അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ദോഹയ്ക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ: അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ അവാര്‍ഡിന്റെ 14-ാമത് സെഷനില്‍ ഇലക്ട്രോണിക് ആന്റ് സ്മാര്‍ട്ട് ട്രാന്‍സ്ഫോര്‍മേഷനുള്ള എക്സലന്‍സ് അവാര്‍ഡ് ദോഹ സ്വന്തമാക്കി. ദോഹയിലെ അവാര്‍ഡ് ഫൗണ്ടേഷന്റെ ആസ്ഥാനത്ത് ഇന്നലെ നടന്ന ചടങ്ങിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
അറബ് ടൗണ്‍സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ എഞ്ചിനീയര്‍ അബ്ദുള്‍ റഹ്‌മാന്‍ ഹിഷാം അല്‍-അസ്ഫൂര്‍, ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്രാന്‍ അല്‍ ബുവൈനൈന്‍,മുനിസിപ്പാലിറ്റികളുടെയും വകുപ്പുകളുടെയും ജനറല്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ പതിനാലാമത് സെഷന്‍ അവാര്‍ഡുകളുടെ ജൂറി ഈ സെഷനിലെ അവാര്‍ഡുകള്‍ നേടിയ അറബ് നഗരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു.
ഫൗണ്ടേഷന് വിവിധ അറബ് നഗരങ്ങളില്‍ നിന്ന് ആറ് എന്‍ട്രികള്‍ ലഭിച്ചു. ഇലക്ട്രോണിക് ആന്റ് സ്മാര്‍ട്ട് ട്രാന്‍സ്ഫോര്‍മേഷനുള്ള എക്സലന്‍സ് അവാര്‍ഡിന് ദോഹ മുനിസിപ്പാലിറ്റി അര്‍ഹമായി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ജോര്‍ദാന്‍ – ഗ്രേറ്റര്‍ അമ്മാന്‍ മുനിസിപ്പാലിറ്റിയും പബ്ലിക് കോര്‍പ്പറേഷന്‍ ഫോര്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്മെന്റും നേടി.
1986 മുതല്‍ 2017 വരെയുള്ള അവാര്‍ഡുകളുടെ മുന്‍ പതിപ്പുകളില്‍ ദോഹ മുമ്പ് 11 അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അതേസമയം മറ്റ് ആറ് ഖത്തരി നഗരങ്ങളായ മെസൈദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുഖാന്‍ സിറ്റി, അല്‍ ദായെന്‍ സിറ്റി, അല്‍ റയ്യാന്‍ സിറ്റി, റാസ് ലഫാന്‍ സിറ്റി, അല്‍ വക്ര സിറ്റി, അല്‍ ഷമാല്‍ സിറ്റി എന്നിവ 2008 മുതല്‍ 2017 വരെയുള്ള എല്ലാ വിഭാഗങ്ങളിലും വിജയിച്ചിട്ടുണ്ട്.