ഗ്രാമഫോണിലൂടെ ഒഴുകിയെത്തിയത് ഹൃദയരാഗങ്ങള്‍
അമാനുല്ല വടക്കാങ്ങര
ദോഹ. പഴയ മലയാള പാട്ടുകളെ ഇഷ്ടപ്പെടുന്ന സംഗീതാസ്വാദകരുടെ കൂട്ടായ്മയായ ഗ്രാമഫോണ്‍ ഖത്തറിന്റെ പ്രഥമ പരിപാടിയായ സ്മരണാഞ്ജലി സീസണ്‍ 1 ഖത്തര്‍ സ്‌കൗട്‌സ് & ഗൈഡ്സ് ഹാളില്‍ നിറഞ്ഞ സഹൃദയര്‍ക്ക് അവിസ്മരണീയമായി. മണ്മറഞ്ഞ പോയ മലയാള സംഗീതലോകത്തെ മഹാരഥന്മാര്‍ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് എ ട്രിബ്യുട് ടു മാസ്റ്റേഴ്‌സ് എന്ന തലകെട്ടില്‍ സംഘടിപ്പിച്ച പരിപാടി അവതരണമികവ് കൊണ്ടും ഗാനാലാപനം കൊണ്ടും സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായി 1954-77 എന്ന മലയാള സംഗീതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലെ 20 പാട്ടുകള്‍ കോര്‍ത്തിണക്കികൊണ്ട് അവതരിപ്പിച്ച പരിപാടി ഹൃദ്യമായ വേറിട്ട അനുഭവമാണ് ശ്രോതാക്കള്‍ക്ക് നല്‍കിയത് .
മലയാളത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിലെ ഗാനങ്ങളെ അതിന്റെ ആസ്വാദനതലത്തില്‍ നിന്നടര്‍ത്തിയെടുത്ത് ഗാനരചയിതാവിനെയും
സംഗീത സംവിധായകനെയും പരിചയപെടുത്തിയും സ്മരണകള്‍ അര്‍പ്പിച്ചും അതിന്റെ ചരിത്രങ്ങളിലൂടെ സഞ്ചരിച്ച് വാനമ്പാടികളാല്‍
പാട്ടിന്റെ പാലാഴി തീര്‍ത്ത് ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്ക് ഗാനങ്ങളെ കൊണ്ടുപോയി ശ്രോതാക്കളുടെ ആത്മാവിലേക്ക് സംഗീതത്തിന്റെ ഹൃദയമിടിപ്പുകളെ സൂക്ഷ്മമായി പറിച്ചുനടുകയായിരുന്നു ഹൃദയരോഗ വിദഗ്ദനായ സംഗീതത്തിന്റെ ഹൃദയരാഗ വിദഗ്ദന്‍ ഡോക്ടര്‍ റഷീദ് പട്ടത് തന്റെ അവതരണത്തിലൂടെ കാഴ്ചവെച്ചത് .
റഷീദ് പട്ടത്തിന്റെ അവതരണത്തില്‍ ഗായകരായ റിയാസ് കരിയാട്, ബിനു അബ്രഹാം, ശിവപ്രിയ സുരേഷ്, മൈഥിലി പ്രവീണ്‍ഷേണായ്, റശാദ് ഖുറൈഷി, മുഹമ്മദ് ഉസ്മാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചപ്പോള്‍ ലത്തീഫ് മാഹിയുടെ ഓര്‍ക്കസ്ട്ര , സൗണ്ട് എഞ്ചിനീയര്‍ രഞ്ജിത്ത് , പരിപാടി ഹോസ്റ്റ് ചെയ്ത സുബിന വിജയ് തുടങ്ങിയര്‍ കൂടി ചേര്‍ന്നപ്പോള്‍ പരിപാടിക്ക് തിളക്കമേറി
പഴയ മലയാള പാട്ടുകളെ ഇഷ്ടപെടുന്ന ഒരു കൂട്ടം സമാന മനസ്‌കര്‍ ഡോക്ടര്‍ റഷീദ് പട്ടത്തിന്റെ നേതൃത്വത്തില്‍ യൂസഫ് ഹമീദ്,
ഷംസുദ്ദീന്‍ പഴുവില്‍, മുഹമ്മദ് ഉസ്മാന്‍, റഷാദ് ഖുറൈഷി, മഖ്ദൂം ഇന്‍സൈറ്റ് എന്നീ സംഗീതപ്രേമികളെ ചേര്‍ത്തുപിടിച്ചുകൊണ്ട് രൂപം കൊടുത്തതാണ് ഗ്രാമഫോണ്‍ ഖത്തര്‍ എന്ന കൂട്ടായ്മ.
സംഗീതത്തെ അതിന്റെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ട് സഹൃദയ മനസ്സുകളിലേക്ക് പകര്‍ന്നുനല്‍കാന്‍ ഗ്രാമഫോണ്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതായിരുന്നു സ്മരണാഞ്ജലി എന്ന പരിപാടി .
ദോഹ കണ്ട സംഗീത സദസ്സുകളില്‍ നിന്നും വ്യത്യസ്തമായി മലയാള സംഗീതലോകത്തെ മരണമില്ലാത്ത വരികളെ മാസ്മരികമായ ഒരു ഗൃഹാതുരതത്തിലേക്ക് മാടിവിളിച്ചുകൊണ്ടായിരുന്നു ഡോക്ടര്‍ റഷീദ് പട്ടത് നയിച്ച സ്മരാഞ്ജലി സീസണ്‍ 1 എന്ന പരിപാടിയുടെ തിരശീല വീണത് .
ശ്രോതാക്കളുടെ ആവശ്യപ്രകാരം സ്മരണാഞ്ജലിയുടെ തുടര്‍ സീസണുകള്‍ സംഘടിപ്പിക്കാന്‍ ഗ്രാമഫോണ്‍ ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംഘാടകര്‍ അറിയിച്ചു