ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസില്‍ 78 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി ഗവണ്‍മെന്റ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസില്‍ 78 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഈ അധ്യയന വര്‍ഷാരംഭം മുതല്‍ തന്നെ ഇളവ് ബാധകമാകും.
പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്ന, ജിസിസി പൗരന്മാരല്ലാത്ത ഖത്തറികളല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക്, കുട്ടി സ്‌കൂള്‍ ഗതാഗതം ഉപയോഗിക്കുന്നുണ്ടെങ്കില്‍, ഓരോ സെമസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസ് 220 റിയാലായി നിശ്ചയിച്ചതായി വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി പറഞ്ഞു. നിലവില്‍ ഒരു സെമസ്റ്ററിന് ഒരു വിദ്യാര്‍ത്ഥിക്ക് 1,000 റിയാല്‍ വരെയായിരുന്നു ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസ് .
എന്‍ഡോവ്മെന്റ്, ഇസ് ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഇമാമുമാരുടെയും മുഅദ്ദിന്‍മാരുടെയും കുട്ടികളെ പുസ്തകങ്ങളുടെ വിലയില്‍ നിന്നും ഗതാഗത ഫീസില്‍ നിന്നും ഒഴിവാക്കാനും മന്ത്രാലയം തീരുമാനിച്ചു.
എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന കാഴ്ചപ്പാടിന് അനുസൃതമായി വിദ്യാര്‍ത്ഥികളെയും അവരുടെ കുടുംബങ്ങളെയും അവരുടെ വിദ്യാഭ്യാസ യാത്രയില്‍ തുടര്‍ന്നും പിന്തുണയ്ക്കാനുള്ള തീക്ഷ്ണതയാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ സെമസ്റ്ററിനും ഓരോ വിദ്യാര്‍ത്ഥിക്കും 150 റിയാല്‍ എന്ന നിരക്കിലാണ് പാഠപുസ്തകങ്ങളുടെ വില, ഖത്തരി സ്ത്രീകളുടെയും ഭിന്നശേഷിയുള്ളവരുടെയും കുട്ടികളെ പുസ്തകങ്ങളുടെ വിലയും യാത്രാക്കൂലിയും നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.