‘സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ പരിപാടിക്കായി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് ഇരുപത്തിയേഴാരത്തിലധികം പേര്‍ ; 20 മില്യണ്‍ റിയാല്‍ സമാഹരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഗാസയില്‍ ക്രൂരമായ ഇസ്രായേല്‍ ആക്രമണത്തിന് വിധേയരാകുന്ന പാലസ്തീനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രാദേശിക സമൂഹത്തെ ദുരിതാശ്വാസ പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കാന്‍ ലക്ഷ്യമിട്ടും ഖത്തര്‍ ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്ത ഖത്തര്‍ അക്കാദമി ദോഹയിലെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന ‘സ്റ്റാന്‍ഡ് വിത്ത് പാലസ്തീന്‍’ പരിപാടിക്കായി എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് സ്വദേശികളും വിദേശികളുമടക്കം ഇരുപത്തിയേഴാരത്തിലധികം പേര്‍. സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തെ ജനസാഗരമാക്കിയപ്പോള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ചാരിറ്റബിള്‍ ഈവന്റുകളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലസ്തീന്‍’ ഫണ്ട് ശേഖരണ പരിപാടി ഗംഭീര വിജയമായി. ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഇന്നലെ സംഘടിപ്പിച്ച പരിപാടിയില്‍ 20 മില്യണ്‍ റിയാലാണ് സമാഹരിച്ചത്.
ചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ഷെയ്ഖ ഹിന്ദ് ബിന്‍ത് ഹമദ് അല്‍താനി, നിരവധി പ്രമുഖര്‍, വിശിഷ്ട വ്യക്തികള്‍, മന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിനെ സവിശേഷമാക്കി.
ഖത്തര്‍ അക്കാദമി, പലസ്തീനിയന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ രണ്ട് ടീമുകളായി പ്രാദേശിക, അന്തര്‍ദേശീയ കളിക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റോഡ്രിഗോ തബാത, യാക്കൂബ് ബുഷാഹ്രി, മുഹമ്മദ് സാദൂന്‍ അല്‍-കുവാരി, അലി അല്‍-ഹബ്സി, യാസിന്‍ ഇബ്രാഹിമി തുടങ്ങിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ എന്നിവരോടൊപ്പം ചേര്‍ന്ന ഫുട്‌ബോള്‍ മല്‍സരമായിരുന്നു പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. ഫ്‌ളഡ് ലിറ്റിന്റെ വെള്ളിവെളിച്ചത്തില്‍ ഇതിഹാസ താരങ്ങള്‍ കുട്ടികളോടൊപ്പം ഖത്തര്‍, പലസ്തീന്‍ എന്നിങ്ങനെ രണ്ട് ടീമുകളായി അണിനിരന്ന് പന്ത് തട്ടിയപ്പോള്‍ ഗാലറി ആര്‍ത്തുവിളിച്ചു, വീ സ്റ്റാന്‍ഡ് വിത് പാലസ്തീന്‍.
പലസ്തീനി തലപ്പാവും ദേശീയ പതാകയും ഷാളുകളും കൊണ്ട് നിറഞ്ഞ ഗാലറി ദുരിതമനുഭവിക്കുന്ന പാലസ്തീനിയന്‍ ജനതയോടുള്ള ഖത്തറിന്റെ മാനുഷിക സാഹോദ്യം ഉദ്‌ഘോഷിക്കുന്നതായിരുന്നു. ആവേശകരമായ സൗഹൃദ മല്‍സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.
ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പനയില്‍ നിന്നുള്ള വരുമാനം ഫലസ്തീനികളുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ടിക്കറ്റ് നിരക്കിനേക്കാള്‍ കൂടുതല്‍ സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി, ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഒരു പ്രത്യേക ഓണ്‍ലൈന്‍ ലിങ്ക് പുറത്തിറക്കി, അവിടെ ആളുകള്‍ക്ക് ഫലസ്തീനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഔദ്യോഗിക ചാനലുകളിലേക്ക് നേരിട്ട് സംഭാവന നല്‍കാനും സൗകര്യമൊരുക്കിയിരുന്നു.
സ്‌കൂള്‍ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടന്ന ചടങ്ങില്‍ ഖത്തര്‍ അക്കാദമി ദോഹയില്‍ നിന്നുള്ള നൂറിലധികം വിദ്യാര്‍ത്ഥികള്‍ വോളന്റിയര്‍മാരായി. ലോകകപ്പ് വോളണ്ടിയര്‍മാര്‍ക്ക് ലഭിച്ച പരിശീലനം പോലെ ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ വോളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.
കലാകാരന്‍മാരായ നാസര്‍ അല്‍-കുബൈസി, ദാനാ അല്‍-മീര്‍, നെസ്മ ഇമാദ്, ഹലാ അല്‍-ഇമാദി എന്നിവര്‍ അവതരിപ്പിച്ച ഫലസ്തീന്‍ തീം ഉപയോഗിച്ച് ‘പാലസ്തീന്‍ അറബ്’, ‘എന്റെ സ്വദേശം’ എന്നീ ഗാനങ്ങള്‍ ഗാലറിയിലെ ജനസഞ്ചയത്തെ ഇളക്കി മറിച്ചു.
പ്രകാശിത ഡ്രോണുകളുടെ പ്രദര്‍ശനവും മത്സരത്തിന്റെ പകുതി സമയത്ത് നടന്ന സമ്മാന നറുക്കെടുപ്പുകളും പരിപാടിയെ കൂടുതല്‍ ഹൃദ്യമാക്കി.