
ഓണാഘോഷം ഗംഭീരമാക്കി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി
ഓണാഘോഷങ്ങളുടെ ഓര്‍മ്മകള്‍ കൂട് കൂട്ടിയ പ്രവാസ മനസ്സുകളില്‍ സന്തോഷപ്പെരുമഴ പെയ്യിച്ച് കൊണ്ട് തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ഓണത്താളം 2022 ഇന്നലെ വൈകുനേരം 6 മണി മുതല്‍ 10 മണി വരെ ഐഡിയല്‍ സ്‌കൂള്‍ അല്‍ ഖമര്‍ ഓഡിറ്റൊറിയത്തില്‍ അരങ്ങേറി.
തിരുവാതിരയും , ഒപ്പനയും ,
മാര്‍ഗ്ഗം കളിയും , നൃത്ത നൃത്യങ്ങളും, മോണോ ആക്റ്റും, മിമിക്രിയും സ്‌പോട്ട് ഡബ്ബിങ്ങും,കൈതോലക്കൂട്ടം ഒരുക്കിയ നാടന്‍ പാട്ടും , തായമ്പകയും,
കുമ്മാട്ടിയും , പുലികളും പിന്നെ
മാവേലി മന്നനും ഒരുപോലെ ഒത്ത് ചേര്‍ന്ന 100 ഓളം കലാകാരന്മാര്‍ അവതരിപ്പിച്ച ഒരു മെഗാ ഇവന്റിന് സാക്ഷ്യം വഹിക്കാനെത്തിയത് 500ലേറെ കാഴ്ചക്കാരായിരുന്നു.
പരിപാടിയുടെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിന് വേദി ജനറല്‍ സെക്രട്ടറി ശ്രി ശ്രീനിവാസന്‍ സ്വാഗതം ആശംസിച്ചു. വേദി പ്രസിഡന്റ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിക്കുകയും സമ്മേളനം ഉത്ഘാടനം ചെയ്യുകയും ചെയ്തു. ട്രെഷറര്‍ പ്രമോദ്, തൃശ്ശൂര്‍ ആര്‍ട്ട് സെന്റര്‍ മാനേജിങ് ഡയറക്ടര്‍ പി മുഹ്സിന്‍ എന്നിവര്‍ ആശംസകള്‍ നേരുകയും കള്‍ച്ചറല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹബീബ് ചെമ്മാപ്പുള്ളി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പ്രോഗ്രാം മുഖ്യ കോര്‍ഡിനേറ്റര്‍ ആയിരുന്ന അബ്ദുള്‍ റസാഖ് ഈ മഹാ സംഗമത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച വേദി കള്‍ച്ചറല്‍ കമ്മിറ്റിക്കും മറ്റെല്ലാ സജീവ പ്രവര്‍ത്തകര്‍ക്കും , കൂട്ടായി നിന്ന പ്രായോജകര്‍ക്കും പ്രത്യേകം നന്ദിയും സ്‌നേഹവും അറിയിച്ചു.
റാഫിള്‍ ഡ്രോ കൂപ്പണിലൂടെ മെഗാ സമ്മാനങ്ങള്‍ നല്‍കിയും, വന്ന് ചേര്‍ന്നവര്‍ക്കെല്ലാം സൗഹൃദ ഭക്ഷണമൊരുക്കിയും വേദിയുടെ ഓണാഘോഷം വ്യത്യസത്മായ അനുഭവമാക്കി മാറ്റാന്‍ പ്രോഗ്രാം കമ്മിറ്റിക്ക് സാധിച്ചു.