‘കൂറ്റനാട് പ്രീമിയര്‍ ലീഗ് നവംബര്‍ 21-ന് ആരംഭിക്കും

ദോഹ: ഖത്തറിലെ കായികപ്രേമികള്‍ക്കിടയില്‍ ആവേശം നിറച്ച്, ഖത്തര്‍ കൂറ്റനാട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘കൂറ്റനാട് പ്രീമിയര്‍ ലീഗ് 2025’ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 21-ന് വെള്ളിയാഴ്ച അല്‍ മെഷാഫിലെ ജംസ് അമേരിക്കന്‍ അക്കാദമിയില്‍ ആരംഭിക്കും. വൈകുന്നേരം 3.00 മണിക്ക് കിക്കോഫ് ചെയ്യുന്ന ടൂര്‍ണമെന്റില്‍ പ്രാദേശിക ഫുട്ബോള്‍ രംഗത്തെ പ്രമുഖരായ ചുങ്കം ബ്രദേഴ്സ്, റോയല്‍ എഫ് സി, എഫ് സി കൂറ്റനാട്, കിംഗ്സ് കൂറ്റനാട് എന്നിങ്ങനെ നാല് ശക്തമായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ഫുട്ബോളിനോടുള്ള തങ്ങളുടെ സ്നേഹം ആഘോഷിക്കുന്നതോടൊപ്പം, പ്രവാസികള്‍ക്കിടയില്‍ സൗഹൃദവും കായികക്ഷമതയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ ഈ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടീം ഉടമകളായ സക്കീര്‍ വി പി, സലീം കെ വി, കാദര്‍ എ വി, ജലീല്‍ എ.വി എന്നിവര്‍ ടീമുകള്‍ക്ക് മികച്ച പിന്തുണയുമായി രംഗത്തുണ്ട്. പ്രഗത്ഭരായ മാനേജര്‍മാരുടെയും ഉപദേശകരുടെയും നേതൃത്വത്തില്‍ ടീമുകള്‍ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. നവംബര്‍ 21 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഖത്തറിലെ പ്രമുഖ സാമൂഹ്യ-സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ടൂര്‍ണമെന്റ് അപ്ഡേറ്റുകള്‍ക്കുമായി അനസ് വാവനൂരിനെ 70079910 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്