മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രവുമായി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മാപ്പിളപ്പാട്ട് രംഗത്തെ ശ്രദ്ധേയമായ സംഭാവനകളിലൂടെ അറിയപ്പെടുന്ന ഖത്തറിലെ മാപ്പിള കവി ജി.പി. കുഞ്ഞബ്ദുല്ല ചാലപ്പുറത്തിന്റെ പ്രഥമ കൃതി മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രമെന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രകാശിതമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മാപ്പിളപ്പാട്ടിന്റെ ആധികാരിക ചരിത്രം സുന്ദരമായ മാപ്പിളപ്പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന കൃതിയാണ് വചനം പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ടിന്‍ വര്‍ണചരിത്രം.
കേരളീയ കലകളുടെ കൂട്ടത്തില്‍ ഏറ്റവും ജനപ്രിയ കലാരൂപമായ മാപ്പിളപ്പാട്ടിന് നാദാപുരത്തിന്റെ അടയാളമായി ഒരേട് തുന്നിചേര്‍ത്തിരിക്കുകയാണ് ജി.പി.കുഞ്ഞബ്ദുല്ലയുടെ മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലളിതവും താളാത്മകവുമായ രീതിയില്‍ സമകാലിക സംഭവങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്ന കനപ്പെട്ട വരികളാണ് ജിപിയുടെ രചനകളുടെ സവിശേഷത. ഓരോ പാട്ടും ഒന്നിനൊന്ന് മെച്ചമെന്ന് തോന്നുന്ന നൂറ് കണക്കിന് പാട്ടുകളാണ് ഈ അനുഗ്രഹീത തൂലികയിലൂടെ പുറത്ത് വന്നത്. എം. കുഞ്ഞി മൂസ, റംല ബീഗം, എരഞ്ഞോളി മൂസ, നിലമ്പൂര്‍ ഷാജി, ഫിറോസ് ബാബു, ഐ.പി. സിദ്ധീഖ്, എം. എ. ഗഫൂര്‍, കണ്ണൂര്‍ ഷരീഫ്, താജുദ്ധീന്‍ വടകര, രഹ് ന, സിസിലി, സിബല്ല സദാനന്ദന്‍, കൊല്ലം നൌഷാദ്,തളിപ്പറമ്പ് റഷീദ്, ഖാലിദ് വടകര, മുഹമ്മദ് കുട്ടി അരീക്കോട് , ഖാദര്‍ കൊല്ലം, നവാസ് പാലേരി, അജയന്‍ (പട്ടുറുമാല്‍ ആദ്യ വിജയി), മണ്ണൂര്‍ പ്രകാശ്, സിന്ധു മോഹന്‍, സീനത്ത് വയനാട്, മുഹമ്മദ് കുട്ടി വയനാട്, ലിയാഖത്ത് വടകര, വണ്ടൂര്‍ ജലീല്‍, മശ്ഹൂദ് തങ്ങള്‍ തുടങ്ങി പഴയ തലമുറയിലേയും പുതിയ തലമുറയിലേയും അമ്പതോളം ഗായകര്‍ ജി.പി.യുടെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ജിപിയുടെ രചനകളില്‍ മാപ്പിളപ്പാട്ടാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട നൂറോളം ഗാനങ്ങളാണ് മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കമ്പി , കഴുത്ത് , വാല്‍ കമ്പി തുടങ്ങിയ സാങ്കേതിക സംജ്ഞകളില്‍ മാപ്പിളപ്പാട്ടിനെ തളച്ചിടാതെ സമകാലിക മനുഷ്യന്റെ സാമൂഹികവും സാംസ്‌കാരികവും വൈകാരികവും ധൈഷണികവുമായ വികാരങ്ങളും പ്രതിഫലിക്കുന്ന സര്‍ഗ ഭാവനയാണ് മാപ്പിളപ്പാട്ടിനെ നയിക്കേണ്ടത്. യാഥാസ്ഥിതികതയില്‍ നിന്നും മാപ്പിളപ്പാട്ട് മുക്തമാകണമെന്നും പുതിയ ആവിഷ്‌കാര വഴികള്‍ തേടണമെന്നുമാഗ്രഹിക്കുന്നവര്‍ക്കായാണ് ജിപി തന്റെ കന്നി പുസ്തകം സമര്‍പ്പിക്കുന്നത്.
