പത്തുവയസ്സിനുള്ളില്‍ 6 ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ രചിച്ച് ഒരു മലയാളി ബാലന്‍
അമാനുല്ല വടക്കാങ്ങര
10 വയസ്സിനുള്ളില്‍ 6 ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ രചിച്ച് ഖത്തറിലെ യംഗസ്റ്റ് ഓതര്‍ ആയി ശ്രദ്ധേയനായ ബാല പ്രതിഭയാണ് ബിര്‍ള പബ്ളിക് സ്‌കൂളിലെ അഞ്ചാം തരം വിദ്യാര്‍ഥി ജോയാക്കിം സനീഷ്. പുതിയ തലമുറയില്‍ എഴുത്തും വായനയും കുറയുന്നുവെന്നും വായനയുടെ അഭാവത്തില്‍ ഭാഷാകഴിവുകളില്‍ കുട്ടികള്‍ പിറകോട്ട് പോകുന്നുവെന്നും പരിതപിക്കുന്ന സമകാലിക സാഹചര്യത്തില്‍ ക്രിയാത്മക നടപടികളിലൂടെ ഏവരേയും വിസ്മയിപ്പിക്കുന്നതാണ് ജോയാക്കിം സനീഷ് എന്ന മിടുക്കന്‍.
നാല് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് കഴിഞ്ഞു. ബാക്കി രണ്ടെണ്ണം പ്രസിദ്ധീകരണത്തിന് റെഡിയാണ്.
ഇക്കഴിഞ്ഞ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവ വേദിയില്‍ താന്‍ നേരത്തെ ആമസോണില്‍ പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങള്‍ പ്രിന്റ് എഡിഷനായി പുനപ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ മലയാളി ബാലന്‍ സഹൃദയ സമൂഹത്തെ ഞെട്ടിച്ചത്. വിശാലമായ ഭാവനയും ഒഴുക്കുള്ള ഭാഷയും തന്നെയാകും ജോയാക്കിം സനീഷിന്റെ പുസ്തകങ്ങളുടെ ഏറ്റവും വലിയ സവിശേഷത.
ചെറുപ്രായത്തിലെ പുസ്തകങ്ങളുമായി പ്രണയത്തിലായ ജോയാക്കിം സനീഷ് കയ്യില്‍ കിട്ടുന്നതൊക്കെ വായിക്കുമായിരുന്നു. മകന്റെ വായനാശീലം തിരിച്ചറിഞ്ഞ അച്ഛന്‍ സനീഷ് തന്റെ ബിസിനസ്സ് യാത്രകളില്‍ നിന്ന് മടങ്ങിവരുമ്പോഴെല്ലാം പുതിയ പുസ്തകങ്ങള്‍ വാങ്ങി കൊണ്ടുവരുമായിരുന്നു. അച്ഛന്‍ വാങ്ങിക്കൊണ്ടുവരുന്ന പുസ്തകങ്ങളോരോന്നും മനോഹരമായി വായിച്ചുകൊടുത്ത് അമ്മ ആ കൊച്ചു ബാലനില്‍ വായന കൗതുകവും താല്‍പര്യവും വളര്‍ത്തി.
നിത്യവും ഉറങ്ങുന്നതിന് മുമ്പ് കഥകളും മറ്റും വായിക്കുന്ന ശീലം ക്രമേണ വളര്‍ന്നു. 3 വയസ്സുള്ളപ്പോള്‍ ജന്മദിന സമ്മാനമായി ലഭിച്ച കുട്ടികളുടെ ബൈബിള്‍ ജോയാക്കിമില്‍ വലിയ സ്വാധീനമുണ്ടാക്കി. ബൈബിളിലെ പല കഥകളും പറഞ്ഞുകൊടുത്ത അമ്മ വിശ്വാസ പരമായും ഭാവനാവിലാസത്തിലും ജോയാക്കിമിനെ വളര്‍ത്തി.
അമ്മ വായിച്ചുകേള്‍പ്പിച്ച കഥകള്‍ പലതും ചെറിയ പേപ്പര്‍ ബുക്ക്ലെറ്റുകളായി സമാഹരിക്കാന്‍ തുടങ്ങിയാണ് ജോയാക്കിം പുസ്തക രചനയെക്കുറിച്ച് ചിന്തിച്ചത്. ജോയാക്കിം ഉണ്ടാക്കുന്ന ബുക് ലെറ്റുകള്‍ അമ്മയില്‍ കൗതുകം ജനിപ്പിക്കുകയും അവര്‍ നിറഞ്ഞ മനസ്സോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ബൈബിള്‍ കഥകളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ജോയാക്കിം എഴുതിയ ആദ്യത്തെ ലഘുലേഖയുടെ പേര് ക്രിസ്തുവിന്റെ പാഷന്‍ എന്നായിരുന്നു. അന്ന് ലഭിച്ച പ്രോല്‍സാഹനവും പിന്തുണയുമാണ് ജോയാക്കിമിനെ ഒരു ഗ്രന്ഥകാരനാക്കിയത്.
