2023ല്‍ ഖത്തറിലെത്തിയത് മുപ്പത് ലക്ഷത്തിലധികം സന്ദര്‍ശകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2023ല്‍ മുപ്പത് ലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ ഖത്തറിലെത്തിയതായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് ബിന്‍ അലി അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച ദോഹയില്‍ നടന്ന അറബ് മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ ഫോര്‍ ടൂറിസത്തിന്റെ 26-ാമത് സെഷനിലെ ഉദ്ഘാടന പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഖത്തര്‍ ഒരു വ്യതിരിക്ത വിനോദസഞ്ചാര കേന്ദ്രമായി മാറിയെന്നും രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രദ്ധേയ പ്രധാന ആഗോള ഇവന്റുകളും ടൂര്‍ണമെന്റുകളും ഹോസ്റ്റുചെയ്യുന്നതിന്റെയും സംഘടിപ്പിക്കുന്നതിന്റെയും മികവ് ഖത്തറിലെ ടൂറിസം സാധ്യതകള്‍ക്ക് ആക്കം കൂട്ടിതായി അദ്ദേഹം പറഞ്ഞു.
ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഐതിഹാസിക വിജയം ഖത്തറിലെ ടൂറിസം മേഖലക്ക് കരുത്ത് പകര്‍ന്നു. സ്വിറ്റ്സര്‍ലന്‍ഡിന് പുറത്ത് ആദ്യമായി നടന്ന ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോ 2023, ലോക കപ്പ് ഓഫ് കൈറ്റ്ബോര്‍ഡിംഗ്, ഹോര്‍ട്ടികള്‍ച്ചറിനായുള്ള എക്സ്പോ 2023 ദോഹ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഇവന്റുകള്‍ ഖത്തറിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്കിന് ആക്കം കൂട്ടി.
ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമായ എഎഫ്സി ഏഷ്യന്‍ കപ്പ് 2023 ന് ആതിഥ്യമരുളുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഖത്തര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.
ഖത്തറിലെ ടൂറിസം മേഖലയില്‍ ലഭ്യമായ നിക്ഷേപ സാധ്യതകളും അദ്ദേഹം വെളിപ്പെടുത്തി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും സാമ്പത്തിക വളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ചാലകങ്ങളിലൊന്നാണ് ടൂറിസം. വിനോദസഞ്ചാര മേഖലയെ മെച്ചപ്പെടുത്തുന്നത് ഖത്തറിന്റെ ദേശീയ ദര്‍ശനം 2030-ലും ദേശീയ തന്ത്രത്തിലും മുന്‍ഗണന നല്‍കിയതായി അദ്ദേഹം പറഞ്ഞു.