വേനല്‍ ചൂടിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ പ്രത്യേകം സ്റ്റാമ്പുകളുമായി ഖത്തര്‍ പോസ്റ്റ്
അമാനുല്ല വടക്കാങ്ങര
ദോഹ: രാജ്യത്ത് അനുദിനം ചൂട് കൂടുകയും , ചൂടുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വേനല്‍ ചൂടിനെക്കുറിച് ബോധവല്‍ക്കരണം നടത്താന്‍ തൊഴില്‍ മന്ത്രാലയം ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനിയുമായി (ഖത്തര്‍ പോസ്റ്റ്) സഹകരിച്ച് പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. തൊഴില്‍ മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
ദോഹയില്‍ നടക്കുന്ന ഒക്യുപേഷണല്‍ ഹീറ്റ് സ്‌ട്രെസ് സംബന്ധിച്ച ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. വേനല്‍ക്കാലത്തെ തൊഴില്‍ സുരക്ഷയും ആരോഗ്യവും ഊന്നിപ്പറയുന്ന ഇത്തരം സ്റ്റാമ്പുകള്‍ ആദ്യമായാണ് പുറത്തിറക്കുന്നത്.
‘ജോലിസ്ഥലത്ത് സുരക്ഷയും ആരോഗ്യവും: അടിസ്ഥാന അവകാശവും കൂട്ടുത്തരവാദിത്വവും’ എന്ന തലക്കെട്ടിലാണ് സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കിയത്.
തൊഴിലാളികളില്‍ ചൂടിന്റെ ആഘാതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങളുടെ കാര്യക്ഷമതയും ഇക്കാര്യത്തില്‍ ഖത്തര്‍ സ്വീകരിച്ചിട്ടുള്ള നടപടികളും ചൂണ്ടിക്കാണിക്കുകയാണ് സ്റ്റാമ്പുകളുടെ ലക്ഷ്യം.
‘ചൂട് സമ്മര്‍ദ്ദത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമങ്ങളുടെ കാര്യക്ഷമത ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സൗകര്യങ്ങളും പൊതു അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നതിനുള്ള ഏറ്റവും ഉയര്‍ന്ന സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുകയാണ്’ സ്റ്റാമ്പുകളുടെ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പ്രസ്താവിച്ചു.
വേനല്‍കാലത്ത് തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഖത്തര്‍ നടപ്പാക്കാറുള്ളത്.