ഖുര്‍ആന്‍ കത്തിച്ചത് പ്രതിഷേധാര്‍ഹം: മൊറോക്കോ സമ്മേളനം
ദോഹ: മൊറോക്കൊവിന്റെ തലസ്ഥാനമായ റബാത്തില്‍ നടന്ന ലീഗ് ഓഫ് ഇസ് ലാമിക് യൂണിവേഴ്‌സിറ്റീസ് സമ്മേളനം സമാപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യം ഇസ് ലാമിലും അന്താരാഷ്ട്ര നിയമങ്ങളിലും: ചട്ടക്കൂടിന്റെ ആവശ്യകത എന്നതായിരുന്നു സമ്മേളത്തിലെ ചര്‍ച്ചാ വിഷയം.
ഏഴ് സെഷനുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പ്രമുഖര്‍ ഇരുപത് പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു.
ആവിഷ്‌കാര സ്വാതന്ത്ര്യം മനുഷ്യാവകാശത്തില്‍ പെട്ടതാണ്. എന്നാല്‍ അതിന്റെ പേരില്‍ ജനങ്ങള്‍ പവിത്രമായി കരുതുന്ന മതങ്ങളെയും വേദങ്ങളെയും പ്രവാചകന്മാരെയും പരിഹസിക്കുന്നത് ശരിയല്ല. സ്വീഡനിലും ഡന്‍മാര്‍ക്കിലും വിശുദ്ധ ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. പാഠപുസ്തകങ്ങളില്‍ മതനിന്ദക്കെതിരിലുള്ള അദ്ധ്യാപനങ്ങളുണ്ടാവണമെന്നും മതനിന്ദ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിക്ക് പുറത്താണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
കെയ്‌റോ (ഈജിപ്ത്) വിലെ ലീഗ് ഓഫ് ഇസ് ലാമിക് യൂണിവേഴ്‌സിറ്റീസ്, മൊറോക്കോവിലെ ഇസ് ലാമിക് എഡുക്കേഷനല്‍, സയിന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു സമ്മേളനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറോളം മുതിര്‍ന്ന വിദ്യാഭ്യാസ വിചക്ഷണരും സര്‍വ്വകലാ ശാലാ പ്രതിനിധികളും പങ്കെടുത്തു. ഇന്ത്യയില്‍ നിന്നും ഡോ. ഹുസൈന്‍ മടവൂര്‍ ആണ് പ്രബന്ധം അവതരിപ്പിച്ചത്. കൂടാതെ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം, അര്‍ഷദ് മുഖ്താര്‍ മുംബൈ, എന്നിവരും പങ്കെടുത്തു.
മക്കയിലെ മുസ് ലിം വേള്‍ഡ് ലീഗ് (റാബിത്ത) സെക്രട്ടരി ജനറല്‍ ഡോ.അബ്ദുല്‍ കരീം അല്‍ ഈസാ,
ഇസ് ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗ് സെക്രട്ടരി പ്രൊഫസര്‍ സാമീ അല്‍ ശരീഫ് , ഇസെസ്‌കോ ജനറല്‍ സെക്രട്ടരി ഡോ. സാലിം ബിന്‍ മുഹമ്മദ് അല്‍ മാലിക്, മൊറോക്കോ മുഹമ്മദിയ്യാ പണ്ഡിതസഭാ സെക്രട്ടരി ഡോ. അഹ്‌മദ് അല്‍ അബ്ബാദി, ഈജിപ്ഷ്യന്‍ മുഫ്തി ശൈഖ് ഡോ. ശൗഖി ഇബ്‌റാഹിം അല്ലാം തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വതന്ത്ര്യവും എല്ലാവര്‍ക്കും അനുവദിക്കപ്പെട്ടതാണെന്നും എന്നാല്‍ അത് മതനിന്ദയിലേക്കെത്തുന്നത് നിയന്ത്രിക്കാന്‍ നിയമമുണ്ടാവണമെന്നും ഡോ.ഹുസൈന്‍ മടവൂര്‍ പ്രബന്ധം അവതരിപ്പിച്ച് വിശദീകരിച്ചു.