ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ ഫോട്ടോഗ്രാഫി ദിനം ഇന്നും നാളെയും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഫോട്ടോഗ്രാഫി ദിനം ആഘോഷിക്കുന്നു. ഇന്നും നാളെയുമാണ് ഫോട്ടോ ഗ്രാഫി ദിന പരിപാടികള്‍ നടക്കുക. ഖത്തറിലെ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളെയും ഒരുമിപ്പിക്കുന്നതിനും ഫോട്ടോഗ്രാഫി കലയെ മെച്ചപ്പെടുത്തുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഫ്യൂജി ഫിലിം ഫോട്ടോഗ്രാഫറായ ഡാനി ഈദിന്റെ ‘ലാന്‍ഡ്സ്‌കേപ്പ് & സിറ്റിസ്‌കേപ്പ് ഫോട്ടോഗ്രാഫി’ എന്ന സെമിനാറോടെയാണ് പരിപാടി ആരംഭിക്കുന്നത്. കൂടാതെ, നിക്കോണ്‍ അംബാസഡറായ പ്രിയാന്‍ഷി നഹാറ്റയുടെ ”വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രഫി” വര്‍ക്ക്ഷോപ്പും, സോണി അംബാസഡര്‍ അബ്ദുള്ള അല്‍ മുഷൈഫ്രിയുടെ ”ട്രാവല്‍ ആന്‍ഡ് പോര്‍ട്രെയിറ്റ് ഫോട്ടോഗ്രാഫി” വര്‍ക്ക്ഷോപ്പും ഉണ്ടായിരിക്കും. അതിന് ശേഷം ഉദ്ഘാടന ചടങ്ങും അവാര്‍ഡ് ദാനവും നടക്കും.
”ഐസിസി ഫോട്ടോഗ്രാഫര്‍ ഓഫ് ദ ഇയര്‍” വിജയികളെയും 5000 റിയാല്‍ ക്യാഷ് പ്രൈസും ഉദ്ഘാടന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്ന് ഐസിസി പ്രസിഡന്റ്
മണികണ്ഠന്‍ എ.പി അറിയിച്ചു. ചീഫ് ജൂറി അബ്ദുള്ള അല്‍മെസ്ലേയാണ് വിജയികളെ പ്രഖ്യാപിക്കുക.
വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന 5 സൗജന്യ ഫോട്ടോഗ്രാഫി വര്‍ക്ക്ഷോപ്പുകള്‍, ഫോട്ടോഗ്രാഫി എക്സിബിഷന്‍, പ്രമുഖ ബ്രാന്‍ഡുകളുടെ ക്യാമറ-ലെന്‍സ് സൗജന്യ ക്ലീനിംഗ് സേവനങ്ങള്‍, പുതിയ ക്യാമറ മോഡലുകളെക്കുറിച്ച് അറിയാനുള്ള അവസരം, ലൈവ് ഷൂട്ടുകള്‍, ക്വിസ് മത്സരം, തുടങ്ങിയവയാണ് പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങള്‍. ഫോട്ടോഗ്രാഫിയുടെ വിവിധ വശങ്ങള്‍ പഠിക്കാന്‍ എല്ലാ ഫോട്ടോഗ്രാഫി പ്രേമികളും പരിപാടി പ്രയോജനപ്പെടുത്തണമെന്ന് ഐസിസി ഫോട്ടോഗ്രാഫി ക്ലബ് പ്രസിഡന്റ് വിഷ്ണു ഗോപാല്‍ അഭ്യര്‍ത്ഥിച്ചു.
ശനിയാഴ്ച വൈകുന്നേരം, ഫ്യൂജി ഫിലിം അംബാസഡര്‍ ആരെഫ് അല്‍-അമാരിയും, പ്രശസ്ത കാനന്‍ മെന്ററായ ഡയാന ഹദ്ദാദും ചേര്‍ന്ന് ‘ദ ആര്‍ട്ട് ഓഫ് ഫുഡ് ഫോട്ടോഗ്രാഫി’ എന്ന പേരില്‍ വര്‍ക്ക്ഷോപ്പ് നടത്തും. ഔട്ട്ഡോര്‍ പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫിയെക്കുറിച്ചുള്ള വര്‍ക്ക്ഷോപ്പും ഡയാന ഹദ്ദാദ് സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്‍കൂര്‍ രെജിസ്‌ട്രേഷന്‍ ആവശ്യമില്ല. താല്‍പര്യമുള്ളവര്‍ക്ക് പരിപാടിയില്‍ നേരിട്ടെത്തി രെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന വിജയിക്ക് 55 ഇഞ്ച് ടി.വി സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.