ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണം : കള്‍ച്ചറല്‍ ഫോറം
ദോഹ : പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മലബാര്‍ മേഖലയിലെ കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കോഴ്സുകളില്‍ പ്രവേശനം നേടി ഉപരിപഠനം നടത്താനുള്ള ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ ഇല്ലെന്നുള്‍പ്പടെയുള്ള ഉന്നത വിദ്യാഭ്യാസ രംഗത്തെ മലബാറിനോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
മികച്ച മാര്‍ക്കോടെ കൂടുതല്‍ പേര് ജയിക്കുന്നത് മലബാറിലാണെന്നിരിക്കെ ഓരോ വര്‍ഷവും ജയിച്ചിറങ്ങുന്നവര്ക്ക് ആനുപാതികമായി ബാച്ചുകൾ വര്ദ്ദിപ്പിക്കുന്നില്ല. തെക്കന്‍ ജില്ലകളില്‍ ഇരുപത്തൊന്നായിരം സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ മലബാര്‍ മേഖലയില്‍ ഇത്തവണയും എസ്.എസ്.എല്‍.സി വിജയിച്ച അമ്പത്തി ആറായിരത്തോളം കുട്ടികള്‍ ഉപരിപഠനത്തിന് സീറ്റില്ല, പ്രതിഷേധം ഉയരുമ്പോള്‍ ബാച്ചുകള്‍ വര്ദ്ദിപ്പിക്കാതെ കുറച്ച് സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചുള്ള കബളിപ്പിക്കലില്‍ ക്ലാസുകളെ ആൾകൂട്ട കേന്ദ്രങ്ങളാക്കുകയാണ്. നിലവില്‍ തന്നെ ക്ലാസുകളിൽ 60 ല്‍ അധികം കുട്ടികള്‍ ഉണ്ട്. അത് ഈ വർഷവും വർധിപ്പിക്കുകയാണ്. ഈ വര്‍ഷവും സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് സീറ്റുകള്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉള്‍ക്കൊള്ളാവുന്നതിലധികം കുട്ടികള്‍ തിങ്ങി നിറഞ്ഞ മലബാറീലെ ക്ലാസ് മുറികള്‍ വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കും. ഒഴിഞ്ഞ് കിടക്കുന്ന തെക്കന്‍ ജില്ലകളിലെ ബാച്ചുകള്‍ റദ്ദ് ചെയ്ത് മലബാറിലെ സ്കൂളുകള്‍ക്ക് അധിക ബാച്ചുകള്‍ അനുവദിച്ചാല്‍ സര്‍ക്കാറീന് സാമ്പത്തിക ബാദ്ധ്യതയില്ലാതെ തന്നെ കാര്യങ്ങള്‍ പരിഹരിക്കാമെന്നിരിക്കെ അത്തരം കാര്യങ്ങള്‍ ചെയ്യാതെയും മലബാര്‍ മേഖലയോട് കടുത്ത അവഗണന തുടരുകയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും കള്‍ച്ചറല്‍ ഫോറം ജില്ലാക്കമ്മറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് റാഫി, വിമണ്‍ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഫൗസിയ ആരിഫ്, വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാക്കമംറ്റിയംഗം ഷാഹിദ ജലീല്‍, കള്‍ച്ചറല്‍ ഫോറം സംസ്ഥാന കമ്മറ്റിയംഗം അഡ്വക്കറ്റ് ഇഖ്ബാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, വൈസ് പ്രസിഡന്റ് സകീന അബ്ദുള്ള, സെക്രട്ടറിമരായ അബ്ദുറഹീം വേങ്ങേരി, ഹാരിസ് പുതുക്കൂല്‍, യാസര്‍ ടി.കെ, റാസിഖ് എന്‍, റബീഹ് സമാൻ, സനീയ തുടങ്ങിയവര്‍ സംസാരിച്ചു.