ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങള്‍ക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് കഴിഞ്ഞ ദിവസം ഒമാനിലെ മസ്‌കറ്റില്‍ നടന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സില്‍ ഏകകണ്ഠമായ അംഗീകാരം നല്‍കിയതിനാല്‍ ഈ സംവിധാനം 2024-25 ല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.
അതോടെ ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്കും അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാം.
ഇത് ഒരു പുതിയ നേട്ടമാണെന്നും ജിസിസി നേതാക്കളുടെ അടുത്ത സഹകരണത്തിന്റെയും മികച്ച നിര്‍ദ്ദേശങ്ങളുടെയും തെളിവാണെന്നും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വിശേഷിപ്പിച്ചു.
ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ ഇന്‍ട്രാ ഗള്‍ഫ് ടൂറിസം രംഗത്തും വ്യാപാര രംഗത്തും വമ്പിച്ച കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.