അനധികൃത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താന്‍ കള്ളക്കടത്തുകാര്‍ ഫാക്ടറി പാക്കേജിംഗ് ഉപയോഗിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ: മയക്കുമരുന്നും മറ്റ് നിരോധിത വസ്തുക്കളും ഖത്തറിലേക്ക് കടത്താന്‍ കള്ളക്കടത്തുകാര്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായി എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് കസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ അഹമ്മദ് യൂസഫ് അല്‍ ഖാന്‍ജി വെളിപ്പെടുത്തി. അനധികൃത വസ്തുക്കള്‍ ഖത്തറിലേക്ക് കടത്താന്‍ കള്ളക്കടത്തുകാര്‍ ഫാക്ടറി പാക്കേജിംഗ് ഉപയോഗിക്കുന്നു. നിരോധിതവസ്തുക്കള്‍ തിരിച്ചറിയാതിരിക്കാന്‍ ചിലപ്പോള്‍ മസാലകള്‍, കാപ്പി, കുട്ടികള്‍ക്കുള്ള മിഠായി തുടങ്ങിയവയില്‍ ഒളിപ്പിച്ച പല കേസുകളും പിടികൂടിയതായി അല്‍-ഖാന്‍ജി വ്യക്തമാക്കി. ഖത്തര്‍ റേഡിയോയോട് സംസാരിക്കവേയാണ് കള്ളക്കടത്തുകാര്‍ ആശ്രയിക്കുന്ന നൂതന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം വിശദമാക്കിയത്.
കഴിഞ്ഞ മാസം മിഠായി പൊതികള്‍ക്കുള്ളില്‍ ഒളിപ്പിച്ച 400-ലധികം മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തു. സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ കണ്ടെയ്നറുകളും നിരോധിതവസ്തുക്കള്‍ കടത്താന്‍ ഉപയോഗിക്കാറുണ്ടെന്നും അല്‍-ഖാന്‍ജി വെളിപ്പെടുത്തി, അവ പൊട്ടാത്ത മുദ്രകളില്‍ വന്ന് ‘ഫാക്ടറിയില്‍ നിന്ന് നേരിട്ട്’ വന്നതുപോലെ കാണപ്പെടുന്നു.’അതില്‍ എന്തെങ്കിലും നിരോധിത വസ്തുക്കള്‍ അടങ്ങിയിരിക്കുമെന്ന് ഒരിക്കലും സംശയിക്കില്ല,’ എന്നാല്‍ വിദഗ്ധ പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥരെ മറികടക്കാന്‍ പ്രയാസമാണ് അല്‍-ഖാന്‍ജി കൂട്ടിച്ചേര്‍ത്തു.