എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിന്റെ ദേശീയ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് സി.ഇ.ഒ ആയി എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ സ്ഥാനമേല്‍ക്കും. കഴിഞ്ഞ 27 വര്‍ഷമായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് ആയി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന അക്ബര്‍ അല്‍ ബേക്കര്‍ 2023 നവംബര്‍ 5 ന് വിരമിക്കുന്ന ഒഴിവിലാണ് എന്‍ജിനീയര്‍ ബദര്‍ മുഹമ്മദ് അല്‍ മീര്‍ സ്ഥാനമേല്‍ക്കുക. ഏവിയേഷന്‍ രംഗത്ത് തന്നെ റിക്കോര്‍ഡ് സൃഷ്ടിച്ച് ലോകാടിസ്ഥാനത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിനെ ഏറ്റവും മികച്ച നിലവാരത്തിലെത്തിച്ച ശേഷമാണ് അക്ബര്‍ അല്‍ ബേക്കര്‍ പടിയിറങ്ങുന്നത്.
അല്‍ ബേക്കറിന്റെ നേതൃത്വത്തില്‍, ഉപഭോക്തൃ സേവന നിലവാരത്തിന്റെ പര്യായമായും ഉയര്‍ന്ന നിലവാരത്തിലും ഖത്തര്‍ എയര്‍വേയ്സ് ആഗോളതലത്തില്‍ ഏറ്റവും തിരിച്ചറിയാവുന്നതും വിശ്വസനീയവുമായ ബ്രാന്‍ഡുകളിലൊന്നായി വളര്‍ന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍’ അവാര്‍ഡ് ഏഴ് തവണയാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയത്. കൂടാതെ അതിന്റെ മാനേജ്‌മെന്റിനും പ്രവര്‍ത്തനത്തിനു കീഴിലുള്ള അത്യാധുനിക ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലോകത്തിലെ ഏറ്റവും മികച്ച എയര്‍പോര്‍ട്ടായി അംഗീകാരം ലഭിച്ചു.