പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ വനിതാ സംഗമം
ദോഹ. പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ ലേഡീസ് വിംഗിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. ജനുവരി 12 ന് മിനാ പാര്‍ക്കില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 ഓളം പേര്‍ പങ്കെടുത്തു.
പരിപാടിയുടെ ഉത്ഘാടനം പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ഖത്തര്‍ വനിതാ ഘടകം പ്രസിഡന്റ് ഷൈനി കബീര്‍ നിര്‍വഹിച്ചു. ലോകകേരള സഭ അംഗം കൂടിയായ ഷൈനി കബീര്‍ സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് ഒരു സെഷന്‍ അവതരിപ്പിച്ച് സംസാരിച്ചു. ചടങ്ങിന് വനിതാ ഘടകം ജനറല്‍ സെക്രട്ടറി ഷബ്ന ബാദുഷ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷാഹിന ഖലീല്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.
എക്‌സിക്യൂട്ടീവ് അംഗം സഫിയ ഗഫൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷെല്‍ജി ബിജേഷ് നന്ദിയും പറഞ്ഞു.
പരിപാടിയുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്വിസ് , കുസൃതി ചോദ്യങ്ങള്‍ , ഇന്റലെക്ച്ചല്‍ സെഷന്‍, മിട്ടായി കളക്ഷന്‍ തുടങ്ങി നിരവധി മത്സരങ്ങളും അരങ്ങേറി. മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനദാനവും നടത്തി.
കഴിഞ്ഞ 2 ദശകങ്ങളായി പൊന്നാനി താലൂക്കിലെ പ്രവാസികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കി വിദ്യാഭ്യാസ സാമൂഹിക ആരോഗ്യ സാംസ്‌കാരിക ജീവകാരുണ്യ തൊഴില്‍ മേഖലകളില്‍ നിറസാന്നിധ്യമാണ് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ .
സ്ത്രീധനമെന്ന സാമൂഹ്യ തിന്മക്കെതിരെ നിരന്തരമായി പോരാടുന്ന പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ 10 ഘട്ടങ്ങളായി 85 ഓളം സ്ത്രീധന രഹിത വിവാഹങ്ങള്‍ നടത്തി നിര്‍ധന കുടുംബങ്ങളുടെ മംഗല്യ സാഫല്യം സാധ്യമാക്കി കൊടുത്തു. കൂടാതെ സ്ത്രീകള്‍ക്കായി സ്വാശ്രയ തൊഴില്‍ സംരംഭം വഴി ടൈലറിംഗ് ക്ലാസുകള്‍ , ഫാഷന്‍ ഡിസൈനിങ്, ഭക്ഷ്യോത്പാദന പദ്ധതി തുടങ്ങിയവയും കേന്ദ്ര വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്നു.
കൂടാതെ സാമൂഹിക സംരംഭകത്വ പദ്ധതി എന്ന നിലയില്‍ അംഗങ്ങളുടെ തന്നെ പങ്കാളിത്തത്തോടെ ഒരു വലിയ വ്യവസായ സംരംഭത്തിന് പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ തുടക്കം കുറിച്ചിരിക്കുകയാണ്. സ്വാശ്രയ മാള്‍ & പൊന്മാക്‌സ് ഹൈപ്പര്‍മാര്‍കെറ്റ് എന്ന പേരില്‍ താലൂക്കിലെ തന്നെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. സാമ്പത്തിക അഭിവൃദ്ധി സമൂഹത്തിലെ താഴെ തട്ടിലേക്ക് വികേന്ദ്രീകൃതമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ സംഘടനയിലെ ഏതൊരംഗത്തിനും ഇതില്‍ ഷെയര്‍ എടുക്കാവുന്നതാണ്.
ഖത്തറിലുള്ള പൊന്നാനി താലൂക്കിലെ എല്ലാ വനിതകളും പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷനില്‍ അംഗത്വം എടുത്ത് സമൂഹത്തിന്റെ നന്മയില്‍ പങ്കാളികളാവുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 50386042 ബന്ധപ്പെടുക