ഖത്തര്‍ ഹയ്യ വിസയുടെ കാലാവധി ഫെബ്രുവരി 24 വരെ നീട്ടി
അമാനുല്ല വടക്കാങ്ങര
ദോഹ: ഹയ്യ വിസയുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും വലിയ കായിക മത്സരങ്ങളിലും മറ്റ് ഇവന്റുകളിലും പങ്കെടുക്കുന്നതിനും അവരുടെ താമസത്തിനിടയില്‍ ആസ്വാദ്യകരമായ അനുഭവം ആസ്വദിക്കുന്നതിനും ലോകമെമ്പാടുമുള്ള ആരാധകരുടെയും സന്ദര്‍ശകരുടെയും വരവ് സുഗമമാക്കുന്നതിനാണിതെന്ന് മന്താലയം സോഷ്യല്‍ മീഡിയയില്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇന്റീരിയര്‍, ഹയ്യ പ്ലാറ്റ്ഫോമുമായി സഹകരിച്ച് 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ആരാധകര്‍ക്കായി ഹയ്യ വിസയുടെ സാധുത 2024 ഫെബ്രുവരി 24 വരെ നീട്ടുന്നതായി പ്രഖ്യാപിച്ചു.ഹയ്യ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കാണാവുന്ന ബാധകമായ വിസ നിയമങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസരിച്ചാണ് ഇതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
2024 ഫെബ്രുവരി 10 വരെയാണ് ഈ പ്രകാരം രാജ്യത്ത് പ്രവേശിക്കാനാവുക. നിലവില്‍ ഖത്തറിലുള്ളവര്‍ക്ക് ഫെബ്രുവരി 24 വരെ രാജ്യത്ത് തുടരാം.
ഖത്തറില്‍ നടന്ന ഫിഫ 2022 ലോക കപ്പിനോടനുബന്ധിച്ച് നടപ്പാക്കിയ ഹയ്യ വിസകള്‍ക്ക് 2023 ജനുവരി വരെയാണ് സാധുതയുണ്ടായിരുന്നത്. എന്നാല്‍ 2023 ജനുവരിയില്‍ വിസയുടെ കാലാവധി 2024 ജനുവരി 24 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. ഈ വിസയാണ് ഇപ്പോള്‍ ഫെബ്രുവരി 24 വരെ ദീര്‍ഘിപ്പിച്ചത്.