ആത്മീയ പ്രശാന്തതയില്‍ അനുസ്മരിക്കപ്പെടുന്ന വികാര വിചാരങ്ങളുടെ മലരും മണവുമാണ് കവിത എന്ന നിര്‍വചനം അന്വര്‍ഥമാക്കുന്നവയാണ് ജിപിയുടെ രചനകളെന്നാണ് ടി.കെ.ഹംസ അവതാരികയില്‍ കുറിക്കുന്നത്. മാപ്പിളപ്പാട്ടില്‍ ഒരു ആധുനിക വീക്ഷണവും ശൈലിയും ജി.പിയുടെ രചനകളെ വ്യതിരിക്തമാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മാനവികതയുടെ സംസ്‌കാരത്തിനും വീക്ഷണത്തിനും അനുസരിച്ച് പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതാണ് ജിപിയുടെ ശൈലി. മാപ്പിളപ്പാട്ടിന്റെ ഉദയവികാസ പരിണാമങ്ങളെ മനോഹരമായി വരച്ചുകാട്ടുന്ന മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം ഗവേഷണാത്മക വിവരങ്ങളായും ഉയര്‍ന്നു നില്‍ക്കുന്നു. ഒന്നിനെയും അനുകരിക്കാതെയും എന്നാല്‍ ഒന്നിനേയും നിഷേധിക്കാതെയും മനസ്സിന്റെ ഈണം പാടി വിരിഞ്ഞുള്ള ഇശലുകള്‍ സഹൃദയ മനസുകളെ കോള്‍മയിര്‍കൊള്ളിക്കും.
ഞാന്‍ പാട്ടുകള്‍ എഴുതുകയായിരുന്നില്ല. അവ എന്നെ എഴുതുകയായിരുന്നുവെന്നാണ് തന്റെ പാട്ടുസഞ്ചാരത്തെക്കുറിച്ച് ജി.പി. പറയുന്നത്. താരാട്ടുപാട്ടുകളിലൂടെയാണ് സംഗീതത്തില്‍ ആകൃഷ്ടനായത്. നാദാപുരത്തെ മുട്ടും വിളിയും ബാന്‍ഡ് വാദ്യങ്ങളുമൊക്കെ തന്നില്‍ സംഗീതത്തോടുള്ള ആഭിമുഖ്യം വളര്‍ത്തി. മാപ്പിളപ്പാട്ടിനെ നെഞ്ചേറ്റിയ നാട്ടില്‍ പിറന്നതാണ് തന്റെ ഭാഗ്യമെന്നാണ് ജി.പി. പറയുന്നത്. നാദാപുരത്തും പരിസര പ്രദേശങ്ങളിലും മാപ്പിളപ്പാട്ടിന്റെ അകമ്പടിയില്ലാത്ത ആഘോഷങ്ങള്‍ വിരളമായിരുന്നു. കല്യാണ വീടുകളിലെ ഗ്രാമഫോണ്‍ മ്യൂസിക്കും ഗാനമേളയുമൊക്കെ ജി.പി. യെ ഏറെ പ്രചോദിപ്പിച്ചുവെന്നുവേണം കരുതാന്‍. കുട്ടിക്കാലം മുതലേ റമദാന്‍ മാസങ്ങളിലെ അത്താഴം മുട്ട് കലാകാരന്മാരുടെ പ്രകടനം കണ്ട് വളര്‍ന്നതാകാം കുഞ്ഞബ്ദുല്ലയുടെ കവിയെ തട്ടിയുണര്‍ത്തിയത്. ഹാര്‍മോണിയത്തിന്റെ മാസ്മരിക ശബ്ദവും പാട്ടിന്റെ വശ്യമനോഹരമായ രീതികളുമൊക്കെ അദ്ദേഹത്തെ ഹരം പിടിപ്പിച്ചു.