തന്റെ ചെറുപ്രായത്തിലെ വായനയും എഴുത്തും സംബന്ധിച്ച് ജോയാക്കിം പറയുന്നതിങ്ങനെയാണ്. ‘മിക്ക കുട്ടികളേയും പോലെ ഞാനും വളര്‍ന്നത് ടിന്റീന്‍ വായിച്ചാണ്. യുവ റിപ്പോര്‍ട്ടറുടെയും നായയുടെയും സാഹസികത എന്നെ ആവേശഭരിതനാക്കി. അത്തരത്തില്‍ കഥകള്‍ പുനസൃഷ്ടിക്കണമെന്നും സ്വന്തമായി എന്തെങ്കിലും എഴുതണമെന്നുമൊക്കെയുള്ള അദമ്യമായ ആഗ്രഹവുമായി നടക്കുമ്പോഴാണ് സഹോദരി ഹന്ന കമ്പ്യൂട്ടറില്‍ അവളുടെ കഥകള്‍ എഴുതുന്നത് കണ്ടത്. തന്റെ മനസ്സിലുള്ള കഥകളും ആശയങ്ങളും ക്രമേണ കുത്തിക്കുറിക്കുവാന്‍ ജോയാക്കിമിന് അതൊരു പ്രചോദനമായി’.
കഥകള്‍ ജോയാക്കിമിനെ സ്വാധീനിച്ചതിനാല്‍ പല കഥാപാത്രങ്ങളെയും സ്വന്തമാക്കാന്‍ വാശി പിടിച്ചതായി മാതാപിതാക്കള്‍ അനുസ്മരിച്ചു. 1 മാസം പ്രായമുള്ള ലാബ്രഡോര്‍ റിട്രീവര്‍ ടക്കറിനെ വാങ്ങിച്ചുകൊടുത്താണ് മാതാപിതാക്കള്‍ കൊച്ചു ബാലനെ സമാധാനിപ്പിച്ചത്.
മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ബിര്‍ള പബ്ളിക് സ്‌കൂളിലെ ഇംഗ്ലീഷ് ടീച്ചര്‍, സുപ്രിയ സ്വന്തം സാഹസിക കഥ എഴുതുക എന്ന അസൈന്‍മെന്റ് ക്ലാസ്സിന് നല്‍കിയത് ഈ കൊച്ചുമിടുക്കനില്‍ വഴിത്തിരിവുണ്ടാക്കി. അന്ന് ജോയാക്കിം എഴുതിയ കഥ ഏറെ ഇഷ്ടപ്പെട്ട ടീച്ചര്‍ നിറഞ്ഞ മനസ്സോടെ ജോയാക്കിമിനെ പ്രോല്‍സാഹിപ്പിക്കുകയും ‘എനിക്ക് നിന്നില്‍ ഒരു യുവ എഴുത്തുകാരനെ കാണാന്‍ കഴിയുന്നുവെന്ന്’ ആശിര്‍വദിക്കുകയും ചെയ്തു. സുപ്രിയ ടീച്ചറുടെ സമയോചിതമായ മാര്‍ഗനിര്‍ദേശങ്ങളും പ്രോല്‍സാഹനങ്ങളും എട്ട് വയസുള്ള ജോയാക്കിമിനെ ആവേശ ഭരിതനാക്കി.
പരിശ്രമ ശാലിയായ ജോയാക്കിം അന്നു മുതല്‍ കൂടുതല്‍ ക്രിയാത്മകമായി മാറി. അങ്ങനെയാണ് The Adventures of Joachim and Tucker: The Getaway to America എന്ന തന്റെ ആദ്യ പുസ്തകം എഴുതാന്‍ തുടങ്ങിയത്. ഒരു മാസത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയാക്കി ആമസോണില്‍ 2020 സെപ്റ്റംബര്‍ 3-ന് പ്രസിദ്ധീകരണത്തിനായി സമര്‍പ്പിച്ചു. ആമസോണില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് സ്വന്തമായി വായിച്ചു മനസ്സിലാക്കിയാണ് കേവലം 8 വയസ്സുകാരനായ ജോയാക്കിം തന്റെ കന്നി പുസ്തകം പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ചത്.
