്തെ വിവിധ സ്ഥലങ്ങളില്‍ വിട്ടയച്ചതെന്ന് ജല ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഇബ്രാഹിം സല്‍മാന്‍ അല്‍ മുഹന്നദി പറഞ്ഞു.
ഹമൂര്‍, സാഫി, അല്‍ ഷാം, അല്‍ സുബൈതി തുടങ്ങിയ പ്രാദേശിക വാണിജ്യ മത്സ്യ ഇനങ്ങളില്‍പ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് കേന്ദ്രം ഉത്പാദിപ്പിക്കുന്നത്.