ഫോര്‍ മൈ ലൗ : 12 ദമ്പതിമാര്‍ക്ക് പ്രവാസ സമൂഹം സ്വീകരണം നല്‍കി
ദോഹ: പതിറ്റാണ്ടുകളായി പ്രവാസ ജീവിതം നയിച്ചിട്ടും ഒരിക്കല്‍ പോലും സ്വന്തം ജീവിത പങ്കാളിക്ക് തങ്ങള്‍ ജീവിക്കുന്ന പ്രവാസ നാട് കാണിച്ചു കൊടുക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത 12 പ്രവാസികള്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഖത്തറിലെ പ്രവാസ സമൂഹം ഗംഭീര സ്വീകരണം നല്‍കി. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ മൂലം ഗള്‍ഫിലും നാട്ടിലുമായി അകലെ ജീവിക്കേണ്ടി വരുന്ന പ്രവാസികളില്‍ നിന്നും ഏതാനും പേര്‍ക്ക് തങ്ങളുടെ പ്രിയ ഭാര്യമാരെ കുറച്ചു ദിവസത്തേക്കെങ്കിലും ഖത്തറിലേക്ക് കൊണ്ടുവരാനും ഒരുമിച്ച് ഖത്തര്‍ കാണാനും അവസരമൊരുക്കിയത് നസീം ഹെല്‍ത്ത് കെയറും ഖത്തറിലെ ജനകീയ റേഡിയോ – റേഡിയോ മലയാളം 98.6 എഫ് എമ്മും ഏതാനും വാണിജ്യ സ്ഥാപനങ്ങളും ചേര്‍ന്നാണ്.
ദോഹ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ഇരുന്നൂറിലേറെ ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുത്ത സ്വീകരണ പരിപാടിയില്‍ 12 ദമ്പതിമാരെയും ആദരിച്ചു. കഹ്‌റമാ കമ്യൂണിക്കേഷന്‍സ് വിഭാഗം ഹെഡ് നദ അല്‍ അംരി, റാഷിദ് ദിവാന്‍, ആദില്‍ ബത്റാവി, ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐസിബിഎഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് നായര്‍, ഐ ബി പി സി വൈസ് പ്രസിഡന്റ് അഷ്‌റഫ്, എംബസി അപെക്‌സ് ബോഡി നിയുക്ത പ്രസിഡന്റുമാരായ എ.പി. മണികണ്ഠന്‍ (ഐ സി സി) ഷാനവാസ് ബാവ (ഐസിബിഎഫ്), ഇ പി അബ്ദുറഹ്‌മാന്‍ (ഐ എസ് സി ), വാണിജ്യ വ്യവസായ പ്രമുഖര്‍, സംഘടനാ ഭാരവാഹികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, പഴയകാല പ്രവാസികള്‍, റേഡിയോ മലയാളം & ക്യുഎഫ് എം വൈസ് ചെയര്‍മാന്‍ കെ സി അബ്ദുല്‍ ലത്വീഫ്, സി ഇ ഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ നന്ദി പറഞ്ഞു. റേഡിയോ പ്രവര്‍ത്തകര്‍ അവതരിപ്പിച്ച സംഗീത പരിപാടിയും അരങ്ങേറി.
ചുരുങ്ങിയത് പതിനഞ്ച് വര്‍ഷമെങ്കിലുമായി ഖത്തറില്‍ തൊഴിലെടുക്കുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടെ നൂറ് കണക്കിന് അപേക്ഷകളില്‍ നിന്നും റേഡിയോ ശ്രോതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്ത 12 പേരുടെ ഭാര്യമാരാണ് ഇത്തവണ ഖത്തറിലെത്തിയത്. മാര്‍ച്ച് 4 മുതല്‍ 10 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ദമ്പതികള്‍ക്ക് പ്രമുഖര്‍ പങ്കെടുക്കുന്ന പ്രവാസ മലയാളത്തിന്റെ പ്രത്യേക ആദരിക്കല്‍ ചടങ്ങിനു പുറമെ, ഖത്തറിലെ വിവിധ കൂട്ടായ്മകളും സ്ഥാപനങ്ങളും നല്കുന്ന സ്വീകരണങ്ങള്‍, രാജ്യത്തെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനം, നിരവധി സമ്മാനങ്ങള്‍ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. 2018ലും 2019 ലും യഥാക്രമം പത്ത്, പതിനൊന്ന് ഭാര്യമാരെ കൊണ്ടുവന്നതിന്റെ തുടര്‍ച്ചയായാണ് സീസണ്‍ 3 സംഘടിപ്പിച്ചത്.