ദോഹ മെട്രോയില്‍ ഇതുവരെ സഞ്ചരിച്ചത് 14.5 കോടി യാത്രക്കാര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: 2019 മേയ് 8 ന് പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ ഡിസംബര്‍ 7 വരെ ദോഹ മെട്രോയില്‍ സഞ്ചരിച്ചത് 14.5 കോടി യാത്രക്കാര്‍. മികച്ച യാത്ര സൗകര്യമൊരുക്കുന്ന ദോഹ മെട്രോ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ആകര്‍ഷകമായ ഗതാഗത സംവിധാനമായി മാറിയതായാണ് റിപ്പോര്‍്ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിതമായ നിരക്കില്‍ സുരക്ഷിതമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെത്താന്‍ സഹായകമായ ദോഹ റെയില്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്തും ഖത്തറില്‍ നടക്കുന്ന വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങള്‍, സ്‌പോര്‍ട്‌സ് മല്‍സരങ്ങള്‍, വിനോദ പരിപാടികള്‍ എന്നീ സന്ദര്‍ഭങ്ങളിലൊക്കെ കാര്യക്ഷമമായ ഗതാഗത സംവിധാനമാണൊരുക്കുന്നത്. ലാ സിഗാലെ ഹോട്ടലില്‍ നടന്ന ഖത്തര്‍ റെയിലിന്റെ വാര്‍ഷിക ടൗണ്‍ ഹാള്‍ സ്റ്റാഫ് മീറ്റിങ്ങിലാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ഭാവിപദ്ധതികളും അവതരിപ്പിച്ചത്.
99.79 ശതമാനമാണ് ഉപഭോക്തൃ സംതൃപ്തി. അപകട ആവൃത്തി നിരക്ക് 0.01 ആണ്. ഈ വര്‍ഷം ഇതുവരെ എക്സ്പോ ദോഹ, ഖത്തര്‍ ഗ്രാന്‍ഡ് പ്രി, ജനീവ മോട്ടര്‍ ഷോ, അമീര്‍ കപ്പ്, എഎഫ്സി ചാംപ്യന്‍സ് ലീഗ് എന്നിങ്ങനെ നിരവധി പരിപാടികളിലേക്കുള്ള കാണികള്‍ക്കും ദോഹ മെട്രോയാണ് സുഗമയാത്ര ഒരുക്കിയത്. ഈ വര്‍ഷം ഏറ്റവുമധികം പേര്‍ സഞ്ചരിച്ചത് ഏപ്രില്‍ 24നാണ്; 2,34,525 പേര്‍. ഫിഫ ലോകകപ്പിലൂടെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും ദോഹ മെട്രോ തന്നെയായിരുന്നു ശ്രദ്ധേയ താരം. റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നിങ്ങനെ 3 ലൈനുകളിലായി 37 സ്റ്റേഷനുകളിലൂടെയാണ് മെട്രോ സര്‍വീസ് നടത്തുന്നത്. 2022 നവംബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെ കൃത്യതയുടെ കാര്യത്തില്‍ 99.96 ശതമാനവും സമയനിഷ്ഠയുടെ കാര്യത്തില്‍ 99.86 ശതമാനവും സേവന ലഭ്യതയില്‍ 99.98 ശതമാനവുമാണ് മെട്രോയുടെ റേറ്റിങ്. ഏറ്റവും മികച്ചതും സൗകര്യപ്രദവുമായ യാത്രാ മാര്‍ഗമായി തന്നെയാണ് 90 ശതമാനം പേരും ദോഹ മെട്രോയെ കാണുന്നത്.
അടുത്ത മാസം നടക്കുന്ന എ എഫ് സി ഏഷ്യന്‍ കപ്പിനും മിക്കവരുടേയും പ്രധാന ആശ്രയം മെട്രോ സര്‍വീസുകള്‍ തന്നെയായിരിക്കും.