ഗസ്സയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടമാക്കുന്നതിനുള്ള എജ്യുക്കേഷന്‍ എബൗ ഓള്‍ ഫൗണ്ടേഷന്റെ മെമ്മോറിയല്‍ വാക്ക് നവംബര്‍ 24 ലേക്ക് മാറ്റി
അമാനുല്ല വടക്കാങ്ങര
ദോഹ: ഗസ്സയിലെ കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രകടമാക്കുന്നതിനുള്ള എജ്യുക്കേഷന്‍ എബൗ ഓള്‍ ഫൗണ്ടേഷന്റെ മെമ്മോറിയല്‍ വാക്ക് നവംബര്‍ 24 ലേക്ക് മാറ്റി . ഈ വാരാന്ത്യത്തില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്നാണിത്. നവംബര്‍ 17 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ എജ്യുക്കേഷന്‍ സിറ്റിയിലെ ഓക്സിജന്‍ പാര്‍ക്കില്‍ നടത്താനിരുന്ന
ചില്‍ഡ്രണ്‍ എബോവ് ഓള്‍ നവംബര്‍ 24 ന് ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 8 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
‘ചില്‍ഡ്രണ്‍ എബോവ് ഓള്‍ ‘,കുട്ടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന സവിശേഷ പരിപാടിയാണ്. വൈകുന്നേരം 4 മണിക്കും 7 മണിക്കും ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന രണ്ട് സ്മാരക നടത്തങ്ങള്‍, നിശബ്ദതയുടെ നിമിഷങ്ങള്‍, ഒരു കലാപ്രദര്‍ശനം, ഹൃദയസ്പര്‍ശിയായ റോസസ് മെമ്മോറിയല്‍ എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളും പ്രതിഫലനത്തിന്റെ ഗൗരവമേറിയ നിമിഷങ്ങളും ഉള്‍പ്പെടുന്നതാകും പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനുമായി വിവിധ കായിക വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ”ഈ ഇവന്റിലെ നിങ്ങളുടെ സാന്നിധ്യം ലക്ഷ്യത്തോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുക മാത്രമല്ല, ആവശ്യമുള്ളവരോടുള്ള ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായും വര്‍ത്തിക്കുമെന്ന്,”എജ്യുക്കേഷന്‍ എബോവ് ഓള്‍ (ഇഎഎ) ഫൗണ്ടേഷന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.