Uncategorized

ഖിഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് : ടി ജെ എസ് വി തൃശൂര്‍ ജേതാക്കള്‍


സുബൈര്‍ പന്തീരങ്കാവ്

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം (ഖിഫ് )സംഘടിപ്പിച്ച സിറ്റി എക്സ്ചേഞ്ച് – ഈസി റെമിറ്റ് അന്തര്‍ ജില്ലാ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അല്‍അഹ്ലി സ്റ്റേഡിയത്തിലെ 10000 ത്തിലധികം വരുന്ന കാണികളെ സാക്ഷിയാക്കി ഫ്രണ്ട്സ് ഓഫ് കോഴിക്കോടിനെ എതിരില്ലാത്ത 2 ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ടി ജെ എസ് വി തൃശൂര്‍ 14 മത് ഖിഫ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ജേതാക്കളായത്.

കളിയുടെ അന്‍പത്തി രണ്ടാം മിനിട്ടില്‍ ഇരുപത്തിരണ്ടാം നമ്പര്‍ താരം മൗസൂഫ് ആണ് തൃശൂരിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. എഴുപതാം മിനിട്ടില്‍ സാദിഖ് രണ്ടാമത്തെ ഗോള്‍ നേടിയതോടെ ടി ജെ എസ് വി തൃശൂര്‍ ജയമുറപ്പിക്കുകയായിരുന്നു. കപ്പില്‍ മുത്തമിടാതെ കഴിഞ്ഞ വര്‍ഷം ഗ്രൗണ്ടില്‍ നിന്നും മടങ്ങിയതിന്റെ എല്ലാ ക്ഷീണവും തീര്‍ത്താണ് ടി ജെ എസ് വി തൃശൂര്‍ സറ്റേഡിയം നിറഞ്ഞാടിയത്.
കോഴിക്കോട് പൊരുതി കളിച്ചെങ്കിലും ഗോള്‍ തിരിച്ചടിക്കാനായില്ല.

ഐ എസ് സി പ്രസിഡന്റ ഇ പി അബ്ദുറഹ്‌മാന്‍, സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ്, ഖിഫ് പ്രസിഡന്റ മുഹമ്മദ് ഈസ എന്നിവര്‍ ചേര്‍ന്ന് ഫൈനല്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു.

മത്സരത്തിന് മുമ്പ് നടന്ന ഉല്‍ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവസ് ബാവാ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മുഖ്യ പ്രായോജകരായ സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഓ ഷറഫ് പി ഹമീദ് ഉല്‍ഘാടനം നിര്‍വഹിച്ചു. ഖിഫ് പ്രസിഡന്റ് മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷമീന്‍ സ്വാഗതവും മുഹ്സിന്‍ നന്ദിയും പറഞ്ഞു. ഉത്ഘാടന ചടങ്ങിന് ശേഷം യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ (ഉമൈ) അവതരിപ്പിച്ച മനൊഹരമയ കരാട്ടെ, കളരി അഭ്യസങ്ങള്‍, ബ്ലാസ്റ്റേഴ്സ് സ്‌പോര്‍ട്‌സ് അക്കാഡമിയും എം ഇ എസ്, ഐഡിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അവതരിപ്പിച്ച വിവിധ കായിക പ്രകടനങ്ങള്‍ തുടങ്ങിയവ ഏറെ ആകര്‍ഷകമായി.

ഫൈനല്‍ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി കോഴിക്കോടിന്റെ മുഫീര്‍ തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂരിന്റെ മൗസൂഫ് ആണ്
ടൂര്‍ണ്ണമെന്റില്‍ കൂടുതല്‍ ഗോള്‍ നേടി ടോപ് സ്‌കോറര്‍ ആയത്. ഏറ്റവും നല്ല ഗോളിക്കുള്ള അവാര്‍ഡ് കോഴിക്കോടിന്റെ ഗോള്‍ കീപ്പര്‍ ഹര്ഷക് കരസ്ഥമാക്കി. ടൂര്‍ണമെന്റില്‍ ഏറ്റവും നല്ല കളിക്കാരനായി മലപ്പുറത്തിന്റെ ഫസ്ലുറഹ്‌മാന്‍ തിരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!