Breaking NewsUncategorized

ദോഹ റമദാന്‍ മീറ്റ് നാളെ


അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തര്‍ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമമായ ദോഹ റമദാന്‍ മീറ്റ് നാളെ നടക്കും. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രത്തിന്റെ (ഡി.ഐ.സി.ഐ.ഡി) സഹകരണത്തോടെ യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന പരിപാടി അല്‍ അറബി സ്റ്റേഡിയത്തില്‍ വൈകിട്ട് 4.00ന് ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്റാഹിം ബിന്‍ സാലിഹ് അല്‍ നുഐമി ഉദ്ഘാടനം ചെയ്യും.
സ്നേഹ സംവാദ വേദികളിലെ സജീവ സാന്നിധ്യവും യാക്കോബായ സഭ നിരണം ഭദ്രാസനാധിപനുമായ ബിഷപ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ദോഹ റമദാന്‍ മീറ്റിന്റെ മുഖ്യാതിഥിയാകും. നാഷണല്‍ ഫെഡറേഷന്‍ ഓഫ് യൂത്ത് മൂവ്മെന്റ്സ് ഇന്ത്യ ചെയര്‍മാന്‍ സുഹൈബ് സി.ടി മുഖ്യപ്രഭാഷണം നടത്തും.

യൂത്ത് ഫോറം ഖത്തര്‍ പ്രസിഡന്റ് എസ്.എസ് മുസ്തഫ, ഡി.ഐ.സി.ഐ.ഡി, സി.ഐ.സി പ്രതിനിധികള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം യുവാക്കള്‍ പങ്കെടുക്കും.

മനുഷ്യ മഹത്വത്തെയും ആശയ വൈവിധ്യങ്ങളെയും നിരാകരിക്കുന്ന വര്‍ഗീയ പ്രവണതകളെ മാനവിക സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മറികടക്കാന്‍ പ്രവാസി സമൂഹത്തെ പ്രാപ്തരാക്കുകയാണ് ദോഹ റമദാന്‍ മീറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!