ഖത്തറിലെ ഒരു മെഹ്ഫിലില്‍ വെച്ച് ഖാലിദ് വടകരയെ കണ്ട് മുട്ടിയതാണ് പാട്ടെഴുത്തില്‍ സജീവമാകാന്‍ കാരണമായത്. ഇവര്‍ ഒരുമിച്ച് താമസം തുടങ്ങിയതോടെ തമസസ്ഥലത്തെ മിക്ക വാരാന്ത്യങ്ങളും
സംഗീതരാവുകളായി മാറി. ഗസലും ഖവാലിയും മാപ്പിളപ്പാട്ടുകളുമൊക്കെ ചേര്‍ന്ന സംഗീതവിരുന്നിലൂടെ ഭാവനയുടെ അതിരുകളില്ലാത്ത ലോകത്താണ് ജി.പി. സഞ്ചരിച്ചു തുടങ്ങിയത്. പതിവ് ഭക്തി , കല്യാണ , മദ്ഹ് , കത്ത് പാട്ടുകളില്‍ നിന്നുമാറി ഒരാഴ്ച സമയമെടുത്ത് കുത്തിക്കുറിച്ച വരികള്‍ പാടിക്കേട്ടപ്പോള്‍ മെഹ്ഫില്‍ സദസ്സ് അതേറ്റുപാടി സ്വീകരിച്ചു. ജി.പി.യിലെ കവിയുടെ ജനനം ദോഹയുടെ മെഹ് ഫില്‍ സദസ്സിന്റെ പശ്ചാത്തലത്തിലായിരുന്നു. ആദ്യമായിറക്കിയ കാസറ്റ് പതിനായിരക്കണക്കിന് പ്രതികള്‍ വിറ്റുപോയതോടെ ജിപി പാട്ടെഴുത്തില്‍ വര്‍ദ്ധിച്ച ആവേശത്തോടെ സജീവമായി.
പ്രവാസത്തിന്റെ വരണ്ട നിമിഷങ്ങളെ സംഗീത സാന്ദ്രമാക്കി ജീവിതം ആഘോഷിക്കുന്ന ഈ കലാകാരന്റെ അനുഗ്രഹീത തൂലികയിലൂടെ ഉതിര്‍ന്നുവീണ വരികള്‍ ഏതൊരാസ്വദകനേയും പിടിച്ചിരുത്തുവാന്‍ പോന്നതാണ്. പേരിനും പ്രശസ്തിക്കും പാട്ടും ആല്‍ബവുമിറക്കുന്നതിനോട് ഈ കലാകാരന് യോജിപ്പില്ല. തന്റെ പാട്ടിനെക്കുറിച്ചും സംഗീതത്തെക്കുറിച്ചും പാടുന്നവരെക്കുറിച്ചുമൊക്കെ കുറേ കണിശനിലപാടുകളാണ് ജി.പി.ക്കുള്ളത്. അതുകൊണ്ട് തന്നെയാകാം കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ഖത്തറിലുള്ള അദ്ദേഹം നാനൂറിലധികം മാപ്പിളപ്പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും വളരെ പരിമിതമായ പാട്ടുകളേ റിക്കോര്‍ഡ് ചെയ്തിട്ടുള്ളൂ.
