എഴുത്ത് ഒരിക്കലും ഒരു ഭീരുവിന്റെ ജോലിയല്ല: ടി ഡി രാമകൃഷ്ണന്‍
ദോഹ. എന്തെഴുതണം തന്റെ കൃതികള്‍ എങ്ങിനെ വായിക്കപ്പെടണം എന്നീ കാര്യങ്ങളെക്കുറിച്ച് രചന നടത്തുന്നതിന് മുന്‍പെ തന്നെ എഴുത്തുകാരന് ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്.
എഴുത്ത് ഒരിക്കലും ഒരു ഭീരുവിനെ ജോലിയല്ല, ഒരു രചന നടന്നു കഴിഞ്ഞാല്‍ അത് പിന്നീട് അനുവാചകരുടെതാണ് . തുടര്‍ന്നു വരുന്ന പ്രതികരണങ്ങളും വിമര്‍ശനങ്ങളും അംഗീകരിക്കാന്‍ എഴുത്തുകാരന്‍ ബാധ്യസ്ഥനാണ്. ഒരു നോവലിന്റെ പണിപ്പുരയില്‍ ഇരിക്കുന്ന എഴുത്തുകാരന്‍ എഴുത്തിന് വേണ്ടി തിരഞ്ഞെടുത്ത തീമിനൊപ്പം സഞ്ചരിച്ച് മാനസീകമായി വേണ്ട തയ്യാറെടുപ്പുകള്‍ നടത്തുന്നത് രചനയുടെ ഗുണമേന്മക്ക് സഹായകമാകും.
ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, ഫ്രാന്‍സിസ് ഇട്ടിക്കോര, ആല്‍ഫ തുടങ്ങിയ വിഖ്യാത നോവലുകളുടെയും അനേകം മനോഹര ചെറുകഥകളുടേയും കര്‍ത്താവ് കൂടിയായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍.
എഴുത്തിന്റെ രസതന്ത്രത്തെകുറിച്ചും താന്‍ എഴുതി തുടങ്ങിയ രീതികളെക്കുറിച്ചും ലളിതമായി വിശദീകരിച്ചു കൊണ്ട് എഴുത്തുകാര്‍ക്ക് അനുഗുണമാകുന്ന അനേകം ടിപ്പുകള്‍ നിരത്തിയുള്ള അദ്ദേഹവുമായുള്ള സംവേദനം
സദസ്സിന് പുത്തന്‍ അനുഭവമായി.
സദസ്യരുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു.
പ്രസിഡണ്ട് ഡോ. സാബു കെ സി അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍
ഹുസൈന്‍ കടന്നമണ്ണ സ്വാഗതവും തന്‍സിം കുറ്റ്യാടി നന്ദിയും പറഞ്ഞു.