ലോകത്ത് ഏറ്റവും സുരക്ഷിതമായ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആദ്യ പത്തില്‍ ഇടം നേടി ദോഹ
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകത്ത് ഏറ്റവും സുരക്ഷിതമായ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ആദ്യ പത്തില്‍ ഇടം നേടി ദോഹ. യുകെയിലെ സുരക്ഷാ പരിശീലന സംഘടനയായ ‘ഗെറ്റ് ലൈസന്‍സ്’ അടുത്തിടെ നടത്തിയ സര്‍വേയിലാണ് ലോകത്തില്‍ ഏറ്റവും സുരക്ഷിതമായ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ദോഹ ഇടം നേടിയത്. ഈ ലിസ്റ്റിലെ ആദ്യ പത്തില്‍ ഇടം നേടിയ ഏക ഗള്‍ഫ് രാജ്യം ഖത്തറാണ് .
ക്യോട്ടോ, തായ്പേയ്, സിംഗപ്പൂര്‍, ടോക്കിയോ, ദോഹ എന്നീ അഞ്ച് സ്ഥലങ്ങളാണ് ഏഷ്യയില്‍ നിന്നും ആദ്യ 10 പട്ടികയില്‍ ഉള്ളത്.
സര്‍വേ പ്രകാരം, കുറ്റകൃത്യങ്ങളും നരഹത്യയും, പോലീസിലുള്ള വിശ്വാസം, കവര്‍ച്ച ചെയ്യപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയുള്‍പ്പെടെ നിരവധി സുരക്ഷാ ഘടകങ്ങള്‍ ഉപയോഗിച്ചാണ് നഗരങ്ങളെ റാങ്ക് ചെയ്തിരിക്കുന്നത്. 100 മികച്ച ആഗോള ടൂറിസ്റ്റ് നഗരങ്ങളില്‍ നിന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
റെയ്ക്ജാവിക് (ഐസ്ലന്‍ഡ്), ബേണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ബെര്‍ഗന്‍ (നോര്‍വേ), ക്യോട്ടോ (ജപ്പാന്‍), തായ്പേയ് (തായ്വാന്‍) എന്നിവയാണ് ലിസ്റ്റിലെ ആദ്യ അഞ്ച് നഗരങ്ങള്‍. ദോഹയ്ക്കൊപ്പം സിംഗപ്പൂര്‍ (സിംഗപ്പൂര്‍), കോപ്പന്‍ഹേഗന്‍ (ഡെന്‍മാര്‍ക്ക്), സാല്‍സ്ബര്‍ഗ് (ഓസ്ട്രിയ), ടോക്കിയോ (ജപ്പാന്‍) എന്നിവ ആദ്യ പത്തില്‍ ഇടം നേടി.
ലാഗോസ് (നൈജീരിയ), ലിമ (പെറു), മെക്‌സിക്കോ സിറ്റി (മെക്‌സിക്കോ), ന്യൂഡല്‍ഹി (ഇന്ത്യ), മനില (ഫിലിപ്പീന്‍സ്) എന്നിവയാണ് സര്‍വേ പ്രകാരം ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ ആഗോള വിനോദസഞ്ചാര കേന്ദ്രങ്ങള്‍.