പ്രവാസത്തിന്റെ തുടിപ്പുകളും മിടിപ്പുകളും വിഹ്വലതകളും തേങ്ങലുകളും ഇടനെഞ്ചില്‍ കൂടുകെട്ടിയ ഗൃഹാതുരത്വം അനുഭവിച്ചറിഞ്ഞ ജിപിക്ക് അവരുടെ ലോകത്തുനിന്നും മാറി നടക്കാനാവില്ല. അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ അത് ജിപിയെ തന്നെ അസ്ഥിരപ്പെടുത്തി കളയും. അതുകൊണ്ട് തന്നെ മാപ്പിളപ്പാട്ടിന്‍ വര്‍ണചരിത്രത്തിന്റെ പല ഭാഗങ്ങളിലും പ്രവാസത്തിന്റെ കണ്ണീരും പുഞ്ചിരിയും കാണാനാകും.
താന്‍ നിരന്തരം വ്യവഹരിക്കുന്ന മാപ്പിളപ്പാട്ട് ലോകത്തെ അതിന്റെ സര്‍വ വര്‍ണ ഭംഗിയോടെയും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം തനതായ മാപ്പിളപ്പാട്ടുകളെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് ഉത്തമമായ ഒരു പാഠപുസ്തകമാണ്. പാട്ടിന്റെ വൈവിധ്യമൂറുന്ന തരഭേതങ്ങളും വിശ്രുതരായ മാപ്പിളകവികളും അവരുടെ വിസ്താരമാര്‍ന്ന രചനാലോകവുമൊക്കെ ലളിത സുന്ദരമായ വരികളിലൂടെ ജിപി കുറിക്കുമ്പോള്‍ സഹൃദയ സമൂഹത്തിന് ഈ മഹത്തായ ചരിത്രത്തിന്റെ നേര്‍കാഴ്ചയാണ് സമ്മാനിക്കുക.
മാപ്പിളപ്പാട്ട് ലോകത്തെ ശ്രദ്ധേയരായ കവികളുമായും ഗവേഷകരുമായും പാട്ടുകാരുമായുമൊക്കെ ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തുന്ന ജിപി വളരെ മനോഹരമായാണ് മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മലയാളക്കരക്ക് സമ്മാനിച്ചിരിക്കുന്നത്. പ്രണയവും കാത്തിരിപ്പും വിരഹവും വിദൂരതയും സാമീപ്യവും കരുതലും സാമൂഹിക നീതിയും പോരാട്ടവും ചരിത്രവും കാല്‍പനികതയുമടങ്ങുന്ന മനുഷ്യരുടെ ജീവിത പരിസരങ്ങളുടെ പാട്ടാവിഷ്‌ക്കാരമാണ് മാപ്പിളപ്പാട്ടുകള്‍. ഈ ഗ്രന്ഥം അതടയാളപ്പെടുത്തുന്നുവെന്നാണ് പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ മാപ്പിളപ്പാട്ടിന്‍ വര്‍ണ ചരിത്രത്തെ വിലയിരുത്തിയത്.
പാട്ടെഴുത്തിന്റെ ചാലപ്പുറം വഴി എന്ന തലക്കെട്ടില്‍ പരേതനായ കവി എസ്.വി. ഉസ്മാന്‍ എഴുതുന്നു.
