IM SpecialUncategorized

ആടിയും പാടിയും വേദികള്‍ കീഴടക്കി മേഘ്‌ന സുരേന്ദ്രന്റെ ജൈത്രയാത്ര


അമാനുല്ല വടക്കാങ്ങര

പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും ഗായികയും അവതാരികയുമായ മേഘ്‌ന സുരേന്ദ്രന്‍ പ്രവാസം ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന്റെ പ്രായോഗിക പാഠങ്ങളാണ് സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നത്. അവസരത്തിന്റെ ഔചിത്യം തിരിച്ചറിഞ്ഞ് സമയവും സന്ദര്‍ഭവും അനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കേ ജീവിതം മനോഹരമാക്കാനാവുകയുള്ളൂ. പാട്ടുകളും പരിപാടികളുമായി വേദികളില്‍ നിന്നും വേദികളിലേക്കുള്ള നിരന്തര യാത്രകളും തിരക്കുകളുമായി കഴിഞ്ഞിരുന്ന മേഘ് ന പ്രവാസിയായി ഖത്തറിലെത്തിയപ്പോഴാണ് സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഒരു മികച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായി മാറിയത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ലോകോത്തരങ്ങളായ പല ബ്രാന്‍ഡുകളുടേയും സോഷ്യല്‍ മീഡിയ പ്രമോഷനുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് ഈ നാദാപുരത്തു കാരി

മീഡിയ വണ്‍ പതിനാലാം രാവ് അവതാരികയായി ശ്രദ്ധേയയായ മേഘ്‌ന സുരേന്ദ്രന്‍ കേരളത്തിനകത്തും പുറത്തും ആടിയും പാടിയും വേദികള്‍ കീഴടക്കിയ ശേഷമാണ് ഖത്തറിലെത്തിയത്. കോവിഡ് കാലത്തിന്റെ ഭീകരമായ ഒറ്റപ്പെടലുകളും പൊതു പരിപാടികളുടെ അഭാവവും സോഷ്യല്‍ മീഡിയയെ കൂടുതല്‍ ശക്തമാക്കിയപ്പോള്‍ സവിശേഷമായ വീഡിയോകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയാണ് മേഘ്‌ന രംഗം കയ്യടക്കിയത്.

ബഹറൈന്‍ പ്രവാസിയായിരുന്ന സുരേന്ദ്രന്റേയും ഷീജയുടേയും സീമന്ത പുത്രിയായി ബഹറൈനിലാണ് മേഘ്‌ന ജനിച്ചത്. സംഗീതത്തോട് ആഭിമുഖ്യമുള്ള കുടുംബ പശ്ചാത്തലവും ഹിന്ദു സ്ഥാനി , കര്‍ണാടിക് സംഗീതങ്ങളോടുള്ള അച്ഛന്റെ താല്‍പര്യവുമൊക്കെ മേ ഘ്‌ന യിലെ സംഗീത അഭിരുചിക്ക് കളമൊരുക്കിയിരിക്കാം. കുട്ടിക്കാലം മുതലേ പാട്ടുകളോട് കമ്പമുണ്ടായിരുന്ന മേ ഘ്‌ന സ്‌കൂള്‍ കലോല്‍സവങ്ങളിലും മറ്റു മല്‍സരങ്ങളിലുമൊക്കെ തിളങ്ങിരുന്നെങ്കിലും സിബിഎസ്ഇ സ്‌കൂളിലായിരുന്നതിനാല്‍ സാധാരണ സ്‌കൂളുകളില്‍ നിന്നും ലഭിക്കുന്ന പ്രാധാന്യം ലഭിച്ചില്ല. എങ്കിലും പൊതുവേദികള്‍ കീഴടക്കി ഒരു കുട്ടി പാട്ടുകാരിയായി ഇന്ത്യക്കകത്തും പുറത്തും നടന്ന നിരവധി വേദികളില്‍ പാടാനും വിവിധ ഗാനമേളകളുടെ ഭാഗമാകാനും മേഘ് ന ക്ക് അവസരം ലഭിച്ചു. ജ്വല്ലറി വ്യാപാരിയായ അച്ഛനും കുടുംബവും സഹൃദയരായിരുന്നതിനാല്‍ എല്ലാവിധ പ്രോല്‍സാഹനവും നല്‍കി ഈ കലാകാരിയുടെ വളര്‍ച്ചക്ക് വഴിയൊരുക്കി.

അച്ഛന്‍ തന്നെയായിരുന്നു ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മേഘ്‌ന യുടെ ഏറ്റവും വലിയ മോട്ടിവേറ്റര്‍. നാട്ടിലായിരുന്നപ്പോഴും പ്രവാസ ലോകത്തെത്തിയപ്പോഴും അച്ഛന്റെ നിര്‍ദേശങ്ങള്‍ വിലമതിച്ചാണ് മേഘ്‌ന മുന്നോട്ടുപോകുന്നത്. എന്നും തന്റെ റോള്‍ മോഡല്‍ അച്ഛനാണെന്ന് അഭിമാനത്തോടെ പറയാനും മേഘ്‌ന ക്ക് സന്തോഷമാണ് .