2020 സെപ്റ്റംബര്‍ 5-ന്, തന്റെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു. ആദ്യ പുസ്തകം പ്രസിദ്ധീകരിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, രണ്ടാമത്തെ പുസ്തകമായ കരോള്‍സ് ബൈ മി, മൈസെല്‍ഫ് ആന്‍ഡ് ഐ എന്ന പുസ്തകത്തിന്റെ രചനയാരംഭിച്ചു. അത് 2020 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. അടുത്ത വര്‍ഷം 2021 ജനുവരിയില്‍, ദി അഡ്വഞ്ചേഴ്‌സ് ഓഫ് ജോയാക്കിം ആന്റ് ടക്കര്‍, ദി ക്വസ്റ്റ് അണ്ടര്‍സീസ് 2021 മെയ് മാസത്തിലും, പ്രസിദ്ധീകരിച്ചു. പിന്നീട് ദി അഡ്വഞ്ചേഴ്‌സ് ഓഫ് ജോയാക്കിം ആന്‍ഡ് ടക്കര്‍: ദി റണ്‍വേ ഇന്‍ ബെയ്ജിങ്ങ്, ഓണ്‍ ദി സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഇന്‍ റിമെംബ്രന്‍സ് ഓഫ് മി എന്നിവയും സാക്ഷാല്‍ക്കരിച്ചു.
എല്ലാ പുസ്തകങ്ങളും ആമസോണിലാണ് പ്രസിദ്ധീകരിച്ചത്. ആദ്യത്തെ നാല് പുസ്തകങ്ങള്‍ പ്രിന്റ് എഡിഷനായി 2023 നവംബര്‍ 12-ന് സൈകതം പബ്ലിക്കേഷന്‍സ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് വീണ്ടും പ്രസിദ്ധീകരിച്ചതിന്റെ ആവേശത്തിലാണ് ഈ കൊച്ചു മിടുക്കന്‍.
തന്റെ മാതാപിതാക്കളും സഹോദരിയും ഇംഗ്ലീഷ് ടീച്ചറുമാണ് തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തതെന്നാണ് ജോയാക്കിം പറയുന്നത്. തനിക്കും പ്രചോദനം ലഭിച്ചത് ടിന്റനില്‍ നിന്നാണ്. എല്ലാറ്റിനുമുപരിയായി, അത് ദൈവത്തിന്റെ കൃപയാണ്, വിശ്വാസ കാര്യങ്ങളില്‍ ഏറെ നിഷ്ടപുലര്‍ത്തുന്ന ഈ ബാലന്‍ പറയുന്നു.
സമൂഹത്തിന്റെ സാംസ്‌കാരികവും ധാര്‍മികവുമായ വളര്‍ച്ചാവികാസം ഉറപ്പ് വരുത്തുന്ന വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ഒരു സ്‌കൂള്‍ സ്ഥാപിക്കുകയും അവിടെ ഒരു അധ്യാപകനായി
സേവനമനുഷ്ടിക്കുകയെന്നതാണ് തന്റെ സ്വപ്‌നം എന്ന് ഈ കൊച്ചുബാലന്‍ പറയുമ്പോള്‍ അവന്റെ കാഴ്ചപ്പാടുകളും നിലപാടുകളും നമ്മെ വിസ്മയിപ്പിക്കും. ബൈബിളും സഭാ പുസ്തകങ്ങളും മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിലൂടെ സഭയ്ക്ക് സംഭാവന ചെയ്യാനും ജോയാക്കിമിന് മോഹമുണ്ട്.
കുടുംബവും കൂട്ടുകാരും എന്റെ രചനകളില്‍ ആശ്ചര്യപ്പെടുകയും അഭിമാനത്തോടെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തതാണ് കൂടുതല്‍ എഴുതാന്‍ പ്രചോദനമായതെന്ന് ഈ കൊച്ചു ഗ്രന്ഥകാരന്‍ ആവര്‍ത്തിക്കുന്നു.
ഒരു ഫാന്റസി നോവല്‍ സീരീസാണ് ജോയാക്കിമിന്റെ അടുത്ത പദ്ധതി. സീരിസിന്റെ പേര് തന്നെ ഒരു സര്‍പ്രൈസായിരിക്കും.
കൊച്ചി സ്വദേശിയായ ജോയാക്കിമിന്റെ പിതാവ് സനീഷ് ജോര്‍ജ് ഖത്തറില്‍ ബിസിനസ് കാരനാണ്. അമ്മ മെറിന്‍, സഹോദരി ഹന്ന എന്നിവരടങ്ങുന്നതാണ് ജോയാക്കിമിന്റെ കുടുംബം.