എഴുത്തിനപ്പുറത്തും ഈ കലാകാരന് മറ്റ് പാട്ടെഴുത്ത് കാര്‍ക്കില്ലാത്ത പ്രത്യേകതകളും അഹന്തയില്ലാത്ത ആകര്‍ഷമായ പെരുമാറ്റ രീതികളുമുണ്ട്. കേട്ടറിഞ്ഞവ്യക്തികളുടേയും, തനിക്കിഷ്ടമുളളവരുടേയും അവര്‍ ഏത് രംഗങ്ങളില്‍ വിഹരിക്കുന്നവരായാലും സൗഹൃദങ്ങള്‍ സ്വന്തമാക്കാന്‍ ഇദ്ദേഹത്തിന് ഒരു പ്രയാസവുമില്ല. അതിശക്തമായ സ്‌നേഹാധിക്യവും സൗമ്യമായ മന്ദസ്മിതവും പ്രസരിപ്പിച്ചു കൊണ്ട് നിഷ്‌കളങ്കമായ ഹൃദയ സാന്നിദ്ധ്യത്തോടെ ഒരു കൊടുങ്കാറ്റ്‌പോലെ പുതിയ സൗഹൃദങ്ങളിലേക്ക് പ്രവേശിക്കുന്ന ഇദ്ദേഹത്തിന്റെ സന്മനസ്സ് അഭിനന്ദനീയമായ ഒരു പ്രതിഭാസം തന്നെയാണ്. ഞങ്ങള്‍ക്കിടയിലെ സൗഹൃദത്തിനുമുണ്ട് ഈ പശ്ചാത്തല ഭംഗി മന:ശാസ്ത്ര സിദ്ധാന്തമനുസരിച്ച് സൗഹൃദങ്ങളോടുള്ള ഇത്തരം പരിചരണരീതി ശുദ്ധാത്മക്കള്‍ക്ക് മാത്രം ഭൂഷണമാണ്
ഒരു പക്ഷെ അനന്യസാധാരണമായ ഈ സവിശേഷതയാവാം ഏതിഷ്ടപരിസരങ്ങളേയും തുറസ്സുകളേയും സ്വന്തം എഴുത്ത് ജീവിതത്തോട് ചേര്‍ത്തു പിടിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്.
സ്‌നേഹസാന്ദ്രമായ മഹാമനസ്‌കതകൊണ്ടാണ് ഇദ്ദേഹം പുതിയ സൗഹൃദങ്ങള്‍ക്ക് തറക്കല്ലിടുന്നത്.
സ്വകാര്യ ചര്‍ച്ചകളില്‍ പ്രശ്‌നവല്‍ക്കരിക്കപ്പെടുന്ന നാനാതുറകളിലെ മൂല്യച്യുതി ഒരു കലാകാരനെന്ന നിലക്കുള്ള ഈ എഴുത്ത് കാരന്റെ ദു:ഖവും പ്രതിഷേധവും സ്വന്തം രചനകളില്‍ മുഴങ്ങുന്നത് വായനക്കാര്‍ക്ക് നേരിട്ടനുഭവിക്കാനാവും. മാത്രമല്ല മതത്തെ കുറിച്ചുള്ള ഏററവും നവീനവും നിത്യനൂതനുവുമായ കാഴ്ചപ്പാടുകള്‍ കൊണ്ട് സാഹിത്യ രംഗത്തെ ഉന്നതന്മാരെ പോലും ഇദ്ദേഹം നിഷ്പ്രഭരാക്കുന്നുണ്ട്.
മാപ്പിളപ്പാട്ടെഴുത്തുകാരില്‍ത്തന്നെ രണ്ടു ജനസ്സുകളുണ്ടെന്ന സത്യം പലര്‍ക്കും അജ്ഞാതമാണ്. ഒരുവിഭാഗം പാട്ടെഴുത്തു കൊണ്ട് ജീവിച്ചു പോവുമ്പോള്‍ മറുവിഭാഗം അവരുടെ നിരന്തരമായ പാട്ടെഴുത്തുകളിലൂടെ സര്‍ഗാത്മതയിലൂടെ മാപ്പിളപ്പാട്ടിന്റെ നിറസാന്നിദ്ധ്യം നിലനിര്‍ത്താന്‍ പാടുപെടുന്നവരാണ്. മാപ്പിളപ്പാട്ടിനെ ജീവിപ്പിക്കുന്നവര്‍ക്കിടയില്‍ മുന്‍പന്തിയില്‍ തന്നെയാണ് കുഞ്ഞബദുള്ള ചാലപ്പുറം എന്ന കലാകാരന്റെ ഇരിപ്പിടം. അത് കൊണ്ട് തന്നെയാവാം പുതുലാവണ്യബോധം കൊണ്ട് തിളക്കമാര്‍ന്ന പാട്ടെഴുത്തിലെ ഈചാലപ്പുറം വഴി വിജനമെങ്കിലും ശ്രേഷ്ഠമാവുന്നത്