മാഹി കലാ ഗ്രാമത്തിലെ ലാലു സുകുമാര്‍ എന്ന അധ്യാപകന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ച മേ ഘ്‌ന ആറാം ക്‌ളാസില്‍ തന്നെ അരങ്ങേറ്റം കുറിച്ചു. കൈരളി, അമൃത, ജയ് ഹിന്ദ് എന്നീ ടിവികളിലൊക്കെ വ്യത്യസ്ത ഷോകളുടെ ഭാഗമാവാന്‍ മേഘ് നക്ക് അവസരം ലഭിച്ചെങ്കിലും മീഡിയ വണ്‍ പതിനാലാം രാവിലൂടെയാണ് ഒരു മികച്ച അവതാരികയായി പെരെടുത്തത്.

കല്യാണ ദിവസം ഒരു പഴയ തമിഴ് പാട്ടിനൊത്ത് ചെയ്ത നൃത്തം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതാണ് സോഷ്യല്‍ മീഡിയയുടെ സ്വാധീനം ബോധ്യപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള നിരവധി പേരാണ് ആ വീഡിയോ ഇഷ്ടപ്പെട്ട് കമന്റുകളയച്ചത്. അങ്ങനെ മെല്ലെ മല്ലെ ഓരോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആയിരങ്ങളെ ആകര്‍ഷിച്ചപ്പോള്‍ പല കമ്പനികളും പ്രൊഡക്ടുകളും പ്രമോഷനുകളുമായി ബന്ധപ്പെട്ട് സമീപിക്കുകയായിരുന്നു. ക്രമേണ നാട്ടിലും മറു നാട്ടിലുമായി നൂറ് കണക്കിന് പ്രൊഡക്ടുകളുടെ ഫോട്ടോ ഷൂട്ടുകളിലും പ്രമോഷന്‍ കാമ്പയിനുകളിലും ബ്രാന്‍ഡിംഗുകളിലുമൊക്കെ ഭാഗമാകാന്‍ അവസരം ലഭിച്ചു.

ഫാഷന്‍ ആക്‌സസറികള്‍, ജ്വല്ലറി, ബൊട്ടീക് തുടങ്ങി മേഘ്‌ന കൈവെക്കാത്ത മേഖലകള്‍ കുറവാണ്. ലേഡീസ് ആക്‌സസറികള്‍ക്കായി സാരിയ എന്ന പേരില്‍ സ്വന്തമായ പേജ് തുടങ്ങിയ മേഘ് ന ഒരു സംരംഭക എന്ന നിലക്കും ഭാഗ്യ പരീക്ഷണം നടത്തുകയാണ് . സ്വന്തമായി മേനി ബൈ മേഘ്‌ന എന്ന പേരില്‍ ഒരു ക്‌ളോത്തിംഗ് ബ്രാന്‍ഡ് തുടങ്ങിയ മേഘ്‌ന നാട്ടിലും പ്രവാസ ലോകത്തും ബിസിനസിന്റെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കുകയാണ്. സ്വന്തമായൊരു സ്റ്റോര്‍ എന്നതാണ് മേഘ് ന യുടെ അടുത്ത സ്വപ്നം.

ടിക് ടോകിലും ഇന്‍സ്റ്റഗ്രാമിലും ഫേസ് ബുക്കിലുമൊക്കെ സജീവമായി സമയം പാഴാക്കാതെ സാമൂഹ്യ മാധ്യമങ്ങളെ എങ്ങനെ പ്രയോജനകരമായി ഉപയോഗപ്പെടുത്താമെന്നാണ് മേ ഘ്‌ന സുരേന്ദ്രനില്‍ നിന്നും നാം പഠിച്ചെടുക്കേണ്ടത്.

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തര്‍ പ്രവാസിയാണെങ്കിലും ഗായികയായും അവതാരികയുമായുമൊക്കെയുള്ള തന്റെ കഴിവുകള്‍ മേഘ്‌ന ഇതുവരെ പുറത്തെടുത്തിട്ടില്ല. കോവിഡാനന്തര ലോകത്ത് കലാ സാംസ്‌കാരിക പരിപാടികള്‍ സാര്‍വത്രികമാകുന്നതോടെ ഈ കലാകാരിയുടെ സജീവ സാന്നിധ്യം ഖത്തര്‍ വേദികളെ ധന്യമാക്കുമെന്നാണ് കരുതുന്നത്.

ഖത്തറിലെ പ്രശസ്തമായ സൂഖ് വാഖിഫിലെ ആര്‍ട്ടിസ്റ്റും ആര്‍ട് കോര്‍ഡിനേറ്ററുമായ രജീഷ് രവിയാണ് മേഘ് നയുടെ ഭര്‍ത്താവ്. ഇരുവരും ചേര്‍ന്നും പല പ്രമോഷന്‍ വീഡിയോകള്‍ അവതരിപ്പിക്കാറുണ്ട്.

Related Articles

Back to top button
error: Content is protected !!