80 സൂചകങ്ങളുമായി ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം ആരംഭിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: റിയല്‍ എസ്റ്റേറ്റ് മേഖലയെക്കുറിച്ചുള്ള കൃത്യമായ തീയതിയും സ്ഥിതിവിവരക്കണക്കുകളും വാഗ്ദാനം ചെയ്യുന്ന ഖത്തറിന്റെ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം മുനിസിപ്പാലിറ്റി മന്ത്രാലയം ആരംഭിച്ചു. ഖത്തറില്‍ നടന്നുവരുന്ന എക്സ്പോ 2023 ദോഹയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ് പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു.ജസ്റ്റിസ് മന്ത്രി മസൂദ് ബിന്‍ മുഹമ്മദ് അല്‍ അമ്രി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായ് , മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്ലാറ്റ്ഫോമിനെക്കുറിച്ച് സംസാരിച്ച മുനിസിപ്പാലിറ്റി മന്ത്രി രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് സുതാര്യത കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ഇക്കാര്യത്തില്‍ പൊതു-സ്വകാര്യ മേഖലയുടെ വിവേകപൂര്‍ണ്ണമായ നേതൃത്വത്തിന്റെയും സഹകരണത്തിന്റെയും നിര്‍ദ്ദേശങ്ങളെ പ്രശംസിക്കുകയും ചെയ്തു.
റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോം പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തെ എല്ലാ പ്രസക്തമായ സംവിധാനങ്ങളുമായി പൂര്‍ണ്ണമായി ബന്ധിപ്പിച്ചുകൊണ്ട് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പങ്കാളികള്‍ക്കായി 80-ലധികം സൂചകങ്ങളുടെ വികസനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഏകീകൃത സെന്‍ട്രല്‍ പ്ലാറ്റ്ഫോമിനുള്ളില്‍ നിരവധി ഇന്ററാക്ടീവ് സ്‌ക്രീനുകളിലൂടെയാണ് സൂചകങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.