ഐസിബിഎഫിന്റെ തൊഴിലാളി ദിനാഘോഷം – രംഗ് തരംഗ് – അവിസ്മരണീയമായി
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷട്ര തൊഴിലാളി ദിനാഘോത്തിന്റെ ഭാഗമായി ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയം പാര്‍ക്കിങ്ങില്‍ നടന്ന രംഗ് തരംഗ് സമൂഹത്തിലെ വിവിദ തട്ടുകളിലുള്ള ആയിരങ്ങള്‍ക്ക് അവിസ്മരണീയമായ അനുഭവമായി.
വൈകുന്നേരം 5 മണി മുതല്‍ ആരംഭിച്ച ആഘോഷത്തിനായി അണിയിച്ചൊരുക്കിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ മികച്ച നിലവാരം പുലര്‍ത്തി. പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആസ്വാദകരുടെ മനം കവര്‍ന്ന സാംസ്‌കാരിക പരിപാടികളും ആവേശകരമായ വാദ്യമേളങ്ങളും അരങ്ങേറി.
ഇന്ത്യന്‍ എംബസിയിലെ ചാര്‍ജ് ഡി അഫയേഴ്സ് ആഞ്ജലിന്‍ പ്രേംലത മുഖ്യാതിഥിയായിരുന്നു. ആഭ്യന്തര മന്ത്രാലയം ഫസ്റ്റ് ലെഫ്റ്റനന്റ് ഖാലിദ് ഹുസൈന്‍ അല്‍ ഷമാരി, ലെഫ്റ്റനന്റ് കേണല്‍ ഖാലിദ് അല്‍ സമാന്‍, ദേശീയ മനുഷ്യാവകാശ സമിതിയില്‍ നിന്ന് ഹമദ് അല്‍ മര്‍സൂക്കി, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള മാക്‌സ് ട്യൂണന്‍, ശ്രീലങ്കന്‍ അംബാസഡര്‍ മുഹമ്മദ് മഫാസ് മൊഹിദീന്‍, ബംഗ്‌ളാദേശ് അംബാസഡര്‍ നസ്റുല്‍ ഇസ്ലാം, നേപ്പാള്‍ അംബാസഡര്‍ നരേഷ് ബിക്രം ധക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മികച്ച പന്ത്രണ്ട് ബ്ലൂ കോളര്‍ തൊഴിലാളികളെ അവരുടെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കും മാതൃകാപരമായ സേവനത്തിനും ആദരിച്ചുകൊണ്ടാണ് സംഘാടകര്‍ പരിപാടി കൂടുതല്‍ സവിശേഷമാക്കിയത്. അബ്ദുള്‍ റഷീദ് നീലിമാവുങ്കല്‍, ഹംസ സി, പീറ്റര്‍ പയസ്, കരിയാട്ട് പറമ്പില്‍ അയ്യപ്പന്‍, മടവബട്ട് സുധാകരന്‍, സയ്യിദ് ജാഫര്‍, വലിയകത്ത് ബഷീര്‍, ശശിധരന്‍ തെക്കയില്‍, ആമു മുഹമ്മദ് ഷാഫി ,സമീര്‍ അഹമ്മദ് ഷഹാബുദ്ദീന്‍ ഖലീഫ, പോത്തലിംഗം ബസറപ്പ, ഇ.സി രാമകൃഷ്ണന്‍ എന്നിവരെയാണ് ആദരിച്ചത്.
ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഐസിബിഎഫ് ജനറല്‍ സെക്രട്ടറി ശ്രീ വര്‍ക്കി ബോബന്‍ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വിനോദ് നായര്‍ നന്ദിയും പറഞ്ഞു.