Uncategorized

കള്‍ച്ചറല്‍ ഫോറം ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു

ദോഹ :ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാതിപത്യ റിപ്പബ്ലിക്ക് എന്ന ആശയം ഉറപ്പാക്കാന്‍ ജാതി സെന്‍സസ് നടത്തണമെന്ന് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ആവശ്യപ്പെട്ടു. കേരളത്തില്‍ ജാതി സെന്‍സ് നടത്തണമെന്നും പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സദസ്സില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു ശതമാനം ആളുകളാണ് സമ്പത്തിന്റെ നാലാപത് ശതമാനം കൈവശം വെച്ചിരിക്കുന്നത് . ചെറിയ ശതമാനം ജനതയാണ് ജോലിയുടെ അറുപത് ശതമാനവും കൈവശം വെച്ചിരിക്കുന്നത്. ജാതി യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കാതെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളെ വിലയിരുത്താനാകില്ലെന്നും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യയെന്നത് എല്ലാ വിഭാഗങ്ങള്‍ക്കും എല്ലാ മേഖലയിലും തുല്യ പരിഗണന ലഭിക്കുന്നതാണെന്നും ഐക്യദാര്‍ഢ്യ സദസ്സ് അഭിപ്രായപ്പെട്ടു .

രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനും അതിന്റെ പരിഹാരത്തിനായുള്ള വഴികള്‍ തിരിച്ചറിയാനും വ്യത്യസ്ത ജാതികളിലെ ആളുകളുടെ സാമൂഹിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ സഹായകമാവും. ഇപ്പോള്‍ രാജ്യത്തു നടക്കുന്നത് സാമ്പിള്‍ സര്‍വ്വേകളാണ് . അധികാരവും വിഭവങ്ങളും ആരുടെ കൈകളിലാണെന്ന് തിരിച്ചറിയാനും അതിന്റെ നീതിയുക്തമായ പങ്കുവെപ്പിനും ജാതി സെന്‍സ് മാത്രമാണ് പരിഹാരമെന്നും കേരളത്തിലെ എയ്ഡഡ് മേഖല നിയമങ്ങള്‍ പി എസ് സിക്ക് വിടണമെന്നും , സര്‍ക്കാര്‍ സര്‍വീസില്‍ ആനുപാതിക പ്രാതിനിധ്യം നടപ്പിലാക്കണമെന്നും ഐക്യദാര്‍ഢ്യ സദസ്സില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു . ജാതി സെന്‍സസ് കേരളത്തില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങളെ പിന്തുണക്കണമെന്നും സദസ്സ് ആവശ്യപ്പെട്ടു .

ഐക്യദാര്‍ഢ്യ സദസ്സ് കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍. ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സാദിഖ് ചെന്നാടന്‍ മുഖ്യ പ്രഭാഷണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ ഓണ്‍ലൈനിലൂടെ സദസ്സിനെ അഭിസംബോധനം ചെയ്തു .ആര്‍ട്ടിസ്റ്റ് ബാസിത് ഖാന്റെ തത്സമയ പെയ്ന്റിംഗ്, രജീഷ് കരിന്തലക്കൂട്ടം, അക്ബര്‍ ചാവക്കാട്, കൃഷണന്‍, അനീസ് എടവണ്ണ തുടങ്ങിയവരുടെ ഐക്യദാര്‍ഢ്യ ഗാനങ്ങള്‍ എന്നിവ അരങ്ങേറി. കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡണ്ട് അനീസ് മാള സ്വാഗതവും ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!