ഉള്ളടക്കത്തിലെ വിസ്മയജനകമായ വൈവിധ്യങ്ങളാല്‍ മാപ്പിളപ്പാട്ട് രംഗത്ത് തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയാണ് ജിപി വ്യതിരിക്തനാകുന്നത്. നാനാതുറകളിലെ സര്‍വവിധ ചലനങ്ങളുടേയും പരിണാമ പരമ്പരകളുടേയും ആന്തരിക പ്രേരക ഘടകം മതവിശ്വാസ പ്രമാണങ്ങളും അവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തന രീതികളുമാണെന്ന അടിസ്ഥാന രഹിതവും അര്‍ഥരഹിതവുമായ നിലപാടുകളെ കുഞ്ഞബ്ദുല്ല ആര്‍ജവത്തോടെ തിരസ്‌ക്കരിക്കുന്നത് ഭൗതിക ശാസ്ത്രത്തിലെ വിസ്മയാവഹമായ കണ്ടുപിടുത്തങ്ങളേയും പരീക്ഷണ ഗവേഷണങ്ങളേയും പാട്ടെഴുത്തില്‍ ആവേശപൂര്‍വം പ്രകീര്‍ത്തിച്ചുകൊണ്ടാണ്. അനാദിമദ്ധ്യാന്തമായ പ്രാപഞ്ചിക പ്രതിഭാസങ്ങളെ നിയന്ത്രിക്കുകയും അനുക്ഷണം പ്രപഞ്ച ഘടനയെ നവചാരുതിയിലേക്കും അവസ്ഥാന്തരങ്ങളിലേക്കും അവധാനപൂര്‍വം പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥലകാലങ്ങളെക്കുറിച്ചുള്ള പൂര്‍വ്വികത സിദ്ധാന്തങ്ങളെ സക്രിയമായി തിരുത്തിക്കുറിച്ച വ്യഖ്യാത ശാസ്ത്രകാരന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും വൈദ്യുതിയുടെ കണ്ടെത്തലിലൂടെ മനുഷ്യ രാശിയുടെ ദൈനംദിന ജീവിതത്തില്‍ സ്വപ്‌നതുല്യമായ മാന്ത്രിക വെളിച്ചം പ്രസരിപ്പിച്ച എഡസന്റേയും സേവനങ്ങളെ കൃതജ്ഞതാപൂര്‍വം എഴുത്തിലേക്കാവാഹിക്കുന്ന അതേ നാരായണ മുനകൊണ്ട് തന്നെയാണ് മണവാട്ടി പെണ്ണിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യപ്പെരുമയെ അചുംബിതമായ ബിംബ കല്‍പനകളാല്‍ വര്‍ണ്ണിക്കുകയും പ്രവാസ ജീവിതത്തിന്റെ ഗൃഹാതുരമായ തീവ്ര വ്യഥകളേയും ഭൂമിയുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മനുഷ്യനിര്‍മിതമായ പാരിസ്ഥിക താളഭംഗങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയും ചെയ്യുന്നത് എന്ന വസ്തുത ഈ പാട്ടെഴുത്തുകാരന്റെ പ്രതിപാദ്യ വൈവിധ്യങ്ങളുടെ സവിശേഷതയാണ്
സാക്ഷര രാക്ഷസരായ മലയാളികളുടെ ജീവിത ശൈലികളില്‍ അര്‍ബുദം പോലെ പെരുകുന്ന മലിന പരിസരങ്ങള്‍ക്കുനേരെ കുഞ്ഞബ്ദുല്ല തന്റെ വാക്കിന്റെ കണ്ണാടി പ്രതിഷ്ഠിക്കുന്നതും രസകരമായ വായനാനുഭവമാണ് . ചുരുക്കത്തില്‍ , നമ്മുടെ സമകാലീന ചരിത്രപരിസരങ്ങളിലെ ഏത് സങ്കീര്‍ണമായ പ്രശ്‌നങ്ങളും നൈതിക പ്രതിസന്ധികളും നിരന്തരമായ ചലനങ്ങളും മാപ്പിളപ്പാട്ടിന് അന്യമല്ലെന്ന് ഈ പാട്ടെഴുത്തുകാരന്റെ രചനകള്‍ നമ്മെ ബോധ്യപ്പെടുത്തും.
വായനാ ശീലം കുറവായ, വെറും നാലാം ക്ലാസ് വിദ്യാഭ്യാസവും 44 വര്‍ഷത്തെ പ്രവാസവും മാത്രം കൈമുതലുള്ള ജി.പി. സൂക്ഷ്മ നിരീക്ഷണത്തിലൂടെയുള്ള വിഷയ ജ്ഞാനം കൊണ്ടു അത്ഭുതപ്പെടുത്തും ഈ മാലകളിലൂടെ.തീരുന്നില്ല, നാടക ഗാനങ്ങള്‍, അന്ധവിശ്വാസ-അനാചാര വിരുദ്ധ ഗാനങ്ങള്‍, സൗദി, ഖത്തര്‍, ദുബായ്, ഇന്ത്യ, നാട്ടുവിശേഷ ഗാനങ്ങള്‍, കോണ്‍ഗ്രസ്സിനും ലീഗിനും വേണ്ടി മാത്രമായുള്ള ഗാനങ്ങള്‍ തുടങ്ങി വൈവിധ്യങ്ങളായ ഗാനരചനയിലൂടെ തന്റെ സര്‍ഗവൈഭവം വെളിപ്പെടുത്തുന്ന കലാകാരനാണ് ജി.പി.
മായം, വിഷം കലര്‍ന്ന ഭക്ഷണ പദാര്‍ഥങ്ങള്‍, പ്രകൃതിയെയും വായു മണ്ഡലങ്ങളെയും ദുഷിപ്പിക്കുന്നതിനെതിരില്‍,സ്ത്രീധനം, മന്ത്രവാദം, സാമ്രാജത്വം, യുദ്ധ വിമാനം പോലെ പൊതുവേ ശ്രദ്ധിക്കപ്പെടാത്ത, എന്നാല്‍ ഓരോ മനുഷ്യനെയും നേരിട്ടു ബാധിക്കുന്ന വിഷയങ്ങളെയും അദ്ദേഹം തന്റെ തൂലികയില്‍ കൊണ്ടു വന്നിട്ടുണ്ട്. മരിച്ചവരുടെ ആത്മാക്കളുമായി നടത്തുന്ന സംഭാഷണ ഗാനം തികച്ചും വ്യത്യസ്തമായ ഒരു പരീക്ഷണമായിരുന്നു.ജീവിത ഗന്ധിയാണ് ഒട്ടു മിക്ക രചനകളും. ഒരു ജോലി എന്ന നിലയില്‍ ഒരൊറ്റ രചനയും നിര്‍വഹിച്ചില്ല. സര്‍ഗപ്രക്രിയയില്‍ നിന്നും ലഭിക്കുന്ന ആനന്ദ ലഹരിയാണ് എല്ലാ സൃഷ്ടികളുടേയും പ്രേരകം. ചെറിയ കാര്യങ്ങള്‍ സന്തോഷിപ്പിക്കുകയും ചെറിയ കാര്യങ്ങള്‍ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒരു പച്ചയായ മനുഷ്യന്‍ എന്ന നിലക്ക് ജി.പി. യുടെ ഓരോ വരിയും ജീവിത ഗന്ധിയാകുന്നതില്‍ അല്‍ഭുതമില്ല.